HOME
DETAILS
MAL
147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു
backup
March 23 2020 | 04:03 AM
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചു. ഇവരിലൂടെ മറ്റാര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാര്‍പ്പിക്കുന്നത്.
ഇപ്പോള്‍ കുറച്ചു പേര്‍ മാത്രമാണ് കൊറോണ കെയര്‍ സെന്ററുകളിലുള്ളത്. എന്നാല്‍ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാല്‍ ഐസൊലേഷന്‍ സൗകര്യത്തിനായാണ് കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
21, 866 പേരെ ഒരേസമയം ഈ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കാനാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സംവിധാനങ്ങള്‍ക്ക് സഹായവുമായി എത്തിയിട്ടുണ്ട്.
കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങളായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു.
50 സര്‍ക്കാര്‍ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു.
71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു.
ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ ആയിരത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനാലും ആരോഗ്യ വകുപ്പിന് പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് എട്ടിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയാറാക്കിയത്. ജനജാഗ്രത തുടര്‍ന്ന് സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിയുകയാണെങ്കില്‍ പ്ലാന്‍ ബിയില്‍ തന്നെ പിടിച്ച് നില്‍ക്കാനാണ് വകുപ്പിന്റെ തീരുമാനം. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ചുവന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും.
81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐ.സി.യു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."