കോടതിയും പാര്‍ലമെന്റും ഏറ്റുമുട്ടുന്നത് ദോഷകരം
നീതിന്യായവ്യവസ്ഥയും ഭരണനിര്‍വഹണ സംവിധാനവും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും തമ്മില്‍ ഏറ്റുമുട്ടുന്നത് ശുഭസൂചകമല്ല. കൊളിജിയം വിഷയവുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയുടെ നാഥനായ സുപ്രിംകോടതി ചീഫ് ജസ്റ്റിസും ഭരണ സംവിധാനത്തിന്റെ തലപ്പത്തുള്ള പ്രധാനമന്ത്രിയും മൗനം പാലിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
കൊളിജിയം
ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സംവിധാനമെന്ന് ഇതിനെ പൊതുവായി വ്യഖ്യാനിക്കാം. ഇന്നത്തെ കൊളിജിയം സംവിധാനം നിലവില്‍ വന്നിട്ട് രണ്ടു പതിറ്റാണ്ടേ ആകുന്നുള്ളൂ. സുപ്രിംകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെയാണ് ഈ സംവിധാനം നിലവില്‍ വന്നത്. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ കണ്ടെത്താനും സ്ഥലം മാറ്റാനും സുപ്രിംകോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കാനും കൊളിജിയം സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്.
ചീഫ് ജസ്റ്റിസിനു കീഴില്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്നതാണ് കൊളിജിയം. ഇന്ത്യന്‍ ഭരണഘടനയില്‍ കൊളിജിയം സംവിധാനത്തെപറ്റി പരാമര്‍ശമില്ലെന്ന പ്രത്യേകതയുണ്ട്. കാലാകാലങ്ങിലുണ്ടായ ഭരണഘടന ഭേദഗതികള്‍ വരുത്തിയപ്പോഴൊന്നും ഈ സംവിധാനത്തെ പറ്റി പ്രതിപാദിച്ചിട്ടുമില്ല. വസ്തുതകള്‍ ഇങ്ങനെയൊക്കെയാണ് നിയമവ്യവസ്ഥയും ഭരണ നിര്‍വഹണ സംവിധാനവും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടുന്നത്. ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടില്ലാത്ത സംവിധാനമെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നതെങ്കില്‍ സംഗതി കൂടുതല്‍ കലുഷിതമായേക്കും.
സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഇത് വഴിയൊരുക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്ന ആരോപണം. സുപ്രിംകോടതി ബാര്‍ അസോസിയേഷനും കൊളിജിയം സംവിധാനത്തോട് അനുകൂലമായല്ല പ്രതികരിക്കുന്നത്. സാധാരണക്കാരന് നീതി വിദൂരമാകുമ്പോള്‍ സ്വാധീനമുള്ളവര്‍ക്ക് വേഗം നീതി ലഭ്യമാക്കാനേ കൊളീജിയം സംവിധാനത്തിലൂടെ നിയമിക്കുന്ന ജഡ്ജിമാര്‍ വഴി സാധ്യമാകൂ എന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്.
എന്‍.ജെ.എ.സി
ഭരണഘടനാനുസൃതമായി ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ദി നാഷണല്‍ ജുഡിഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മിഷനെന്ന എന്‍.ജെ.എ.സി. കൊളിജിയത്തിനു പകരം ഇത് പ്രായോഗികമാക്കണമെന്ന കേന്ദ്ര നിലപാടിനെ സുപ്രിംകോടതി തുടക്കത്തില്‍ത്തന്നെ എതിര്‍ത്തു. എന്‍.ജെ.എ.സി ഒരു നിയമമായി ഭരണഘടനയില്‍ 99ാം അനുബന്ധമായി ചേര്‍ക്കാനുള്ള കേന്ദ്ര നീക്കത്തെ സുപ്രിംകോടതി എതിര്‍ത്തിരുന്നു.
ഉന്നത നീതിപീഠത്തിലേക്ക് നിയമപാലകരെ തെരഞ്ഞെടുക്കുമ്പോള്‍ സാമൂഹ്യ- രാഷ്ട്രീയ മേഖലകള്‍ക്കും പ്രതികരണത്തിന് വേദിയൊരുക്കുന്നതാണിത്. 2014ലാണ് എന്‍.ജെ.എ.സി നിലവില്‍ വന്നത്. ലോക്‌സഭയും രാജ്യസഭയും ഈ ഭരണഘടനാഭേദഗതി പാസാക്കിയിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി പാസാക്കിയത്. 2015 ഏപ്രില്‍ 13 മുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസും ഏറ്റവും മുതിര്‍ന്ന രണ്ട് ജഡ്ജിമാരും, നിയമമന്ത്രി, രണ്ട് വിശിഷ്ട വ്യക്തികള്‍ ഇങ്ങനെ ആറുപേര്‍ അടങ്ങുന്ന സംഘമാണ് എന്‍.ജെ.സി.എയിലുണ്ടാവുക. വിശിഷ്ട വ്യക്തികളെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാറ്റാവുന്നതാണ്. ഇതിന് പ്രധാനമന്ത്രി, ചീഫ്ജസ്റ്റിസ്, ലോകസഭ പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. ഒരു പ്രാവശ്യം ഇങ്ങനെ പ്രവര്‍ത്തിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കുകയുമില്ല.
രാഷ്ട്രീയക്കാരാണോ ഉന്നത ജഡ്ജിമാരെ തെരഞ്ഞെടുക്കേണ്ടതെന്ന സംശയമാണ് സുപ്രിംകോടതി ഉന്നയിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഏതു ഘട്ടത്തിലും തെരഞ്ഞെടുപ്പിനെ വീറ്റോ ചെയ്യാനുള്ള അധികാരം അംഗങ്ങളായ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും മുതിര്‍ന്ന രണ്ടു ജഡ്ജിമാര്‍ക്കും നല്‍കുന്ന വ്യവസ്ഥയിതിലുണ്ടെന്നാണ് മറുഭാഗത്തിന്റെ വാദം. വീറ്റോ ചെയ്യപ്പെട്ടാല്‍ അത് പുനപരിശോധിക്കാനുമാവില്ല. ഒരുമിച്ചുള്ള തീരുമാനത്തോടെമാത്രമേ ഉന്നത നീതിപീഠത്തിലേക്ക് ജഡ്ജിമാരെ നിയമിക്കാന്‍ സാധിക്കൂ എന്നു ചുരുക്കം.
കേന്ദ്ര താല്‍പര്യം
2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ രാഷ്ട്രപതി അസ്ഥിരപ്പെടുത്തിയപ്പോള്‍ അത് പുനസ്ഥാപിക്കാന്‍ ഉത്തരവിട്ടത് ആ സംസ്ഥാനത്തെ ചീഫ് ജസ്റ്റിസായിരുന്ന കെ.എം.ജോസഫായിരുന്നു. അതുകൊണ്ടു കേന്ദ്രത്തിന് നീരസമുണ്ടായി. ആന്ധ്രപ്രദേശിലേക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജോസഫിനെ മാറ്റിക്കൊണ്ടുള്ള കൊളിജിയം നിര്‍ദേശവും സുപ്രിംകോടതി ജഡ്ജിയായുള്ള നിര്‍ദേശവും കേന്ദ്രം അംഗീകരിക്കാത്തതിനു ഇതൊക്കെയാവും കാരണങ്ങള്‍ എന്നാണ് ആരോപണങ്ങള്‍.
അതുപോലെ മുന്‍ സോളിസിറ്റര്‍ ജനറല്‍ ആയ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രിംകോടതി ജഡ്ജിയാക്കണമെന്ന കൊളിജിയം ശുപാര്‍ശയും കേന്ദ്രം നിരസിച്ചു. സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ അമികസ് ക്യൂരിയായിരുന്നു ഇദ്ദേഹമെന്നത് ആര്‍ക്കും അറിയാത്തതല്ല. അപ്പോള്‍ കാരണം വ്യക്തമാണ്. കേന്ദ്രത്തിന് താല്‍പര്യങ്ങളുണ്ട്. ഗോപാല്‍ തന്റെ നാമനിര്‍ദേശം പിന്‍വലിക്കുന്നതുവരെയെത്തിയിരുന്നു കാര്യങ്ങള്‍.
ജോസഫിന്റെ നിയമനത്തില്‍ മുട്ടുന്യായമാണ് കേന്ദ്രം ഉന്നയിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരില്‍ 42ാമനും ചീഫ് ജസ്റ്റിസുമാരില്‍ 12ാമനുമായ ആളെ എങ്ങനെ സീനിയോരിറ്റി മറികടന്ന് നിര്‍ദേശിക്കുമെന്നാണ് ചോദ്യം. എന്നാല്‍ മുമ്പും ഇത്തരത്തില്‍ നടപടികളെടുത്തിട്ടുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നിന്നുളള കുര്യന്‍ജോസഫ് ഉണ്ടെന്നിരിക്കേ മറ്റൊരാള്‍ക്കുകൂടി നിയമനം നല്‍കുന്നത് കേരളത്തിന് അമിതപ്രാധാന്യമാകുമെന്നും കേന്ദ്രം വാദിക്കുന്നു. ഡല്‍ഹിയുടെ കാര്യത്തില്‍ കേന്ദ്രം ഇതോര്‍ത്തില്ലേയെന്ന മറുചോദ്യമുണ്ടെന്നതു നേര്. പട്ടികവിഭാഗക്കാര്‍ക്ക് അംഗത്വമില്ലെന്ന വാദവും ജോസഫിന്റെ നിയമനം തള്ളാന്‍ കേന്ദ്രം ഉന്നയിക്കുന്ന കാരണങ്ങളില്‍ പെടുന്നു.
ഏറ്റുമുട്ടല്‍ മുന്‍പും
ലോകസഭയും സുപ്രിംകോടതിയും തമ്മില്‍ ഇന്ത്യയില്‍ ഇതാദ്യമല്ല ഏറ്റുമുട്ടുന്നത്. തുല്യമായി പോകേണ്ട ഈ സംവിധാനങ്ങള്‍ നെഹ്രുവിന്റെ കാലം മുതല്‍ക്കേ ശീതയുദ്ധത്തിലായിരുന്നു. ഭൂ പരിഷ്‌കരണ നിയമവും ജാതി സംവരണത്തിലുമൊക്കെ അതുകണ്ടതുമാണ്.
ചില കോടതി ഉത്തരവുകള്‍ മറികടക്കാന്‍ നിയമങ്ങളിലൂടെ ഭരണകാര്യ സമിതികള്‍ക്ക് സാധിക്കുന്നു. ചില സര്‍ക്കാര്‍ ഉത്തരവുകള്‍ മരവിപ്പിക്കാന്‍ കോടതികള്‍ക്കും സാധിക്കുന്നു. ഇങ്ങനെ പല പ്രശ്‌നങ്ങളും അനാരോഗ്യകരമായ രീതികളിലേക്ക് പ്രവേശിച്ചിരിക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം.
ഇപ്പോഴത്തെ പ്രശ്‌നം
സുപ്രിംകോടതിയും ഭരണനേതൃത്വവും സ്വരച്ചേര്‍ച്ചയിലല്ലാതിരിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. സുപ്രിംകോടതി കൊളിജിയം നിര്‍ദേശിച്ച ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയുടേയും കെ.എം.ജോസഫിന്റെയും നിയമനക്കാര്യം കഴിഞ്ഞ മൂന്നു മാസമായി കേന്ദ്രം വച്ചുതാമസിപ്പിക്കുന്നു. ഈ വിഷയത്തില്‍ സകലരംഗത്തുനിന്നും പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഇന്ദു മല്‍ഹോത്രയെ നിയമിക്കാന്‍ കേന്ദ്രം സമ്മതിച്ചത്. അപ്പോഴും സുപ്രിംകോടതിയുടെ കൊളിജിയത്തിന്റെ നിര്‍ദേശം ഭാഗികമായേ അംഗീകരിക്കപ്പെടുന്നുള്ളൂ .
കൊളിജിയം സുപ്രിംകോടതിയിലേക്ക് നിര്‍ദേശിച്ച ജഡ്ജിമാരുടെ പേരുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതിനു പകരം ഒന്ന് അംഗീകരിക്കുകയും മറ്റേതില്‍ അസംതൃപ്തിയും കാരണങ്ങളും അറിയിച്ച് തിരിച്ചയക്കുകയാണ് കേന്ദ്രം ചെയ്തത്.
അക്കാര്യം പുനപരിശോധിക്കേണ്ടത് കൊളിജിയത്തിന്റെ ബാധ്യതയുമാണ്. അതായത് കൊളിജിയം നല്‍കിയ പേരുകള്‍ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രത്തിന് കഴിയില്ല. പുനപരിശോധിക്കാന്‍ അപേക്ഷിക്കാം. എന്നാല്‍ കേന്ദ്രത്തിന്റെ അപേക്ഷ തള്ളി ജോസഫിന്റെ പേര് കൊളിജിയം വീണ്ടും നിര്‍ദേശിക്കുമോ എന്നാണ് കാണേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്രം എന്തു നടപടി സ്വീകരിക്കുമെന്നതും കാണേണ്ടതാണ്.
ഇരുകൂട്ടരും തങ്ങളുടെ വിശ്വാസങ്ങളിലും താല്‍പര്യങ്ങളിലും പ്രമാണങ്ങളിലും ഉറച്ചുനിന്നാല്‍ ഗുരുതരഭവിഷ്യത്താവും രാജ്യം നേരിടേണ്ടിവരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."