ഗ്വാട്ടിമാലയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ തീപ്പിടിത്തം; 19 പേര്‍ മരണപ്പെട്ടു
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാല സിറ്റിയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ കൗമാരക്കാരികളും കുട്ടികളുമടക്കം 19 പേര്‍ മരണപ്പെട്ടു. രാത്രി ഉറക്കത്തിലായിരിക്കെയാണ് സംഭവം. അതിനാല്‍ തന്നെ അന്തേവാസികളായ കുട്ടികള്‍ക്ക് രക്ഷപ്പെടാനായില്ല. തലസ്ഥാന നഗരിയായ ഗ്വാട്ടിമാല സിറ്റിയില്‍ നിന്ന് 25 കി.മീറ്റര്‍ അകലെയുള്ള സാന്‍ ജോസ് പിനുലയിലെ ചില്‍ഡ്രന്‍സ് ഹോമാണ് അഗ്നിക്കിരയായത്. ഗാര്‍ഹിക പീഡനത്തിനിരയായ കുട്ടികളെയും തെരുവില്‍ അലയുന്ന കുട്ടികളെയും താമസിപ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമാണ് അഗ്നിക്കിരയായത്.
അപകടത്തില്‍ പൊള്ളലേറ്റ 40 ഓളം പെണ്‍കുട്ടികളെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 19 പെണ്‍കുട്ടികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുവെന്ന് ഗ്വാട്ടിമാല നാഷണല്‍ പൊലിസ് തലവന്‍ നേരി റാമോസ് പറഞ്ഞു. തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ മറ്റുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവരില്‍ പലരുടെയും അവസ്ഥ ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും മരണപ്പെട്ട എല്ലാവരും 14ഉം 17ഉം വയസ്സിന് ഇടയിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
തീപ്പിടിത്തമുണ്ടായതിനു പിന്നാലെ അറുപതിലധികം കുട്ടികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിനായി ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നും പ്രസിഡന്റ് ജിമ്മി മൊറാലസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."