ആരാധനകളും ആരോഗ്യപ്രശ്‌നങ്ങളും
ഇന്ന് ലോകമാകെ കൊവിഡ് - 19 ന്റെ മുന്‍പില്‍ വിറച്ചു നില്‍ക്കുകയാണ്. രോഗവ്യാപനം തടയാനുള്ള നിര്‍ദേശങ്ങളും മാര്‍ഗങ്ങളുമാണ് ആകെയുള്ള ചര്‍ച്ച. കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും ആരോഗ്യ വകുപ്പും എല്ലാം പ്രതിരോധ മേഖലയില്‍ സജീവമാണ്. ആളുകള്‍ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടും എന്നത് പകര്‍ച്ചവ്യാധിയെ സംബന്ധിച്ച് തര്‍ക്കമില്ലാത്ത കാര്യമാണ്. ആളുകള്‍ കൂടുന്ന എല്ലാ യോഗങ്ങളും സമ്മേളനങ്ങളും ആഘോഷങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള മുഴുവന്‍ സ്ഥാപനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. വീട്ടില്‍നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുതുതായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതൊക്കെ രോഗ വ്യാപനത്തിനെതിരില്‍ ചെയ്യേണ്ട കാര്യങ്ങളാണ്. പല രാജ്യങ്ങളിലും പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങളും പൂട്ടിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. രോഗവിവരത്തിന്റെ തീവ്രത അനുസരിച്ച് കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളാണവയെല്ലാം.
ആരാധനകള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ് മുസ്‌ലിംകളെ സംബന്ധിച്ച് അവരുടെ പള്ളിയും നിസ്‌കാരവും. മനുഷ്യര്‍ സ്രഷ്ട്ടാവിന്റെ മുന്‍പില്‍ സമര്‍പ്പിക്കുന്ന അതീവ വിധേയത്വമാണ് ആരാധന. അത് ഓരോ വ്യക്തിക്കും നിര്‍ബന്ധമായത്, സമൂഹത്തിന് നിര്‍ബന്ധമായത് ഇങ്ങനെ രണ്ടുതരമുണ്ട്. ദിനേനെയുള്ള അഞ്ചുനേരത്തെ നിസ്‌കാരം അത് ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. അത് വീട്ടിലോ പള്ളിയിലോ റോഡിലോ എവിടെവച്ചും ചെയ്യാവുന്നതാണ്. കൂട്ടമായിട്ടോ ഒറ്റക്കോ നിര്‍വഹിക്കാം. ഒരു മഹല്ലില്‍ അഥവാ പള്ളിയില്‍ കുറച്ച് ആളുകളെങ്കിലും ഒത്തുകൂടിയുള്ള ജമാഅത്ത് (കൂട്ട നിസ്‌കാരം) നടന്നിരിക്കണം. ഇതാണ് സാമൂഹ്യ ബാധ്യത (ഫര്‍ള് കിഫായ)എന്ന് പറയുന്നത്. ഇപ്പോള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം കുറഞ്ഞ കൂട്ടം കൊണ്ട് ഈ കടമ വീട്ടാവുന്നതാണ്. എങ്കിലും ജമാഅത്തിന്റെ മഹത്വവും വമ്പിച്ച പ്രതിഫലവും നാം കുറച്ചു കാണരുത്. എന്നാല്‍ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം ഓരോ വ്യക്തിക്കും ബാധ്യതയുള്ളതാണ്. കൂട്ടായി കൊണ്ടല്ലാതെ അത് നിര്‍വഹിക്കാന്‍ കഴിയാത്തതുകൊണ്ട് വളരെ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം നാം ഈ സാഹചര്യത്തില്‍ അത് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ജുമുഅ നിര്‍ബന്ധമില്ലാത്ത കുട്ടികള്‍, രോഗികള്‍ മുതലായവരെയും കൊറോണ സാധ്യതയുള്ള വിദേശ യാത്ര കഴിഞ്ഞു വന്നവരെയും പള്ളിയില്‍ വരുന്നതില്‍ നിന്ന് തടയാം. നബി (സ) പറഞ്ഞു: ജുമുഅ നിസ്‌കാരം എല്ലാ മുസ്‌ലിമിനും സംഘടിതമായി നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. നാല് വിഭാഗത്തിന് ഒഴികെ; അടിമകള്‍, സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരാണവര്‍ (അബൂദാവൂദ്).
'ഉള്ളി തിന്നവന്‍ പള്ളിയില്‍ ജമാഅത്തിന് വന്നപ്പോള്‍ നബി (സ)ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടു. നബി( സ)പറഞ്ഞു. ആ ചെടിയില്‍നിന്ന് ഭക്ഷിച്ചവന്‍ നമ്മുടെ പള്ളിയില്‍ വരാതെ വീട്ടില്‍ ഇരുന്നു കൊള്ളട്ടെ'. മനുഷ്യര്‍ക്ക് വിഷമമുണ്ടാക്കുന്ന ദുര്‍ഗന്ധം വമിക്കുന്നവരെ പോലും അകറ്റിയെങ്കില്‍ മഹാമാരിയുടെ സാധ്യതയുള്ളവരെ അകറ്റാം എന്നതില്‍ സംശയമില്ല തന്നെ. അതോടൊപ്പം തന്നെ നിസ്‌കാരത്തിന്റെയും ഖുതുബയുടെയും സമയം പരമാവധി കുറച്ചു കൊണ്ടും അകലം പാലിച്ചും പരസ്പര സ്പര്‍ശനം ഒഴിവാക്കിയും സ്വന്തം വിരിപ്പുകള്‍ ഉപയോഗിച്ചും വീടുകളില്‍നിന്ന് അംഗശുദ്ധി വരുത്തിയും മറ്റും സര്‍ക്കാറും വഖ്ഫ് ബോര്‍ഡും ആരോഗ്യവകുപ്പും നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാവരും പാലിക്കാന്‍ തയാറാകേണ്ടതാണ്. ചില രാജ്യങ്ങളില്‍ പള്ളികളും മറ്റും പൂട്ടി എന്നത് അവിടങ്ങളില്‍ രോഗം തീക്ഷണമായത് കൊണ്ടാണ്.കേരളത്തിലും ചില പട്ടണങ്ങളില്‍ പള്ളികള്‍ പൂട്ടിയിട്ടുണ്ട്. അവിടങ്ങളില്‍ ആരൊക്കെയാണ് വരുന്നത് പോകുന്നത് എന്ന് മനസിലാക്കാന്‍ പ്രയാസമായതിലാണ് ഈ നടപടി. നാട്ടുമ്പുറങ്ങളില്‍ പുറമേനിന്ന് ഒരാള്‍ വരാന്‍ ഇല്ലാത്തതുകൊണ്ടും പരസ്പരം അറിയുന്നവരായതിനാലും പരിപൂര്‍ണമായും അടക്കുന്നില്ല. എന്നാല്‍ ഗത്യന്തരമില്ലാത്ത ഘട്ടം വരികയാണെങ്കില്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) പൂട്ടേണ്ടി വന്നേക്കാം. അതിലൊന്നും വിശ്വാസികള്‍ പരിഭവിക്കേണ്ടതില്ല.
നബി (സ) തങ്ങള്‍ എല്ലാ കാര്യങ്ങളും നമുക്ക് വിശദീകരിച്ച് തന്നിട്ടുള്ളതാണ്. ശരീരത്തിനോ സമ്പത്തിനോ എന്തെങ്കിലും തരത്തില്‍ നാശം ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നവര്‍ക്കും ജുമുഅ, ജമാഅത്തുകളില്‍ പങ്കെടുക്കേണ്ടതില്ല. നബി(സ) പറഞ്ഞു. ആരെങ്കിലും ബാങ്ക് വിളി കേള്‍ക്കുകയും അകാരണമായി വിളിയോട് അനുകൂല പ്രതികരണം നടത്താതെ പോകുന്നവന്റെ നിസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല. സ്വഹാബികള്‍ ചോദിച്ചു; മതിയായ കാരണങ്ങള്‍ എന്തൊക്കെയാണ് തിരുദൂതരെ? നബി (സ) പറഞ്ഞു; ഭയവും രോഗവും ( അബൂ ദാവൂദ്).
നാട്ടില്‍ കൊവിഡ് പോലെയുള്ള മാരക രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് അറിയിപ്പ് ഉണ്ടാവുമ്പോള്‍ ജനം ഭയക്കും. അവിടങ്ങളില്‍ ജുമുഅ, ജമാഅത്തുകളില്‍ പങ്കെടുക്കണമെന്നില്ല. ഇതേ പ്രകാരം മഴ, ശക്തമായ തണുപ്പ്, ചളി പോലെയുള്ള വഴിയിലെ ദുര്‍ഘടമായ അവസ്ഥ എന്നിവ ജുമുഅ, ജമാഅത്ത് ഒഴിവാക്കുന്നതിനുള്ള തക്കതായ കാരണങ്ങളാണ് .
ഇബ്‌നു അബ്ബാസ് (റ) തന്റെ ബാങ്ക് വിളിക്കുന്ന ആളോട് വഴിയില്‍ ചളിയും വഴുതലും ഉണ്ടായ ഒരു വെള്ളിയാഴ്ച 'ഹയ്യ അല സ്വലാ' എന്നതിന് പകരം അസ്വലാത്തു ഫി രിഹാല്‍ ( നിസ്‌കാരം വീടുകളില്‍ നിന്ന്) എന്നു പറയാന്‍ കല്‍പിച്ചു. ഇതില്‍ അനിഷ്ടം തോന്നിയ സ്വഹാബികളോട് അദ്ദേഹം പറഞ്ഞു: എന്നെക്കാള്‍ ഉത്തമന്‍( മുഹമ്മദ് നബി) ഇപ്രകാരം ചെയ്തിട്ടുണ്ട്. ജുമുഅ ഒഴിച്ചു കൂടാനാവാത്ത നിര്‍ബന്ധമാണ്. പക്ഷെ നിങ്ങളെ ചളി ചവിട്ടിക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യവുമാണ്'.
ഇസ്‌ലാമിലെ ഒരു ആരാധനയും മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലല്ല. മനുഷ്യകഴിവിനുസരിച്ചുള്ളതല്ലാത്ത യാതൊന്നും അല്ലാഹു കല്‍പിക്കുകയില്ല എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. നിസ്‌കാരം നിന്ന് നിര്‍വഹിക്കേണ്ടതാണ്. എന്നാല്‍ നില്‍ക്കാന്‍ കഴിവില്ലാത്തവന് ഇരിക്കാം. ഇരിക്കാന്‍ കഴിയാത്തവന് കിടക്കാം. യാത്രക്കാരന് നാലു റക്അത്തുള്ള നിസ്‌കാരം രണ്ട് റക്അത്താക്കി ചുരുക്കാം. രണ്ട് നേരം നിര്‍വഹിക്കേണ്ട നിസ്‌കാരങ്ങള്‍ ജംആക്കി ഒരു സമയത്തു ചെയ്യാം. റമദാന്‍ വ്രതം യാത്രക്കാരനും രോഗിക്കും ഒഴിവാക്കാം. പകരം മറ്റു സൗകര്യമുള്ള അവസരത്തില്‍ ചെയ്താല്‍ മതി. വാര്‍ധക്യസഹജമായ രോഗിക്ക് നോമ്പിന് പകരം ധാന്യം ദാനം ചെയ്താല്‍ മതിയാകും. വുളു, കുളി എന്നിവക്ക് വെള്ളം ഉപയോഗിക്കാന്‍ പാടില്ല എന്ന് വിശ്വസ്തനായ വൈദ്യന്‍ നിര്‍ദേശിച്ചാല്‍ പകരം തയമ്മും ചെയ്യാം. ഇതു പ്രകാരം എല്ലാ കല്‍പനകള്‍ക്കും പ്രയാസ ഘട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ആരാധനയിലും പ്രാര്‍ഥനയിലും നമുക്ക് കൈവരിക്കാന്‍ കഴിയുന്ന ആത്മസംതൃപ്തിയും സമാധാനവും മറ്റെവിടെ നിന്നും ലഭിക്കില്ല എന്ന ബോധം നഷ്ടപ്പെട്ടുകൂടാ. പ്രത്യേകിച്ച് ഇത്തരം മാരക പരീക്ഷണ ഘട്ടങ്ങളില്‍ പടച്ചവന്‍ മാത്രമാണ് ശരണം എന്ന ബോധം നമ്മെ തണുപ്പിക്കാന്‍ ഉണ്ടാവണം. ആരാധനകള്‍ ഒറ്റയ്ക്ക് ചെയ്യാവുന്നത് ധാരാളമായുണ്ട്. ഉദാഹരണത്തിന് പാതിരാവില്‍ തഹജ്ജുദ് നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്ര്‍ സ്വലാത്തുകള്‍ ഇതൊക്കെ എവിടെ വച്ചുമാകാവുന്നതാണ്. അത്തരം ആരാധനകള്‍ പരമാവധി വര്‍ധിപ്പിച്ചു അല്ലാഹുവിന്റെ പ്രീതി നേടാന്‍ ശ്രമിക്കുക. രോഗപ്രതിരോധത്തിന് പ്രവാചകന്‍ (സ) യുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. ആരോഗ്യ സംരക്ഷണത്തിനും രോഗ വ്യാപനം തടയുന്നതിനും പൂര്‍ണമായും ആരോഗ്യവകുപ്പിനോടും സര്‍ക്കാറിനോടും സഹകരിക്കല്‍ നമ്മുടെ ബാധ്യതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."