കണ്ടെയ്‌നര്‍ റോഡിലെ ടോള്‍പിരിവ്; സമരം ശക്തമാകുന്നു
കൊച്ചി:വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍പിരിവിനെതിരെ പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു.വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഒന്‍പതിന് പൊന്നാരിമംഗലം ടോള്‍ പ്ലാസയിലേക്ക് ജനകീയ മാര്‍ച്ച് നടത്തും.
കടുത്തപ്രതിഷേധം അവഗണിച്ച് അധികൃതര്‍ ടോള്‍പിരിവ് തീരുമാനവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനിറങ്ങുന്നത്.
കുടുംബശ്രീ, തൊഴിലുറപ്പ്, മോട്ടോര്‍, പരമ്പരാഗത തൊഴിലാളികളും യുവജന സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കും.സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.മാര്‍ച്ചിന്റെ പ്രചരണാര്‍ഥം ഇന്നലെരാത്രി ടോള്‍പ്ലാസ പരിസരത്ത് നടന്ന പന്തം കൊളുത്തി പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
അതിനിടെ ദേശീയപാത അതോറിറ്റിയുടെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ച് കണ്ടെയ്‌നര്‍ മോണിറ്ററിങ്് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രക്കുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ വല്ലാര്‍പാടത്തെ ചരക്കുനീക്കം പൂര്‍ണമായി നിലച്ചു. സാധാരണ ചെറിയ ഷിഫ്റ്റിങ്ങ് കണ്ടെയ്‌നറുകള്‍ക്ക് ഒരുദിവസം 1500 രൂപയെങ്കിലും ടോള്‍ നല്‍കേണ്ടിവരുന്ന തരത്തിലാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ട്രക്കുടമകള്‍ പറഞ്ഞു.തങ്ങളോട് കൂടിയാലോചനകള്‍ നടത്താതെ ഒരു കണ്ടെയ്‌നര്‍ ഇരുവശത്തേക്കും സഞ്ചരിക്കുന്നതിന് ദേശീയപാത അതോറിറ്റി 375 രൂപയാണ് ടോള്‍ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏകദേശം 19 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ ഇത്രയും കൂടിയ നിരക്ക് ഏര്‍പ്പെടുത്തുന്നത് ഈ മേഖലയെ തകര്‍ക്കുമെന്ന് ട്രക്ക് ഉടമകള്‍ പറയുന്നു.
കണ്ടെയ്‌നറുകള്‍ പാര്‍ക്കുചെയ്യുന്നതിന് 300രൂപ പാര്‍ക്കിങ്ങ് ഫീസ് നല്‍കുന്നതിനുപുറമെയാണ് വന്‍തുക ടോള്‍കൊള്ള നടത്തുന്നതെന്നും ട്രക്ക് ഉടമകള്‍ ആരോപിച്ചു.
പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ഇന്നലെ കാറുകളുള്‍പ്പെടെയുള്ള ചെറുവാഹനങ്ങളെ ടോള്‍പിരിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."