ജനതാ കര്‍ഫ്യൂ: ഒപ്പം നിന്ന് കേരളം, വിജനമായി നാടും നഗരവും
തിരുവനനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണമായി സഹകരിച്ച് സംസ്ഥാനവും. ജനതാ കര്‍ഫ്യൂ തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നാടും നഗരവും നിശ്ചലമാണ്.
രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. കൊവിഡ് 19ന്റെ സമൂഹ വ്യാപനം തടയാന്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ജനത കര്‍ഫ്യു.
ബസുകളും ട്രെയിനുകളും ഇല്ലാതായതോടെ ഗതാഗത മേഖല നിലച്ചു.കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ആശുപത്രി ഉള്‍പ്പടെയുളള അവശ്യ സേവനങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നത്. ചില മെഡിക്കല്‍ സ്‌റ്റോറുകളും പെട്രോള്‍ പമ്പുകളും തുറന്നുകിടക്കുന്നുണ്ട്. വളരെ വിരളമായി ചില സ്വകാര്യവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളു.
തലസ്ഥാന നഗരത്തില്‍ പാളയം, സ്റ്റാച്യൂ, പുളിമൂട്, കിഴക്കേകോട്ട, സെക്രട്ടേറിയറ്റ് റോഡുകള്‍ വിജനമായിരിക്കുകയാണ്. കോഴിക്കോടും ജനത കര്‍ഫ്യൂവുമായി സഹകരിക്കുകയാണ്. ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനും ഉള്‍പ്പടെ ശൂന്യമാണ്. അങ്ങിങ്ങായി സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലുമായി 23പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതില്‍ 15പേര്‍ ബീച്ച് ആശുപത്രിയിലും എട്ടുപേര്‍ മെഡിക്കല്‍ കോളജിലുമാണ്.
തൃശ്ശൂരിലെ ജനങ്ങള്‍ ജനത കര്‍ഫ്യൂവിനോട് നിലവില്‍ അനുകൂലമായാണ് പ്രതികരിക്കുന്നത്. വാഹനങ്ങളൊന്നും തന്നെ പുറത്തിറങ്ങുന്നില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും അടച്ചിരിക്കുകയാണ്. പള്ളികള്‍ അടച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ കാഴ്ചയും വ്യത്യസ്തമല്ല.കോട്ടയവും സഹകരിക്കുന്നുണ്ട്. പല വിശ്വാസികളും ഓണ്‍ലൈന്‍ മാര്‍ഗം കുര്‍ബാനയില്‍ പങ്കെടുത്തു.
അതേ സമയം കടുത്ത നിയന്ത്രണങ്ങളുള്ള കാസര്‍കോട് അതീവ ജാഗ്രതയില്‍ തന്നെയാണ് തുടരുന്നത്.രാജ്യത്തെ മറ്റുസംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."