സുനാമി വീടുകള്‍ അര്‍ഹരിലേക്ക്
അനധികൃതമായി വീട് കൈപ്പറ്റിയവര്‍ ദിവസവാടകക്കും മാസവാടകക്കും നല്‍കുന്നതായി നേരത്തെതന്നെ നാട്ടുകാരില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു
തൃക്കരിപ്പൂര്‍: സുനാമി പുനരധിവാസ പദ്ധതി പ്രകാരം മാടക്കാലില്‍ നിര്‍മിച്ച വീടുകളില്‍ അനര്‍ഹര്‍ കൈയടക്കിയ വീടുകള്‍ അര്‍ഹരെ കണ്ടെത്തി നല്‍കുന്നതിനു വേണ്ടി വലിയപറമ്പ പഞ്ചായത്തില്‍ നടന്ന മത്സ്യ ഗ്രാമസഭയില്‍ സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് രൂപം നല്‍കി. വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാലില്‍ സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു പതിറ്റാണ്ട് മുന്‍പാണ് 65 സെന്റ് സ്ഥലത്ത് രണ്ടുകോടി രൂപ ചെലവഴിച്ച് 20 വീടുകള്‍ നിര്‍മിച്ചത്.
2009 ജൂലൈ 31ന് അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറിയത്. എന്നാല്‍ അര്‍ഹതപ്പെട്ട പലരെയും തഴഞ്ഞാണ് വീടുകള്‍ നല്‍കിയതെന്ന പരാതി നേരത്തെ തന്നെയുണ്ടായിരുന്നു.
20 വീടുകളില്‍ 19 വീടുകളാണ് കൈമാറിയത്. എന്നാല്‍ കൈമാറിയ വീടുകളില്‍ അന്നുമുതല്‍ പത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ബാക്കിയുളള വീടുകളുടെ താക്കോല്‍ കൈപ്പറ്റിയവര്‍ താമസിനെത്തിയതുമില്ല. കടല്‍ക്ഷോഭം രൂക്ഷമാകുന്ന ഭാഗങ്ങളിലുള്ളവര്‍ക്കാണ് വീടുകള്‍ കൈമാറിയിരുന്നത്.
കടലോരത്തുള്ള വീട് സര്‍ക്കറിനു വിട്ടുകൊടുക്കുക എന്ന മാനദണ്ഡത്തിലാണ് പലരും വീടുകള്‍ ഏറ്റുവാങ്ങിയതെങ്കിലും പലരും ഇവിടെ താമസിച്ചിരുന്നില്ല. ഇതേ പഞ്ചായത്തില്‍ തന്നെ വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ നിരവധി ഉണ്ടെന്നിരിക്കെ അനധികൃതമായി വീട് കൈപ്പറ്റിയവര്‍ ദിവസ വാടകക്കും മാസവാടകക്കും നല്‍കുന്നതായി നേരത്തെതന്നെ നാട്ടുകാരില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറ് വീടുകള്‍ അനര്‍ഹര്‍ കൈയടക്കിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന മത്സ്യഗ്രാമസഭയിലാണ് അനര്‍ഹര്‍ വീട് കൈയടക്കിയത് ചര്‍ച്ചയായത്. തുടര്‍ന്നാണ് അനര്‍ഹരില്‍നിന്ന് വീടുകള്‍ തിരിച്ചുവാങ്ങി അര്‍ഹരായവര്‍ക്ക് നല്‍കാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."