മൂലപ്പള്ളിയില്‍ റെയില്‍പാളത്തിനു കുറുകെ നടപ്പാലം വേണം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
നീലേശ്വരം: അപകടങ്ങള്‍ പതിവായ മൂലപ്പള്ളിയില്‍ റെയില്‍പാളത്തിനു കുറുകെ നടപ്പാലം വേണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. മാതൃകാ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണു പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും മന്ത്രാലയം അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. തുടര്‍ന്നു വിദ്യാര്‍ഥികളും നാട്ടുകാരും തങ്ങളുടെ ജീവനു സുരക്ഷയൊരുക്കണമെന്നു കാണിച്ചു പ്രധാനമന്ത്രിക്കു തപാല്‍ കാര്‍ഡുകളയക്കും. തുടര്‍ന്നും പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്കിറങ്ങാനാണു തീരുമാനം.
മേല്‍പാലമില്ലാത്തതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. മൂലപ്പള്ളി എ.എല്‍.പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും രക്ഷിതാക്കള്‍ കുട്ടികളുടെ കൈപിടിച്ച് പാളം കടത്തിവിടുകയാണു പതിവ്.
മൂലപ്പള്ളി വളവില്‍ പാളത്തിനിരുവശത്തുമുള്ള കാടും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
മഴക്കാലത്ത് ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാത്തതു മൂലം പാളത്തിനു സമീപത്തു കൂടെ നടന്നുപോയവര്‍ അപകടത്തില്‍ പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതും അപകടത്തിനു കാരണമാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."