പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ഗോത്രവര്‍ഗ കമ്മിഷന്‍
കല്‍പ്പറ്റ: ജില്ലാ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന പട്ടികജാതിപട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി. ഇന്നലെ നടന്ന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ അദാലത്തിന് ശേഷമാണ് കമ്മീഷന്‍ ചെയര്‍മാന്‍ പൊലീസിനെ വിമര്‍ശിച്ചത്.
പരിഗണിച്ച മൂന്നില്‍ ഒന്ന് കേസുകളും പൊലീസുമായി ബന്ധപ്പെട്ടതായിട്ടും ജില്ല പൊലീസിെന്റ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതന്നാണ് കമീഷന്റെ ആരോപണം. പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന പട്ടികവര്‍ഗ പട്ടികജാതിക്കാരുടെ പരാതികളും കമ്മിഷനോട് ജില്ലാ പൊലീസ് കാണിച്ച മനോഭാവവും പരിഗണിക്കുമ്പോള്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരാണ് ജില്ലയിലെ പൊലീസ് എന്ന ധാരണയാണ് ലഭിക്കുന്നതെന്നും അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അദാലത്തിലെത്തില്‍ പരിഗണിച്ച പൊലീസുമായി ബന്ധപ്പെട്ട 16 പരാതികള്‍ക്കായി ഒരു പൊലിസ് ഉദ്യോഗസ്ഥനെ മാത്രമാണ് പറഞ്ഞയച്ചത്. കമീഷന്റെ ജില്ലയിലെ ആദ്യ അദാലത്തില്‍ പൊലീസ് മേധാവിയുടെ സാന്നിധ്യം അത്യാവശ്യമായിരുന്നു. പരാതിക്കാര്‍ക്ക് നീതി കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പൊലീസാണ്. എന്നാല്‍, ഡിവൈ.എസ്.പി മാത്രമാണ് അദാലത്തില്‍ എത്തിയത്.
പൊലിസുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുന്ന എല്ലാ ബെഞ്ചുകളിലുമായി അദ്ദേഹം ഓടിനടന്ന് ഹാജരാകേണ്ട അവസ്ഥയായിരുന്നു. പൊലീസ് മേധാവിയെ ഫോണില്‍ വിളിച്ചിട്ടും ലഭ്യമായില്ല.
പൊലീസിന്റെ ഭാഗത്തുനിന്നും ഏറ്റവും കുറഞ്ഞ പ്രതികരണം ലഭിച്ചത് ജില്ലയില്‍ നിന്നാണ്. ഇത്രയും പ്രധാനപ്പെട്ട അദാലത്തില്‍ പങ്കെടുക്കാതെ നിരുത്തരവാദപരമായ സമീപനമാണ് ജില്ല പൊലീസ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായത്. തിരക്കുണ്ടെങ്കില്‍ അത് അറിയിക്കേണ്ടതായിരുന്നു. ജില്ല കലക്ടര്‍ മറ്റുതിരക്കുകളില്‍ ആയതിനാല്‍ എ.ഡി.എമ്മിനെയും മറ്റു റവന്യു ഉദ്യോഗസ്ഥരെയും അദാലത്തിനായി ചുമതലപ്പെടുത്തിയിരുന്നു. ആകെ ലഭിച്ച 69 പരാതികളില്‍ 16 കേസുകള്‍ പൊലീസില്‍നിന്നും നീതി ലഭിക്കുന്നില്ലെന്ന പരാതിയാണ് ലഭിച്ചത്.
പൊലിസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്ന പട്ടികവര്‍ഗ പട്ടികജാതി വിഭാഗക്കാരെ അവഗണിക്കുന്ന സമീപനമാണെന്നും പരാതി കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും കമ്മിഷന്‍ പറഞ്ഞു.
പരാതിയുമായി എത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കേസ് എടുക്കുകയും എതിര്‍കക്ഷികള്‍ക്ക് അനുകൂലമായി പൊലീസ് നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും കമീഷന്‍ നിരീക്ഷിച്ചു. പൊലിസിനെതിരെയുള്ള പരാതികളില്‍ പൊലിസില്‍നിന്നും തന്നെ റിപ്പോര്‍ട്ട് തേടുമെന്നും ആവശ്യമെങ്കില്‍ അവരെ വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."