അന്നമനട-മാള റോഡില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥ
മാള: അന്നമനട മാള റോഡില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. അന്നമനട മാള റോഡില്‍ 2018-2019 ല്‍ പത്തിലേറെ അപകട മരണങ്ങളാണ് നടന്നത്. അപകടത്തില്‍ പരുക്കേറ്റവരും ഏറെയാണ്.
ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച 15നും 30നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് വാഹനാപകടങ്ങളില്‍ മരിച്ചവരെല്ലാം. ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും മറ്റ് വാഹനങ്ങളിലും ഇടിച്ചാണ് അപകടങ്ങള്‍ സംഭവിച്ചത്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ആഴീക്കോട് സ്വദേശി 19വയസുള്ള മാള ഐ.ടി.ഐ വിദ്യാര്‍ഥി മരിച്ചതും ബൈക്ക് എതിരെ വന്ന ടിപ്പറില്‍ ഇടിച്ചാണ് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബൈക്ക് അമിത വേഗതയില്‍ ഓടിച്ചതാണ് അപകട മരണങ്ങള്‍ക്കിടയാക്കിയതെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അന്നമനട അമ്പലനടയില്‍ വച്ച് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 21കാരന്‍ വിദ്യാര്‍ഥി മരിച്ചിരുന്നു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസിന്റെ മകന്‍ ടിന്റു ടൈറ്റസാണ് 2018 മെയ് 29 ന് മരിച്ചത്. മേലഡൂരിലും വലിയപറമ്പിലും കോട്ടമുറിയിലും നിരവധി വാഹനാപകടങ്ങളും അപകടമരണങ്ങളും ഉണ്ടായിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിക്കുന്നവര്‍ തല്‍ക്ഷണം മരിക്കുന്ന സാഹചര്യമാണുള്ളത്. അമിത വേഗതയുള്ള ബൈക്കുകളോടുള്ള വിദ്യാര്‍ഥികളുടെ കമ്പം അപകടമരണങ്ങള്‍ക്ക് ഇടയാക്കുകയാണ്.
അപകട മരണങ്ങള്‍ക്കിടയാക്കുന്ന അമിത വേഗതയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം സ്‌കൂളുകള്‍ തോറും നടത്തുന്നത് ചെറുപ്രായത്തില്‍ ബൈക്ക് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത് തടയാന്‍ സഹായകമാകുമെന്നാണ് മനശാസ്ത്ര വിദഗ്ദരുടെ അഭിപ്രായം.
അതോടൊപ്പം അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുവാനുള്ള നടപടികള്‍ കാര്യക്ഷമമാക്കുകയും ചെയ്താല്‍ ഒരു പരിധി വരെ വാഹനാപകട മരണങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."