HOME
DETAILS
MAL
പ്രതിരോധത്തിന് അങ്കണവാടി കാംപയിന്
backup
March 23 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് -19 ബോധവല്‍ക്കരണത്തിനും വിവരശേഖരണത്തിനും 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പേരില്‍ ഒരു കാംപയിന് സംഘടിപ്പിക്കുന്നു. വനിത, ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് കാംപയിന്.
സംസ്ഥാനത്ത് ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ സാമൂഹ്യസുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ കാംപയിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫോണിലൂടെ അറിയിപ്പുകള്, സംശയനിവാരണം, വിവരശേഖരണം, മറ്റ് സേവനങ്ങള്‍ എന്നിവ നല്കുന്ന പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. 33,115 അങ്കണവാടികളിലെ 60,000ത്തോളം ജീവനക്കാര്‍ ഇതില്‍ പങ്കാളികളാകും.
പ്രവര്‍ത്തനത്തിന്റെ ഭാഗമായി അങ്കണവാടി പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഫോണ്‍ മുഖേന ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ തുടങ്ങിയവരുടെ സുഖവിവരങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണ്ടതിന്റെ ആവശ്യകത വീട്ടുകാരെ ബോധ്യപ്പെടുത്തും. ഇത്തരക്കാരോട് കഴിവതും വീട്ടിനുള്ളില്‍ തന്നെ കഴിയാനും ആവശ്യപ്പെടും.
രോഗലക്ഷണങ്ങള്‍ ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ അറിയിക്കും.
വിദേശത്തു നിന്നുവന്നവര്‍ ഉണ്ടെങ്കില്‍ അവരോട് വീട്ടിനുള്ളില്‍ തന്നെ കഴിയാന്‍ അറിയിക്കുകയും അവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം പോഷന്‍ വാണിയിലൂടെ നിത്യവും ലഭിക്കുന്ന കോവിഡ് -19 സംബന്ധമായ ബോധവത്കരണ സന്ദേശങ്ങള്‍ അങ്കണവാടി പ്രവര്‍ത്തകരിലൂടെ പൊതുസമൂഹത്തിന് ലഭിക്കുന്നുണ്ടെന്നും പ്രോഗ്രാം ഓഫിസര്‍മാര്‍ ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."