HOME
DETAILS
MAL
മെഡിക്കല്‍ കോളജ് ഒ.പിയും യാഥാര്‍ഥ്യമായില്ല, കാസര്‍കോട്ടെ ആരോഗ്യ വകുപ്പിന്റെ പാളിച്ച ചര്‍ച്ചയാകുന്നു
backup
March 23 2020 | 04:03 AM
കാസര്‍കോട്: കൊവിഡ്- 19 ബാധിതരുടെ എണ്ണം കാസര്‍കോട്ട് കൂടിവരുമ്പോള്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ വന്നതായി പരക്കെ ആക്ഷേപം. മാസങ്ങളായി ജില്ലയിലെ പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിനു ജീവനക്കാരും ഡോക്ടര്‍മാരുമില്ലെന്ന പരാതി ഉയരുന്നതിനിടയിലാണ് കഴിഞ്ഞ മാസം ചൈനയില്‍ നിന്ന് വന്ന വിദ്യാര്‍ഥിക്കു കൊവിഡ് ബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാണെന്ന് അടിക്കടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്താവന നടത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ സംശയം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍കോട് ഭാഗത്തെ ഒരു പ്രവാസി യുവാവിനു കൊവിഡ് സ്ഥിരീകരിച്ചത് മംഗളൂരുവിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്. ഈ ആശുപത്രി അധികൃതര്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ വിവരമറിഞ്ഞതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കൊവിഡ് ലോകവ്യാപകമാകുകയും ജില്ലയില്‍ കഴിഞ്ഞ മാസം ആദ്യവാരത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും.
ആരോഗ്യ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വാടക വാഹനങ്ങള്‍ തരപ്പെടുത്തുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ക്വട്ടേഷന്‍ സ്വീകരിക്കുന്ന തിയതി കൊവിഡ് കാരണം മാറ്റിവച്ചതായി ഇന്നലെ ആരോഗ്യ വകുപ്പ് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതിനു പുറമെ കൊവിഡ് ഭീതി നാടെങ്ങും പരന്ന കഴിഞ്ഞയാഴ്ചയില്‍ ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഉള്ളതായി അധികൃതര്‍ അറിയിച്ചിരുന്നു. അതിനിടെ ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി വിഭാഗം ഇക്കഴിഞ്ഞ ജനുവരിയില്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതു നടപ്പിലായില്ല. പിന്നീട് ഫെബ്രുവരി 16ന് ഒ.പി ആരംഭിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ സര്‍ക്കാര്‍ വാക്കു പാലിച്ചില്ല.
കൊവിഡ് ഭീതി കണക്കിലെടുത്ത് കാലേക്കൂട്ടി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ആവശ്യത്തിനു ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും ഇതിനു പുറമെ ലാബ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ജില്ലയിലെ ജനങ്ങള്‍ക്കു ദുരിതം കുറയുമായിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കനത്ത അനാസ്ഥയാണ് ഇക്കാര്യത്തിലുണ്ടായത്. എല്ലാ മേഖലയിലും സംസ്ഥാനത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോടെന്ന് ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും കൊവിഡ് ഭീഷണിയെ നേരിടാന്‍ ജില്ലയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ കനത്ത പാളിച്ചയാണ് സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."