കടലാക്രമണ പ്രതിരോധം: പ്രവൃത്തികള്‍ പുരോഗമിക്കുന്നു
കണ്ണൂര്‍: ജില്ലയിലെ എട്ട് തീരദേശത്ത് കടലാക്രമണ പ്രതിരോധത്തിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മാടായി പഞ്ചായത്തിലെ നീരൊഴുക്കുംചാല്‍ ഭാഗങ്ങള്‍, അഴീക്കോട് പഞ്ചായത്ത്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പല്ലിശ്ശേരി, കൊടുവള്ളി മനക്ക ദ്വീപ്, കോര്പറേഷന് പയ്യാമ്പലം, തലശ്ശേരി ജനറല്‍ ആശുപത്രിയുടെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് കടല്‍ഭിത്തിയും പുലിമുട്ട് നിര്‍മാണവും നടത്തുന്നത്.
നീരൊഴുക്കുംചാലില്‍ 64 മീറ്റര്‍ ചെയിനേജ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറി. നീരൊഴുക്കുംചാല്‍ സി.പി സ്റ്റോണ്‍, പല്ലിശ്ശേരി, തലശ്ശേരി ആശുപത്രിക്ക് പിന്‍ഭാഗം എന്നിവിടങ്ങളില്‍ ഭിത്തിയുടെ പ്രവൃത്തി നടക്കുകയാണ്. അഴീക്കോട് പഞ്ചായത്ത്, പയ്യാമ്പലം, നീരൊഴുക്കുംചാല്‍, മനക്ക ദ്വീപ് എന്നിവിടങ്ങളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. നീരൊഴുക്കുംചാല്‍ ഭാഗങ്ങളില്‍ 83 ലക്ഷം, അഴീക്കോട് 15 ലക്ഷം, പല്ലിശ്ശേരി 15 ലക്ഷം, മനക്കദ്വീപ് 12.75 ലക്ഷം, പയ്യാമ്പലം 33 ലക്ഷം, ജനറല്‍ ആശുപത്രിക്ക് പിന്‍ഭാഗം 25.6 ലക്ഷം എന്നിങ്ങനെ 184.35 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ സംരക്ഷണത്തിനുള്ള ലോകബാങ്ക് സഹായത്തിനായി 373.30 കോടി രൂപയുടെ പ്രവൃത്തികളും സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെ തീരദേശവാസികള്‍ക്ക് ആശ്വാസമായി ബജറ്റില്‍ 46 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."