വീട്ടിലിരുന്നു രാജ്യം
മുംബൈ: കൊവിഡ് മഹാമാരി ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ നിയന്ത്രണ നടപടികളുമായി കേന്ദ്രവും സംസ്ഥാനങ്ങളും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ രാജ്യം ഏറ്റെടുത്തപ്പോള്‍, ഇന്നലെ നഗരങ്ങള്‍ നിശ്ചലമായി. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ജനങ്ങള്‍ വീടുകളില്‍തന്നെ കൂടി.
അതേസമയം, ജനതാ കര്‍ഫ്യൂ ഇന്നത്തേയ്ക്കുവരെ നീട്ടി തമിഴ്‌നാട് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കര്‍ഫ്യൂ നാളെ വരെ തുടരും. അതിനിടെ, രാജ്യത്ത് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത 75 ജില്ലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു.
റെയില്‍ ഗതാഗതം നിര്‍ത്തിവച്ചതിനു പുറമേ, അന്തര്‍സംസ്ഥാന ബസ് സര്‍വിസുകളും നിര്‍ത്തിയിട്ടുണ്ട്. ആയിരത്തിലേറെ ട്രെയിനുകളാണ് 31 വരെ സര്‍വിസ് നിര്‍ത്തിവച്ചത്. മാര്‍ച്ച് 31വരെ ഡല്‍ഹിയില്‍ വിമാന ഗതാഗതം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ അറിയിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ നിരോധിച്ചിട്ടില്ലെന്ന് വ്യാമയാന മന്ത്രാലയം പിന്നീട് അറിയിച്ചു. പൊതുഗതാഗതം നാളെ മുതല്‍ നിര്‍ത്തിവയ്ക്കും. ഇതിനു പുറമേ, ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കുകയും കടകളും മാളുകളുമെല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ അതീവ ജാഗ്രതയോടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയില്‍ കൊവിഡിന്റെ സമൂഹ വ്യാപനം തടയാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
ജനതാ കര്‍ഫ്യൂ തമിഴ്‌നാട്ടില്‍ ഒരു ദിവസത്തേയ്ക്കു കൂടി നീട്ടിയപ്പോള്‍, ഗോവയില്‍ മൂന്നു ദിവസത്തേയ്ക്കു കൂടിയാണ് നീട്ടിയത്.
ജാര്‍ഖണ്ഡിലടക്കം ജനതാ കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്. അതേസമയം, താനെയില്‍ കര്‍ഫ്യൂവിനിടെ ക്രിക്കറ്റ് കളിച്ച് എട്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
രാജ്യത്തു കൂടുതല്‍ പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ചിലയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് പി. ചിദംബരം അടക്കമുള്ള പ്രതിപക്ഷ നേതാക്കളും ഇന്നലെ രംഗത്തെത്തി. അതേസമയം, ജനതാ കര്‍ഫ്യൂ ഇന്നലെ രാത്രി ഒന്‍പതോടെ തീര്‍ന്നെങ്കിലും ഇനിയുള്ളത് ആഘോഷിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജനതാ കര്‍ഫ്യൂവുമായി സഹകരിച്ച രാജ്യത്തെ ജനങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു.
അതേസമയം, പഞ്ചാബും രാജസ്ഥാനും അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."