ഇന്ത്യയും പാകിസ്താനും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ബദ്ധശത്രുക്കളായ ഇന്ത്യയും പാക്കിസ്താനും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നു. റഷ്യയില്‍ വരുന്ന സെപ്റ്റംബറില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് ഇരു രാജ്യങ്ങളും പങ്കെടുക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യയും പാകിസ്താനും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നത്.
അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന് ബദലായി ചൈനയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഷാങ് ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനാണ് സൈനികാഭ്യാസത്തിന് നേതൃത്വം നല്‍കുന്നത്. അംഗരാജ്യമായ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കാളികളാകുന്നുണ്ട്.
ഇന്ത്യ-പാക് സംയുക്ത സൈനികാഭ്യാസം നടക്കുമെന്ന് കഴിഞ്ഞ ആഴ്ച ബീജിങ്ങില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൈനികാഭ്യാസത്തില്‍ ഇന്ത്യ പങ്കാളിയാകുന്നത്. ദോക്്‌ലാ പ്രശ്‌നത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഇത് ഇല്ലാതാക്കി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി ചൈനീസ് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൈനിക രംഗവും വാര്‍ത്താ വിനിമയ രംഗവും ശക്തിപ്പെടുത്താന്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഷാങ് ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സംയുക്ത സൈനികാഭ്യാസത്തിനുള്ള വേദിയൊരുക്കിയത്.
റഷ്യയിലെ ഉറല്‍ മലനിരകളിലാണ് സൈനികാഭ്യാസം നടക്കുക. സമാധാന ദൗത്യം എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ഷാങ് ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ എട്ട് അംഗരാജ്യങ്ങള്‍ പങ്കാളികളാകും. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും കശ്മിരിലെ ഭീകരവിരുദ്ധ ഗ്രൂപ്പുകള്‍ക്ക് പാകിസ്താന്‍ സഹായം നല്‍കുകയും ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിനിടയില്‍ ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസത്തിന് തയാറാകുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഏപ്രില്‍ 21 മുതല്‍ പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത് 650 തവണയാണ്. സംഭവത്തില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 31 പേര്‍ക്കാണ് പരുക്കേറ്റിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."