അന്നനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി; കനാല്‍ ശുചീകരണ പ്രവൃത്തിക്ക് തുടക്കം
ചാലക്കുടി: തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കനാല്‍ ശുചീകരിക്കുന്ന ശ്രമകരമായ പ്രവൃത്തികള്‍ ആരംഭിച്ചു. അന്നനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ബ്രാഞ്ച് കനാല്‍ ശുചീകരിക്കുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. ഇരുപത്തിയഞ്ചടിയോളം താഴ്ചയുള്ള കനാലിലാണ് സ്ത്രീകളടക്കമുള്ള 22 തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരണം നടത്തുന്നത്. ഒരാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാന്‍ മാത്രമുള്ള വീതിയേ കനാലിലുള്ളൂ. അതുകൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ടാണ് തൊഴിലാളികള്‍ പ്രവൃത്തികള്‍ ചെയ്യുന്നത്.
മേലൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തികള്‍ നേതൃത്വം നല്‍കുന്നത്. കനാലില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഗോവണി കനാലില്‍ ഇറക്കി വച്ച് അതിന്റെ പടികളില്‍ തൊഴിലാളികള്‍ ഇരുന്ന് മണ്ണ് നിറച്ച് കുട്ടകള്‍ കൈമാറിയാണ് മണ്ണ് പുറത്തേക്കെത്തിക്കുന്നത്. കനാല്‍ വൃത്തിയാക്കിയതിന് ശേഷം ഇതുവഴി വെള്ളം തുറന്ന് വിടും. ഈ വെള്ളം മണ്ടിക്കുന്ന് പാടശേഖരത്ത് വന്ന് നിറയും. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
ഇത്തവണ ജനുവരി മാസത്തോടെ തന്നെ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇപ്പോള്‍ തന്നെ കിണറുകളിലെ ജലവിതാനം ഗണ്യമായ തോതില്‍ താഴ്ന്നിട്ടുണ്ട്. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കൃഷിയെല്ലാം കരിഞ്ഞു തുടങ്ങി. വേനല്‍ കനത്താല്‍ കുടിവെള്ളം ലഭ്യമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഈ സാഹചര്യത്തിലാണ് കനാലിലൂടെ വെള്ളം തുറന്ന് വിട്ട് പാടശേഖരം നിറക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായാണ് കനാല്‍ ശുചീകരണം നടക്കുന്നത്. വര്‍ഷങ്ങളായി കനാല്‍ ശുചീകരിക്കാതെ കിടക്കുന്നതിനാല്‍ വലിയ തോതിലുള്ള മാലിന്യമാണ് ഇവിടെ അടിഞ്ഞ് കൂടിയിട്ടുള്ളത്. വീതി കുറഞ്ഞതും ആഴം കൂടുതലുമുള്ള കനാല്‍ വൃത്തിയാക്കാന്‍ ആരും തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഈ പ്രവൃത്തികള്‍ക്കായി രംഗത്തെത്തിയത്. കനാല്‍ ബണ്ട് റോഡില്‍ സുരക്ഷ ഭിത്തികളില്ലാത്തതിനെ തുടര്‍ന്ന് വന്‍ അപകട സാധ്യതയും ഇവിടെയുണ്ട്.
വീതികുറഞ്ഞ ബണ്ട് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അല്‍പമൊന്ന് പിഴച്ചാല്‍ ഇരുപത്തിയഞ്ചിലധികം താഴ്ചയുള്ള കനാലിലേക്കായിരിക്കും ചെന്ന് പതിക്കുക. രാത്രികാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതും അപകടങ്ങള്‍ക്ക് വഴിതെളിക്കും.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഇതു വഴി യാത്രചെയ്യുന്നത്. ഇവിടെ സംരക്ഷണ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."