മരണഭയത്തില്‍ ആദിവാസികള്‍
ഇരിട്ടി: ആദിവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോടികള്‍ ചിലവിടുമ്പോഴും ആറളംഫാമിലെ ആദിവാസികള്‍ മരണഭയത്തില്‍. ആറളംഫാം പുനരധിവാസത്തിനു പതിച്ചു കൊടുത്തതിന് ശേഷം മൂന്നാമത്തെ ആളാണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെടുന്നത്. നേരത്തെ ഏഴാം ബ്ലോക്കിലെ ബാലനും പതിനൊന്നാം ബ്ലോക്കിലെ മാധവിയും ആനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുടില്‍ ചവിട്ടിപൊളിച്ച് അകത്തുകയറിയാണ് മാധവിയെ ആന ആക്രമിച്ചത്. വഴിനടന്നു പോകുമ്പോഴാണ് ബാലനു നേരെ ആക്രമണമുണ്ടായത്.
2005ല്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ ഏഴാം ബ്ലോക്കിലെ ചീര എന്ന ആദിവാസി സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വനത്തില്‍ നിന്ന് ജനവാസ മേഖലയിലേക്കിറങ്ങിയ ചുള്ളികൊമ്പന്‍ എന്ന ഒറ്റയാന്‍ ഉള്‍പ്പെടെ മൂന്ന് ആനകള്‍ മേഖലയില്‍ നിന്നു ഇതുവരെ വനത്തിലേക്ക് തിരികെ പോയിട്ടില്ല. അയ്യന്‍കുന്നിലെ പാറക്കപ്പാറ ആറളം പഞ്ചായത്തിലെ കീഴ്പള്ളി ടൗണിലും ആന ഇറങ്ങിയിരുന്നു. വന്യജീവി സങ്കേതത്തോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ കോട്ടപ്പാറ മേഖലയില്‍ പതിച്ചു നല്‍കിയ ഭൂമി കാടു കയറിയ നിലയിലാണ്.
ഇവിടെ കാടു വെട്ടിത്തെളിക്കുന്നതിനോ കൈവശക്കാരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
വനപ്രദേശമായതിനാല്‍ ജനവാസമില്ലാത്ത മേഖലകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കാട്ടാന പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ആദിവാസികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് മാസങ്ങളായെങ്കിലും ഇക്കാര്യത്തിലും അധികൃതര്‍ നിസംഗത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."