ജനതാ കര്‍ഫ്യൂ തിരിച്ചടിച്ചോ?
പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ തിരിച്ചടിച്ചോ എന്ന സന്ദേഹം ഇപ്പോള്‍ പൊതുസമൂഹത്തിനുണ്ട്. ഒരു ദിവസം വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടാനും അന്നു നമുക്കുവേണ്ടി ജീവന്‍ പോലും തൃണവല്‍ഗണിച്ചു സേവനത്തിന്റെ പാതയില്‍ അവിരാമം സഞ്ചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും പൊലിസിനെയും മാധ്യമപ്രവര്‍ത്തകരെയും അഭിനന്ദിക്കാനെന്നവണ്ണം ബാല്‍ക്കണിയിലോ ജനലുകള്‍ക്കരികിലോ കൈകൊട്ടുകയോ പാത്രങ്ങള്‍ തമ്മില്‍ മുട്ടിച്ചു ശബ്ദമുണ്ടാക്കുകയോ ചെയ്യാനുമായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
പ്രധാനമന്ത്രിയുടെ ആഹ്വാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ അതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു.പ്രധാനമന്ത്രി ഉപയോഗിച്ച കര്‍ഫ്യൂ എന്ന വാക്കാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. കര്‍ഫ്യൂ എന്ന വാക്കിനെ പൊതുസമൂഹം ഭയത്തോടെയാണു കാണുന്നത്. ഇന്നലെ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ വരാനിരിക്കുന്ന അനിശ്ചിതകാല കര്‍ഫ്യൂവിന്റെ മുന്നോടിയാണെന്നു പലരും ഭയപ്പെട്ടു.
തുടര്‍ന്നു സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. അതുവരെ പൊതുസമൂഹം പാലിച്ച എല്ലാ ചിട്ടവട്ടങ്ങളും നിയന്ത്രണങ്ങളും പൊട്ടിച്ചെറിയുന്നതാണ് പിന്നീടു കണ്ടത്. വളരെ പെട്ടെന്നാണ് തെരുവുകള്‍ ജനനിബിഡമായത്. ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ തിക്കിത്തിരക്കുന്ന ദൃശ്യങ്ങള്‍ എവിടെയും കാണാമായിരുന്നു. പലചരക്കുകടകള്‍ക്കു മുന്നിലും പച്ചക്കറിക്കടകള്‍ക്കു മുന്നിലും അഭൂതപൂര്‍വമായ ജനക്കൂട്ടമാണുണ്ടായത്. കൊവിഡ്- 19 വാഹകര്‍ സഞ്ചരിക്കുകയും ഇടപഴകുകയും ചെയ്ത തെരുവുകളും ഹോട്ടലുകളും കടകളും ജനം ശനിയാഴ്ച വൈകുന്നേരം മുതല്‍ കീഴടക്കുകയായിരുന്നു.
പെരുന്നാള്‍ രാവും ഉത്രാടപ്പാച്ചിലും ഒന്നിച്ചു വന്നതുപോലെയാണ് കര്‍ഫ്യൂവിന്റെ തലേന്ന് വൈകുന്നേരത്തെ ജനങ്ങള്‍ ഏറ്റെടുത്തത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ അധികൃതര്‍ക്കും പൊലിസിനും നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ശനിയാഴ്ചയിലെ ജനക്കൂട്ടം ആര്‍ക്കൊക്കെ എന്തൊക്കെ അനര്‍ത്ഥങ്ങളാണു വരുത്തിവച്ചതെന്ന് 15 ദിവസത്തിനു ശേഷം മാത്രമേ നിര്‍ണയിക്കാനാവൂ.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വിജയകരമായി നിര്‍വഹിച്ച കൊവിഡ്- 19 വ്യാപനനിയന്ത്രണം പരാജയപ്പെടുത്തുന്നതായിരുന്നു ശനിയാഴ്ച തെരുവുകളിലുണ്ടായ ജനക്കൂട്ടം. രോഗത്തിന്റെ സമൂഹവ്യാപനത്തെ തടയുക എന്ന ലക്ഷ്യംവച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കഠിന പ്രയത്‌നം നടത്തിയിരുന്നത്. അതിനെയെല്ലാം പൊട്ടിച്ചെറിയുന്നതായിരുന്നു സമൂഹത്തില്‍ നിന്നുണ്ടായ പ്രവൃത്തികള്‍. ബ്രെയ്ക്ക് ദ ചെയ്ന്‍ മുദ്രാവാക്യമുയര്‍ത്തി രോഗവ്യാപനത്തിന്റെ കണ്ണികള്‍ മുറിക്കാന്‍ നടത്തിയ കൈകഴുകല്‍ യജ്ഞത്തെ കൂടി പരാജയപ്പെടുത്തുന്നതായിരുന്നു ശനിയാഴ്ച അങ്ങാടികളിലുണ്ടായ ആള്‍പ്പെരുപ്പം.
പ്രധാനമന്ത്രി ഉപയോഗിച്ച കര്‍ഫ്യൂ എന്ന വാക്കായിരിക്കാം ഒരുപക്ഷെ ഇത്തരമൊരു പ്രതികരണത്തിനു കാരണമായിട്ടുണ്ടാവുക. ആ വാക്കിനു പകരം ജനങ്ങള്‍ ഞായറാഴ്ച പുറത്തിറങ്ങരുതെന്നു പറഞ്ഞിരുന്നെങ്കില്‍ ഇനിയുള്ള ദിവസങ്ങളെയോര്‍ത്ത് ഇത്രമേല്‍ ഭയപ്പെടേണ്ടതില്ലായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറിയ അവസ്ഥയാണിപ്പോള്‍.
ഇതിനൊക്കെ പുറമെയാണ് ചില സെലിബ്രിറ്റികള്‍ സാധാരണക്കാരെ ലജ്ജിപ്പിക്കുംവിധം രോഗവാഹകരായി സമൂഹത്തില്‍ വിഹരിച്ചത്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് ബോളിവുഡ് ഗായിക കനിക കപൂര്‍ ചെയ്ത ദ്രോഹം. കോവിഡ്- 19 ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ കരുതലെടുക്കുന്നതില്‍ അവര്‍ വീഴ്ചവരുത്തി. മാത്രമല്ല പ്രമുഖരെ വിളിച്ചുവരുത്തി വിരുന്നും സംഘടിപ്പിച്ചു. ഈ വിരുന്നില്‍ പങ്കെടുത്ത രാജസ്ഥാന്‍ എം. പി രാഷ്ട്രപതിയുടെ വിരുന്നിലും പങ്കെടുത്തു. വിമാനത്താവളത്തില്‍ ഇവരെയാരെയും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കിയില്ല. വിമാനത്താവള അധികൃതരുടെ വീഴ്ച നിര്‍ബാധം തുടരുന്നുണ്ടെന്നര്‍ത്ഥം. കനിക വിമാനമിറങ്ങിയതിനു ശേഷം പോകാന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം പോയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനു ശേഷമായിരുന്നു അവര്‍ ഈ ദ്രോഹം ചെയ്തത്. അതുപോലെ തന്നെ വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയ രാജ്യസഭാംഗവും ബോക്‌സിങ് താരവുമായ മേരി കോമും വെറുതെയിരുന്നില്ല. ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ട അവര്‍ അതു പാലിക്കാതെ രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുത്തു. അതിന്റെ ഫലമായി രാഷ്ട്രപതിയും കൊവിഡ് പരിശോധനയ്ക്ക് വിധേയനായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാസര്‍കോടിനെ അടച്ചിട്ട ജില്ലയാക്കിമാറ്റിയത് ഒരു മനുഷ്യന്റെ ധിക്കാരപരമായ പെരുമാറ്റമാണ്. കാസര്‍കോട് സ്വദേശിയായ ഈ മനുഷ്യന്‍ ചെയ്ത പ്രവൃത്തി കാരണം രണ്ട് എം.എല്‍.എമാരടക്കം പലരുമിപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലതന്നെ നിശ്ചലമായ അവസ്ഥയിലാണ്. രോഗം സ്ഥിരീകരിച്ച ഇയാള്‍ കരിപ്പൂരില്‍ തങ്ങിയത് 36 മണിക്കൂറാണ്. തന്റെ സഞ്ചാരറൂട്ട് വിവരിക്കാന്‍ ഇയാള്‍ തയാറായിട്ടുമില്ല. എന്തൊക്കെയോ ദുരൂഹതകള്‍ ഇയാളെ ചുറ്റിപ്പറ്റിയുണ്ടെന്നു സംശയിക്കപ്പെടുന്നു.
കൊവിഡ്- 19ന്റെ സമൂഹവ്യാപനം തടയുക എന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് സര്‍ക്കാരുകള്‍ക്കു മുന്നിലുള്ളത്. എല്ലാ പഴുതുകളും അടച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ നിസ്സംഗതയോടെ സമീപിക്കുന്നവരെ, അവര്‍ ആരായിരുന്നാലും ജയിലിലടയ്ക്കുകയാണു വേണ്ടത്. അത്രയും വലിയ സാമൂഹിക കുറ്റമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് പ്രധാനമന്ത്രിയുടെ കര്‍ഫ്യൂ ആഹ്വാനത്തെ ജനങ്ങള്‍ ആഘോഷമാക്കിയതിന്റെ ഭീഷണിയും. അതിന്റെ അനന്തരഫലം ഇനി കണ്ടറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."