നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഫണ്ട് പ്രതീക്ഷയോടെ പൊന്നാനി സബ് രജിസ്ട്രാര്‍ ഓഫിസ്
പൊന്നാനി: സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ വകുപ്പിനു കീഴില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റി പുതിയ ഓഫിസിലേക്ക് മാറ്റാന്‍ ബജറ്റില്‍ 60 കോടി അനുവദിച്ചത്.
ഇതിലുള്‍പ്പെടുന്ന പൊന്നാനി കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫിസിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ഏത് നിമിഷവും തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നത് പതിറ്റാണ്ടുകളുടെ ആവശ്യമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കോടതി കെട്ടിടത്തിലാണ് സബ് രജിസ്ട്രാര്‍ ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ദ്രവിച്ചു വീഴാറായ മരപ്പലകകള്‍ കൊണ്ട് നിര്‍മിച്ച ഗോവണി കയറി വേണം ഓഫിസിലെത്താന്‍. ഇത് പ്രായമായവര്‍ക്കും രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വലിയ പ്രയാസമാവുകയാണ്. കൂടാതെ ഓഫിസിനകത്ത് നിന്ന് തിരിയാന്‍ ഇടമില്ലാത്ത സാഹചര്യമാണ്. ആധാരം രജിസ്‌ട്രേഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഓഫിസില്‍ കയറിയിറങ്ങുന്നത്. ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള ഫയലുകള്‍ ഓഫിസിനകത്തു തന്നെ കെട്ടി കിടക്കുകയാണ്. നശിച്ചു കൊണ്ടിരിക്കുന്ന ഫയലുകള്‍ ചാക്കുകളിലാക്കി ഒരു സുരക്ഷയുമില്ലാതെയാണ് ഗോവണിക്കു താഴെ കൂട്ടിയിട്ടിരിക്കുന്നത്.
കെട്ടിടത്തിന്റെ ഓട് തകര്‍ന്നത് യഥാസമയം മാറ്റി സ്ഥാപിക്കാത്തതിനാല്‍ മഴക്കാലത്ത് ഓഫിസിനകത്തിരുന്ന് ജോലി ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാണ് ജീവനക്കാരും. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഓഫിസ് മാറ്റി സ്ഥാപിക്കണമെന്ന് സബ് രജിസ്ട്രാര്‍ ഓഫിസ് അധികൃതര്‍ മേലുദ്യോഗസ്ഥര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നുവെങ്കിലും ഓഫിസ് മാറ്റുന്നതുമായ ഉത്തരവ് അനന്തമായി നീളുകയായിരുന്നു.
പൊന്നാനി മിനി സിവില്‍ സ്‌റ്റേഷനോട് ചേര്‍ന്ന കെട്ടിടം ഓഫിസിനായി കണ്ടെത്തിയിരുന്നെങ്കിലും ഉത്തരവ് വൈകിയതോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞില്ല. ഉത്തരവ് വന്നതോടെ ഇനിയെങ്കിലും ഓഫീസിന് നിലവിലെ കെട്ടിടത്തില്‍ നിന്നും ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."