പ്രകാശം പരത്തിയ 'നാട്ടുപച്ച'
'ഞായര്‍പ്രഭാത'ത്തിന്റെ തുടക്കം മുതല്‍ അറിവിന്റെ വിഭവങ്ങളൊരുക്കി വായനക്കാരെ വരവേറ്റിരുന്ന പ്രൊഫ.എ നുജൂമിന്റെ 'നാട്ടുപച്ച' അവസാനിപ്പിച്ചത് തീരാനഷ്ടമാണ്. പ്രൊഫസറുടെ പച്ചപ്പണിഞ്ഞ ചിന്തകള്‍ പൂത്തുലഞ്ഞ മലര്‍വാടികള്‍ നഷ്ടമാകുമ്പോള്‍ ഞായര്‍പ്രഭാതത്തിന്റെ താളുകളിലും ആ വിടവ് പ്രകടമാകും.
എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രമെന്ന ചങ്ങമ്പുഴക്കവിതയിലെ വരികള്‍ പോലെ എവിടെ നോക്കിയാലും പച്ചപുതച്ച ഭൂമിയും പുല്‍മേടുകളും കുന്നുകളും മലകളും കാടുകളും കുണുങ്ങിയൊഴുകുന്ന അരുവികളും തോടുകളും പുഴകളുമൊക്കെ യഥേഷ്ടമുണ്ടായിരുന്ന നാട്ടില്‍ പച്ചയായ മനുഷ്യരും സുലഭമായിരുന്നു. ഒന്നു പുഞ്ചിരിക്കാന്‍ വലിയ പണം പ്രതിഫലമായി നല്‍കേണ്ട അവസ്ഥയിലേക്കു നാം നടന്നെത്തിക്കഴിഞ്ഞെന്നു തെളിയിക്കുന്ന പച്ചയായ മനുഷ്യപരിണാമ സത്യങ്ങളാണ് പ്രൊഫസര്‍ അവസാന അധ്യായത്തില്‍ കുറിച്ചു വച്ചത്.
മനുഷ്യമനസിലെ മുരടിപ്പിന്റെ പ്രതിഫലനമാണിന്ന് മണ്ണും മരവും മലകളും പുഴകളുമൊക്കെ ഇല്ലാതാകുന്നത്. സമൂഹത്തില്‍ സമ്പന്നനാകുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെ പ്രകൃതിയെ നശിപ്പിക്കാന്‍ മത്സരിച്ചവരാണ് നാം. ആരോഗ്യകരവും സുഖദായകവുമായിരുന്ന നഷ്ടപ്പെട്ടുപോയ പ്രകൃതി വരദാനങ്ങള്‍ തിരിച്ചു പിടിക്കാന്‍ സ്‌നേഹവും സൗഹൃദവും സമത്വവും സന്തോഷവും പുഞ്ചിരിയും വിടരുന്ന സുപ്രഭാതങ്ങള്‍ ഓരോ മലയാളിക്കും സ്വന്തമാക്കാന്‍ മാര്‍ഗദീപമായി പ്രകാശം പരത്തിയ പ്രൊഫ.എ നുജൂമിനും ഞായര്‍പ്രഭാതത്തിനും ഹൃദയം നിറഞ്ഞ നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."