ഇച്ചമസ്താന്റെ വിരുത്തങ്ങള്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി കേരളത്തില്‍ ജീവിച്ച സ്വൂഫി ചിന്തകനായിരുന്നു ഇച്ചമസ്താന്‍ എന്ന് അറിയപ്പെട്ട അബ്ദുല്‍ഖാദിര്‍ മസ്താന്‍. കണ്ണൂര്‍ പട്ടണത്തിലെ ഒരു പാരമ്പര്യ മുസ്‌ലിം തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്. പിച്ചളപ്പാത്രങ്ങള്‍ കച്ചവടം ചെയ്തു ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്നു ജീവതത്തിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹം. അദ്ദേഹത്തിന്റെ പൂര്‍വികരും ആ തൊഴില്‍ ചെയ്തവരായിരുന്നു. എന്നാല്‍ പിച്ചളപ്പാത്ര കച്ചവടവുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തുമായി ധാരാളം സഞ്ചരിക്കേണ്ടിവന്നപ്പോള്‍ വിവിധ ആത്മീയ പണ്ഡിതന്മാര്‍, സന്ന്യാസിമാര്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങിയവരുമായൊക്കെ സമ്പര്‍ക്കമുണ്ടായി.
ഒരിക്കല്‍ ചെമ്പോലത്തകിടില്‍ എഴുതിയ ഒരു ചെന്തമിഴ് ലിഖിതം അദ്ദേഹത്തിന്റെ കൈവശം വന്നുചേര്‍ന്നു. ഇച്ച മസ്താനിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കം അതായിരുന്നു. ആ ലിഖിതം വായിക്കാനായി പലരെയും സമീപിച്ചെങ്കിലും ആര്‍ക്കുമതു വായിക്കാനായില്ല. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു താമസിച്ചിരുന്ന സ്വൂഫികളുമായി ബന്ധപ്പെടാനിടയായത് അങ്ങനെയാണ്. അറബിക്കവിതയായ 'അല്ലഫല്‍ അലിഫി'ന്റെ ചെന്തമിഴ് വ്യാഖ്യാനമായിരുന്നു അത്. സ്വൂഫിസത്തിലേക്കും അറബി, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം ചെന്തമിഴ് തുടങ്ങിയ എട്ടോളം ഭാഷകളിലേക്കും ഇച്ച മസ്താന്റെ ശ്രദ്ധതിരിയാന്‍ ആ ചെമ്പോലത്തകിട് വഴിയൊരുക്കി. പിന്നീടദ്ദേഹം ഈ ഭാഷകളെല്ലാം ഏതാണ്ടു മികച്ചരീതിയില്‍ത്തന്നെ സ്വായത്തമാക്കുകയും ഈ ഭാഷകളിലെ ആത്മീയ സാഹിത്യങ്ങള്‍ തേടിപ്പിടിച്ചു വായിക്കുകയും ചെയ്തു.
തൊള്ളായിരത്തി പത്തുകളില്‍ ശ്രീനാരായണഗുരുവുമായി ഇച്ചമസ്താന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അവര്‍ക്കിടയില്‍ ഗാഢമായ സൗഹൃദം തന്നെ നിലനിന്നിരുന്നു. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു ജീവിച്ചിരുന്ന സദഖതുല്ലാഹില്‍ ഖാഹിരിയുടെ ശിഷ്യന്മാരില്‍ നിന്നാണ് ഖാദിരിയ്യാ ത്വരീഖത്തില്‍ ആത്മീയ ശിക്ഷണം നേടിയത്. അവരാണ് 'ഇച്ച' അഥവാ ദൈവിക തീരുമാനം എന്ന പേരുതന്നെയും നല്‍കിയത്. പിന്നീട് ആത്മീയ സാധനയുടെ അത്യുന്നത പടവുകള്‍ കയറിയ അദ്ദേഹം അസാധാരണമായ ജീവിതമാണു നയിച്ചത്. കേവലം പിച്ചളപ്പാത്ര വില്‍പനക്കാരന്റെ കിറുക്കുകളായിരുന്നില്ല, ദൈവികജ്ഞാനത്തിന്റെ ഉന്നതികള്‍ കയറിയ ആത്മീയദാഹിയുടെ അസാധാരണത്തങ്ങളായിരുന്നു ഇച്ച മസ്താന്റെ ജീവിതത്തെ വേറിട്ടതാക്കിയത്. അപ്പോഴും തൊഴില്‍ എന്ന നിലയില്‍ അദ്ദേഹം പിച്ചളപ്പാത്ര കച്ചവടം തുടര്‍ന്നുകൊണ്ടിരുന്നു. വിവിധ ഭാഷകളിലെ ആത്മീയ ഗ്രന്ഥങ്ങളില്‍ നിന്നു കരസ്ഥമാക്കിയ ജ്ഞാനാംശങ്ങളും സ്വകീയഭാവനകളും കാല്‍പനിക രീതിയില്‍ ആത്മീയ ചിന്തകള്‍ അവതരിപ്പിക്കുന്ന തനതുശൈലിയും ഇടകലര്‍ത്തി ചില കാവ്യങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. പോകുന്നിടങ്ങളിലെ ചുമരുകളിലും, വഴിയില്‍ നിന്നു കിട്ടുന്ന കടലാസുകളിലുമൊക്കെയായിട്ടാണ് അവ എഴുതിയത്. ഗ്രന്ഥരൂപം നല്‍കുക എന്ന താല്‍പര്യമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇങ്ങനെ എഴുതിയ വരികളാണ് 'വിരുത്തങ്ങള്‍' എന്നറിയപ്പെട്ടത്. കാല്‍പനിക ഭാവനയും ദര്‍ശനവും കലര്‍ന്ന സവിശേഷ കവിതാവരികള്‍ എന്ന അര്‍ഥമാണു 'വിരുത്തം' എന്ന ചെന്തമിഴ് പദത്തിനുള്ളത്. പന്ത്രണ്ടായിരത്തോളം വിരുത്തങ്ങള്‍ ഇച്ചമസ്താന്‍ രചിച്ചിട്ടുണ്ടെന്നാണ് മുസ്‌ലിം സാംസ്‌കാരിക ഗവേഷകനായിരുന്ന തലശ്ശേരിയിലെ ഒ. അബു സാഹിബ് കണ്ടെത്തിയത്.
മലയാളം, തമിഴ്, ചെന്തമിഴ്, അറബി, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം എന്നിങ്ങനെ വിവിധ ഭാഷകളിലെ പദങ്ങള്‍ ഇടകലര്‍ന്നവയാണു വിരുത്തങ്ങളിലെ വരികള്‍. ഇച്ചയുടെ വിരുത്തങ്ങള്‍ കണ്ടെടുത്തു പ്രകാശിപ്പിച്ചത് ഒ. അബു സാഹിബാണ്. പല വിരുത്തങ്ങളിലും വരികളോ പദങ്ങളോ അക്ഷരങ്ങളോ ഒക്കെ നഷ്ടപ്പെട്ടു പോയതായാണ് അദ്ദേഹം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടു വരികളുടെയും മറ്റും അര്‍ഥവ്യാഖ്യാനം നിര്‍വഹിക്കുന്നതുപോലെ എളുപ്പത്തില്‍ വ്യാഖ്യാനത്തിനു വഴങ്ങുന്നവയല്ല വിരുത്തങ്ങളിലെ വരികള്‍. മനുഷ്യ സൃഷ്ടിപ്പ്, പ്രവാചകന്മാരുടെ ആത്മീയാനുഭവങ്ങള്‍, ഖുര്‍ആനിലെയും ഹദീസിലെയും തത്വങ്ങള്‍, ആത്മീയ ഗുരുക്കന്മാരുടെ അനുഭവങ്ങള്‍, മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട അലൗകിക കഥനങ്ങള്‍ എന്നിങ്ങനെ പല പല മേഖലകളിലൂടെ സഞ്ചരിക്കുന്നവയാണ് വിരുത്തങ്ങളിലെ വരികള്‍. അവയില്‍ ക്ഷിപ്രഗ്രാഹ്യങ്ങളല്ലാത്തവയാണു കൂടുതല്‍ വരികളും.
ഇച്ചമസ്താന്റെ വിരുത്തങ്ങള്‍ക്കു വ്യാഖ്യാനവും, ഇച്ചയുടെ സമ്പൂര്‍ണ ജീവചരിത്രവും പ്രസിദ്ധീകരിക്കാന്‍ ഒ. അബു സാഹിബിന് ഉദ്ദേശമുണ്ടായിരുന്നെങ്കിലും അതു നടക്കുകയുണ്ടായില്ല. 1980 മാര്‍ച്ച് 17ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. ഒ. അബു സാഹിബ് കണ്ടെടുത്ത വിരുത്തങ്ങള്‍ തൃശ്ശൂരിലെ ആമിനാ ബുക്സ്റ്റാള്‍ 1953 ജൂലൈയില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1965 നവംബറില്‍ ഇതില്‍ കൂടുതല്‍ വിരുത്തങ്ങള്‍ ചേര്‍ത്തു രണ്ടുഭാഗം ഉള്‍പ്പടെ പ്രസിദ്ധീകരിച്ചു. മൊത്തം ആറു പതിപ്പുകളാണ് 'ആമിന' പുറത്തിറക്കിയത്. 1997 ജൂണിലിറങ്ങിയ ആറാം പതിപ്പാണിതില്‍ അവസാനത്തേത്. 30 വിരുത്തങ്ങളും അറബി അക്ഷരമാലയിലെ 'അലിഫ് ' തൊട്ട് 'യാഅ് ' വരെയുള്ള ബുഖാരിമാലയും ഒന്നാം ഭാഗത്തിലുണ്ട്. രണ്ടാം ഭാഗത്തില്‍ 31 വിരുത്തങ്ങളും 'അലിഫ് ' മുതല്‍ 'യാഅ് ' വരെയുള്ള വലിയ ബുഖാരിമാലയുമാണുള്ളത്.
അജ്ഞാനത്തില്‍ നിന്നു തുടങ്ങിയ ജീവിതം ജ്ഞാനത്തിന്റെ സവിശേഷ മണ്ഡലങ്ങളില്‍ എത്തിയതിന്റെ മികച്ചൊരുദാഹരണമാണ് ഇച്ചമസ്താന്റെ ജീവിതം. അദ്ദേഹത്തിന്റെ കവിതകളായ വിരുത്തങ്ങളെ സവിശേഷമാക്കുന്നത് ആ ജ്ഞാനത്തിന്റെ ഗരിമ തന്നെയാണ്. തന്റേതായ ആത്മീയ നിലപാടുകളെയും വാദഗതികളെയും അംഗീകരിക്കാത്ത അദ്ദേഹത്തിന്റെ സമകാലിക സമൂഹം തനിക്കു നല്‍കിയ വിശേഷണങ്ങളെ അദ്ദേഹം അവഗണിക്കുന്നതു കാണാം:
''വേദം അറിയാത്ത മാപ്പിളക്കരെ
എന്നെ ഒഴിച്ചാടൊല്ലെ'' എന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ് (എട്ടാം വിരുത്തം- പേജ്: 15).
അപരിചിതത്വവും ഉള്‍ക്കൊള്ളലിന്റെ പരിമിതികളും ഇച്ചമസ്താന്റെ കവിതകളെ സധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി. എന്നാല്‍ വൈയക്തികമായി അദ്ദേഹം വിശ്വാസത്തിന്റെയും ആത്മീയതയുടെയും സവിശേഷ മണ്ഡലങ്ങള്‍ കീഴടക്കിയിരുന്നു. സ്രഷ്ടാവിനോടും പ്രവാചകനോടുമുള്ള സ്‌നേഹവും, വിശ്വാസ ജീവിതത്തില്‍ മുന്നേറാനുള്ള അദമ്യമായ ആഗ്രഹവുമാണ് ഇച്ചമസ്താന്‍ വൈയക്തികമായി നിലനിര്‍ത്തിയത്. അദ്ദേഹം എഴുതുന്നു:
''ഖാഫ് നൂന് കമാലിയത്ത്
ഖദം പിടിച്ച് മണക്കുവാന്‍
ഖാദിറായ മുഹമ്മദോട്
കരഞ്ഞ് നീണ്ട് കൊതിച്ച് ഞാന്‍
ആഫിയത്ത് തടിക്കും ഖല്‍ബിലും
ആക്കി ദീനിലെടുക്കുവാന്‍
ആദരക്കനി സയ്യിദീ ഹള്-
റത്ത് നല്ല മുഹമ്മദാ ''(പത്താം വിരുത്തം- പേജ് : 18).
വിരുത്തങ്ങളിലെ സവിശേഷമായ ഒരു കാഴ്ചയാണു വിവിധ ഖുര്‍ആന്‍ അധ്യായങ്ങളുടെ തുടക്കങ്ങളിലെ ഖണ്ഡിതാക്ഷരങ്ങളെ (ഹുറൂഫുല്‍ മുഖത്തആത്ത്) ആത്മീയാര്‍ഥ കല്‍പനകളില്‍ ഉപയോഗിക്കുകയെന്നത്. ഇവയില്‍ പലതും അലൗകികവും അസാധാരണവുമായ സവിശേഷ ജ്ഞാനത്തിന്റെ (ഇല്‍മുല്‍ലദുന്നിയ്യ) സൂചകങ്ങളാണെന്നാണ് ഇച്ചമസ്താന്റെ ഭാഷ്യം.
അറബി ഭാഷാപദങ്ങളെ മലയാള പദപ്രയോഗങ്ങളുമായി ചേര്‍ക്കുന്ന ശൈലി വിരുത്തങ്ങളില്‍ ധാരാളമാണ്. അറബിഭാഷയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ പരിചയത്തിന്റെ നിദര്‍ശനങ്ങളാണ് ഇത്തരം പല പ്രയോഗങ്ങളും...
''കറയറ്റ റഹ്മത്തില്‍
ഖുദ്‌റത്തി 'യെക്ഫീക്ക'
കോവില്‍ മറൈന്ത നഫ്‌സീ ''(ഭാഗം രണ്ട് പതിനാറാം വിരുത്തം പേജ്: 21).
ശരീരമാകുന്ന കെട്ടിടത്തെ മറന്നു ദൈവികമായ കാരുണ്യത്തിലും ശക്തിയിലും ആശ്രയം കണ്ടെത്തുവാന്‍ ആത്മാവിനെ നിര്‍ദേശിക്കുകയാണു വരികളുടെ താല്‍പര്യം. എന്നാല്‍ മതിയാകും എന്ന അര്‍ഥം ദ്യോതിപ്പിക്കാന്‍ 'യക്ഫീക'എന്ന അറബി ക്രിയാപദശൈലി കൊണ്ടുവന്നിരിക്കുന്നു. ഇത്തരത്തില്‍ അറബി, ഭൂത, വര്‍ത്തമാന, ഭാവി കാലക്രിയകളെ മലയാളം, തമിഴ്, ഉറുദു ഭാഷാ പദങ്ങളുടെ ഇടയില്‍ വിളക്കിച്ചേര്‍ക്കുന്ന ശൈലി വിരുത്തങ്ങളെ സവിശേഷമാക്കുന്നു.
മലയാള ഇതര ഭാഷകള്‍ മാത്രമായി ചിലപ്പോള്‍ ചില വരികള്‍ മാറുന്നതും കാണാം.
'' കഫാനാ കഫാനാ
ഗുനാ മത് കറോ സാഹിബ്
ഖാലൂ ബലാകെ തെരേ'' (ഭാഗം രണ്ട്പതിനേഴാം വിരുത്തം, പേജ്: 22).
ഇത്തരം വരികളുടെ കൃത്യമായ താല്‍പര്യം പലപ്പോഴും വ്യക്തമല്ല. എന്നാല്‍ സാന്ദര്‍ഭികവും ആത്മീയവുമായ അര്‍ഥകല്‍പന നല്‍കുകയെന്നതാണ് ഇത്തരം വരികളുടെ കാര്യത്തില്‍ ഒ. അബു സാഹിബ് സ്വീകരിച്ച യുക്തിപരമായ സമീപനം. അറബി-ഉര്‍ദു-പേര്‍ഷ്യന്‍ പദങ്ങള്‍ ഒന്നിക്കുന്നു ഈ വരികളിലും ഇത്തരം പലതിലും.
സ്വൂഫികളുടെ ആത്മീയ അവസ്ഥകളില്‍ ഒന്നായി തസ്വവ്വുഫിന്റെ കൃതികള്‍ പരിചയപ്പെടുത്തുന്ന 'ഫനാ'ഇനെ ദ്യോതിപ്പിക്കുന്ന ചില വരികള്‍ ഇപ്രകാരമാണ്:
''അദലില്‍ നിറുത്ത് തടി
അവനില്ല ഇവനില്ല
ഹയാത്തൊന്ന് റൂഹൊന്നെടാ''(വിരുത്തം-ഒന്ന് - ഭാഗം രണ്ട്).
എല്ലാ സൃഷ്ടികള്‍ക്കും മുന്‍പേ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ പ്രകാശത്തെ സൃഷ്ടിക്കുകയും ആദം നബി മുതലുള്ള പ്രവാചക പരമ്പരകളിലുടെ ആ പ്രകാശം കൈമാറിവരികയും ചെയ്തുവെന്ന ആശയത്തെ ഇപ്രകാരം ആവിഷ്‌കരിക്കുന്നു:
''മുന്നമെ മുന്നമൊ -
രുനുഖ്തക്ഷരം
മുന്നിലെ വെച്ച വെടി അത്
മിന്നിമിന്നിക്കളി-
ച്ചെണ്ടബൂആദമില്‍
മീമ് മുളച്ചതെടി '' (വിരുത്തം ഒന്ന്-പേജ് 8).
അലൗകികജ്ഞാനം മനുഷ്യര്‍ ജിന്നുകള്‍, മലക്കുകള്‍ എന്നിങ്ങനെ സൃഷ്ടികളുടെ പല രൂപങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നതിനെയാണ്
''അലാ മിസാല്‍ പല
കോലം ചമഞ്ഞതെടി
അറി ഇന്‍സ്ജിന്ന് മലകില്‍
ആറായിരം കരുവില്‍
നൂറായിരം കരുവും
ആറാറുടുത്ത ബടുവി'' (വിരുത്തം രണ്ട്-പേജ് 9) എന്ന വരികള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ സ്വൂഫികളില്‍ ചിലര്‍ ഹൈന്ദവ ദൈവ സങ്കല്‍പങ്ങളിലെ പരമോന്നത ഈശ്വര ഭാവനയെ സൂചിപ്പിക്കുന്ന ചില പദങ്ങള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു പദമാണ് 'ശിവന്‍'. സ്വൂഫികളുടെ ഭാഷയിലെ ശിവന്‍ ക്ഷേത്ര ഭക്തിസങ്കല്‍പത്തിലെ ശിവനല്ല. സാക്ഷാല്‍ പരംപൊരുളാണ്. ആ നിലക്കാണ് ഇച്ച മസ്താന്‍ ശിവന്‍ എന്ന പദം തന്റെ വിരുത്തങ്ങളില്‍ ഉപയോഗിക്കുന്നത്. താഴെ വരികള്‍ അത്തരത്തിലുള്ളവയാണ്.
''മീമെണ്ട കമ്പമെടാ
ശിവന്‍ വാഴും കായമെടാ'' (വിരുത്തം പന്ത്രണ്ട്-ഒന്നാം ഭാഗം).
''ആപത്തൊഴിന്ത് ഹ-
ലാക്കും വിടുന്ത് റ-
ഹ്മത്തില്‍ കൂട്ട് ശിവനേ''(വിരുത്തം പതിനാല്-ഒന്നാം ഭാഗം).
''ഹൂ എണ്ട താമരയില്‍
ഹാഹീധ്വനിത്തതിരി
ലെങ്കിത്തൊനിന്റെ ശിവനാ''(ഭാഗം രണ്ട് വിരുത്തം 26-പേജ് 29)
മനുഷ്യന്‍ മണ്ണിന്റെ ശില്‍പമാണെന്നും അവന്‍ നശ്വരന്‍ മാത്രമാണെന്നും പറയുന്നു:
''മണ്ണോട് മാഅ്
കൂട്ടിച്ചമയ്ത്ത
മര്‍ത്തബ ഇന്‍സാനല്ലോ'' (ഭാഗം രണ്ട് വിരുത്തം അഞ്ച്)
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) എല്ലാ പ്രവാചകന്മാര്‍ക്കും അനുഗ്രഹമായിരുന്നുവെന്ന യാഥാര്‍ഥ്യം പ്രവാചക ജീവിതത്തിന്റെ പ്രത്യക്ഷാനുഭവങ്ങളില്‍ നിന്നു തെളിയിക്കപ്പെടുന്നുവെന്ന ആശയമാണു താഴെ വരികളിലുള്ളത്:
''നബിമാരടങ്കലിലും
നിഅ്മത്ത് പെറ്റ നില
നിറവാക്കിത്തരും ഉറഫാല്‍'' (ഭാഗം രണ്ട്- വിരുത്തം 22).
അലൗകികമായ സ്‌നേഹത്തെ- സ്രഷ്ടാവിനോടുള്ള അദമ്യമായ അഭിനിവേശത്തെ-ആത്മാവിന്റെ ലഹരിയായി- നഫ്‌സിന്റെ മദിരയായി- ഇച്ചമസ്താന്‍ ചിത്രീകരിക്കുന്നു.
''ഹു എണ്ട ഉള്‍പ്പൊരുള്‍
ഇശ്‌ഖെന്ന മോസയതില്‍
ഊര്‍ന്നിപ്പടര്‍ന്ത കതിരം
ഹൂഹൂ എണ്ടെപ്പൊഴുതും
ഉപദേശ മന്തിരമെ
നഫ്‌സേ കുടിക്ക് മദിരം'' (ഒന്നാം ഭാഗം- 24-ാം വിരുത്തം).
ലൗകികവും അലൗകികവുമായ ജ്ഞാനങ്ങളെ ദൈവികമായ രഹസ്യത്തിന്റെ രണ്ടു ശിഖരങ്ങളായി വിഭാവന ചെയ്യുന്നു. 'സിര്‍റ് ' എന്നതില്‍ നിന്ന് ഉത്ഭവിക്കുകയും ദിവ്യാത്മാക്കളുടെ ജ്ഞാനം അതില്‍ നിന്നു പ്രത്യേക ആച്ഛാദനത്തോടെ വേര്‍പിരിയുകയും ചെയ്യുന്നുവെന്നാണു ഭാവന:
''സീനാല്‍ മുളച്ചമരം
സിത്‌റാല്‍ മആരിഫുടെ
സിര്‍റാകും രണ്ട് കവരം'' (വിരുത്തം നാല് ഒന്നാം ഭാഗം).
ഇച്ചയുടെ ആത്മീയ ഭാവനകളില്‍ മശാഇഖുമാര്‍ക്കും സവിശേഷമായ പരിഗണനകള്‍
കാണാം. പ്രത്യേകിച്ച് അദ്ദേഹം പിന്തുടര്‍ന്ന ഖാദിരിയ്യാ ത്വരീഖത്തിന്റെ പരമോന്നത ഗുരുവായ മുഹ്‌യിദ്ദീന്‍ ശൈഖിനെ പല വരികളിലും പരാമര്‍ശിക്കുന്നുണ്ട്:
''മുത്തില്‍ തെളിഞ്ഞവരെ
മകനാരെടോ അറിയോ ?
മുഹ്‌യിദ്ദീനെണ്ടതറിയോ ?''(വിരുത്തം- മൂന്ന്, ഒന്നാം ഭാഗം)
''മുത്തിലുള്ള പത്തെടുത്ത്
മുത്തിമുത്തിക്കൊള്ളടാ''(വിരുത്തം -അഞ്ച് ഒന്നാം ഭാഗം) എന്ന വരികളില്‍ പ്രവാചകന്‍(സ)യുടെ ശിഷ്യഗണങ്ങളിലെ സ്വര്‍ഗവാഗ്ദാനം നല്‍കപ്പെട്ട പത്തുപേര്‍(അഷ്‌റതുല്‍ മുബഷ്ഷിരീന്‍) ആണു സൂചിപ്പിക്കപ്പെടുന്നത്.
ഇങ്ങനെ ഇസ്‌ലാമിക ആത്മീയ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്നു ഇച്ചയുടെ വിരുത്തങ്ങള്‍. ചരിത്രവും ആത്മജ്ഞാനവും ആന്തരിക ജ്ഞാനങ്ങളും സ്വൂഫികളുടെ മനോഭാവങ്ങളും വേദാധ്യാപനങ്ങളുടെ പരോക്ഷാശയങ്ങളും ആത്മീയ ഗുരുക്കന്മാരുടെ അവസ്ഥകളും അദ്ദേഹത്തിന്റെ വരികളില്‍ കടന്നുവരുന്നു. കൃത്യമായ വ്യാഖ്യാനം ഇവ എഴുതിയ ആത്മജ്ഞാനിയില്‍ നിന്നു തന്നെ നേരിട്ടു ലഭ്യമായിട്ടില്ല എന്ന പരിമിതിയാണ് ഇച്ചയുടെ വിരുത്തങ്ങളെ ജ്ഞാനോപാസകരില്‍ നിന്നകറ്റിനിര്‍ത്തിയ ഒരു ഘടകം. വിരുത്തങ്ങള്‍ക്കു വ്യാഖ്യാനമെഴുതാന്‍ ഒ. അബു സാഹിബ് നടത്തിയ ശ്രമങ്ങളുടെ ഫലം ഒട്ടും ലഭ്യമാവുകയുമുണ്ടായില്ല. അബു സാഹിബിന്റെ അപ്രകാശിത രചനകളുടെ കൂട്ടത്തിലെവിടെയോ ആശ്രമങ്ങള്‍ മറഞ്ഞു കിടപ്പുണ്ടാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."