HOME
DETAILS

ജുഡിഷ്യറിക്ക് ഇളക്കം തട്ടുമ്പോള്‍

  
backup
March 23 2020 | 23:03 PM

judiciary

 

ജനാധിപത്യത്തിന്റെ നിലനില്‍പ് നാലു തൂണുകളിലാണെന്നൊരു ധാരണയുണ്ട്. ലജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡിഷ്യറി, പ്രസ് എന്നിവയാണ് ആ തൂണുകള്‍. രണ്ട് തൂണുകള്‍ക്കും ഇളക്കം തട്ടിയാല്‍ നിലംപൊത്താതെ ജനാധിപത്യ വ്യവസ്ഥയെ താങ്ങുന്നതാണ് മൂന്നാം തൂണ്‍. നീതി നടപ്പാക്കുകയും ന്യായം സാധ്യമാക്കുകയും തിരുത്ത് നിര്‍ദേശിക്കുകയും ചെയ്യുന്ന ഭരണഘടനാ സ്ഥാപനമാണത്. പരമവും പവിത്രവുമായാണ് ഇന്ത്യന്‍ ജനത ജുഡിഷ്യറിയെ കരുതിപ്പോരുന്നത്. പരമോന്നത നീതിപീഠമായാണ് സുപ്രിം കോടതിയെ ബഹുമാനിക്കാറ്. നിയമവ്യവസ്ഥ നടപ്പാക്കുന്ന മറ്റു കോടതികള്‍ക്കു തെറ്റും വ്യതിയാനവും സംഭവിച്ചാലും സുപ്രിം കോടതിയാണ് നീതി തേടുന്നവര്‍ക്കുള്ള അവസാനത്തെ ആശ്രയം. ഇന്ത്യയെ ഒരു ജനായത്ത മതേതര പരമാധികാര സമത്വ രാഷ്ട്രമായി വിഭാവനം ചെയ്തവര്‍ തയാറാക്കിയ ഭരണഘടനയാണു ജുഡിഷ്യറിയുടെ ആണിക്കല്ല്. ജുഡിഷ്യറിയുടെ വിശ്വാസ്യത അതിനാല്‍ തന്നെ പരമപ്രധാനമാണ്. നമ്മുടെ ഭരണഘടനയുടെ ലക്ഷ്യം തെറ്റാതെ നോക്കുന്ന ഉത്തരവാദിത്തമാണു ജുഡിഷ്യറി നിറവേറ്റുന്നത്. ഇത് അങ്ങനെയല്ലാതാകുമ്പോള്‍ തകരുന്നത് ഈ രാജ്യത്തെ നീതിനിര്‍വഹണവും ജനങ്ങള്‍ക്കു ജുഡിഷ്യറിയിലുള്ള വിശ്വാസവുമായിരിക്കും. അഥവാ നമ്മുടെ രാജ്യത്തെ നിയമവാഴ്ച അപകടത്തിലാവുന്ന അവസ്ഥയാവും അന്തിമഫലം.


നമ്മുടെ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം പലതരം തകര്‍ച്ചകളെയും കോട്ടങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. സംഘ്പരിവാര്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരം നേടിയ ശേഷം നടത്തിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട അജന്‍ഡയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും സുതാര്യതയും നഷ്ടപ്പെടുത്തും വിധമുള്ള ഭരണകൂട ഇടപെടലുകള്‍. ഇലക്ഷന്‍ കമ്മിഷന്‍ മുതല്‍ സുപ്രിം കോടതിവരെ ഈ രാഷ്ട്രീയ ഇടപെടല്‍ കാരണം ജനങ്ങളുടെ കണ്ണില്‍ വിശ്വാസ്യത നഷ്ടപ്പെട്ട സ്ഥാപനങ്ങളായി മാറുന്നു. ഒരുപക്ഷേ, ഏകാധിപത്യ പ്രവണതയും ഫാസിസ്റ്റ് രാഷ്ട്രീയവുമുള്ള രാജ്യത്തെ ഭരണകൂടം മനപ്പൂര്‍വം തന്നെയാവാം ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗൊഗോയിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ ഭരണകൂട തീരുമാനം നമ്മുടെ ജനായത്ത രീതിക്കും നീതിന്യായ സംവിധാനത്തിനും നിരക്കുന്നതല്ല. ഭരണകക്ഷിയും ഭരണഘടനാ സ്ഥാപനങ്ങളും തമ്മില്‍ ഉണ്ടാവാന്‍ പാടില്ലാത്ത ഇത്തരം നീക്കങ്ങള്‍ പക്ഷേ രാജ്യത്തു പതിവായിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.


സുപ്രിം കോടതിയിലെ നാലു ജഡ്ജിമാര്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് വാര്‍ത്താസമ്മേളനം നടത്തി ജനങ്ങളെ ഓര്‍മിപ്പിച്ച സംഭവം ഒന്നാം മോദി ഭരണക്കാലത്താണു നാം കണ്ടത്. ജനാധിപത്യശക്തികള്‍ക്ക് അവസാന ആശ്രയവും അത്താണിയുമായ ജുഡിഷ്യറിയില്‍ ജനത്തിനു സംശയം ജനിക്കുന്ന വിധിന്യായങ്ങള്‍ ഉണ്ടാവുകയും സുപ്രിം കോടതി നടപടികള്‍ വഴിവിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തുന്ന അവസ്ഥയുണ്ടായത്. സുപ്രിം കോടതി നടപടികള്‍ സ്തംഭിക്കുന്ന സ്ഥിതി ഇന്ത്യന്‍ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ ആദ്യത്തെ അനുഭവമായിരുന്നു. സുപ്രിം കോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. എന്നാല്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് ജുഡിഷ്യറി കേസുകള്‍ കൈകാര്യം ചെയ്യുന്നത് എന്നൊരു തോന്നല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാതെ നോക്കണം. ഇങ്ങനെയുള്ള അതീവ ഗുരുതരമായ കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതായപ്പോഴാണു മാധ്യമങ്ങള്‍ക്കു മുന്നിലേക്ക് തങ്ങള്‍ക്ക് വരേണ്ടി വന്നത് എന്നാണ് അന്നു നാല് ജഡ്ജിമാരും പറഞ്ഞത്.
അന്നത്തെ നാലു ജഡ്ജിമാരില്‍ ഒരാളായ രഞ്ജന്‍ ഗൊഗോയി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെ തന്റെ കാലം അവസാനിക്കുമ്പോള്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നു. സുപ്രിം കോടതി എത്തിപ്പെട്ട പ്രതിസന്ധിയെ പറ്റി ജനങ്ങളോട് സംസാരിക്കാന്‍ തയാറായ ഒരു ന്യായാധിപന്‍ അതേ ഭരണകൂടം വച്ചു നീട്ടുന്ന പാരിതോഷികം സ്വീകരിക്കുന്നു. ഇതില്‍ വ്യക്തമായ അപകടം പതിയിരിക്കുന്നു എന്നതില്‍ സംശയമില്ല.


വിരമിച്ച ന്യായാധിപന്മാര്‍ക്ക് ഉന്നതമായ സ്ഥാനങ്ങള്‍ നല്‍കുന്നതിനെതിരേ നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. 2012ല്‍ നടന്ന ബി.ജെ.പി ലീഗല്‍ സെല്‍ മീറ്റിങ്ങില്‍ അരുണ്‍ ജയ്റ്റ്‌ലി ഉന്നയിച്ച വിമര്‍ശനങ്ങള്‍ എതിരാളികളെ പോലും ബോധ്യപ്പെടുത്തുന്നതാണ്. ജഡ്ജിമാര്‍ക്കു പദവികള്‍ സമ്മാനിക്കുന്ന രീതിയുണ്ടാവാന്‍ പാടില്ല. അവര്‍ പുറപ്പെടുവിക്കുന്ന വിധികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. റിട്ടയര്‍മെന്റിനു ശേഷം കിട്ടിയേക്കാവുന്ന പദവികളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ സ്വാധീനിച്ചാല്‍ വിധികളില്‍ നീതിയും ന്യായവും ഇല്ലാതാവും എന്നായിരുന്നു ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടിയ വീഴ്ച. അതേ ജയ്റ്റ്‌ലി ജീവിച്ചിരിക്കെ, വിരമിച്ച ജസ്റ്റിസ് സദാശിവത്തെ ബി.ജെ.പി ഗവണ്‍മെന്റ് കേരളാ ഗവര്‍ണറായി നിയമിച്ചു. ജസ്റ്റിസ് ആദര്‍ശ് ഗോയലിനെ വിരമിച്ചയുടന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ തലവനാക്കി. ഇപ്പോള്‍ രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയില്‍ ഇരുത്തി ആദരിച്ചിരിക്കുന്നു. റാഫേല്‍, ബാബരി തുടങ്ങിയ വിധികളില്‍ കേന്ദ്ര ഭരണകൂടത്തിന്റെ താല്‍പര്യം പരിഗണിച്ച ഒരു ന്യായാധിപനു കിട്ടിയ പ്രതിഫലമെന്നേ പൊതുജനം ഇതിനെ തിരിച്ചറിയുന്നുള്ളൂ.


രഞ്ജന്‍ ഗൊഗോയി മാത്രമല്ല, എത്രയോ ന്യായാധിപന്മാര്‍ പ്രലോഭനമോ ഭീഷണിയോ കാരണം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട് എന്നു വേണം മനസ്സിലാക്കാന്‍. ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട എന്‍.ഐ.എ പ്രത്യേക കോടതിയുടെ വിധിന്യായം ഒരുദാഹരണം. ഈ കേസിലെ പ്രതി അസിമാനന്ദ അജ്മീര്‍ സ്‌ഫോടന കേസിലെയും കുറ്റാരോപിതനായിരുന്നു. രണ്ടു കേസുകളിലും പ്രതികള്‍ കുറ്റവിമുക്തരായി. മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെല്ലാം മുസ്‌ലിംകളായിരുന്നു. പ്രതികള്‍ മുഴുവന്‍ സംഘ്പരിവാറുമായി ബന്ധപ്പെട്ടവരും. അഥവാ ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദത്തിന്റെ പേരിലുള്ള കലാപങ്ങളും സ്‌ഫോടനങ്ങളും നിയമവ്യവസ്ഥയില്‍ കൈകടത്തി തേച്ചുമായ്ച്ചുകളയുന്ന നടപടികള്‍ ഒരുഭാഗത്ത് പുരോഗമിക്കുന്നു.


ജുഡിഷ്യറിയില്‍ സംശയം ജനിപ്പിച്ച മറ്റൊരു വിധി ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹരജികള്‍ തള്ളിക്കൊണ്ടുള്ള സുപ്രിം കോടതി വിധിന്യായമായിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കേസ് പരിഗണിക്കുന്ന സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ലോയ. അദ്ദേഹം സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടതില്‍ ഒരു സംശയവുമില്ലെന്നും അതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ജുഡിഷ്യറിക്കെതിരെയുള്ള തുറന്ന ആക്രമണമാണെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിപറഞ്ഞത്. ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊലക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മുന്‍മന്ത്രി മായ കോഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട വിധിയും സമാനമായ തരത്തിലായിരുന്നു. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം വിധികള്‍ ഏറെയുണ്ടായി. നിയമവും നിയപാലകരും ഭരണകൂടത്തിന്റെ ദാസ്യവേല ചെയ്യുന്ന അവസ്ഥ ഒരു രാജ്യത്തെ നിയമവാഴ്ചയുടെ അപചയമല്ലാതെ മറ്റൊന്നുമല്ല.


രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ അലങ്കരിച്ച രഞ്ജന്‍ ഗൊഗോയി അദ്ദേഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ട രാജ്യസഭാ എം.പി സ്ഥാനം നിരസിച്ചിരുന്നു എന്നു വയ്ക്കുക. അദ്ദേഹം ഏതാനും മാസങ്ങള്‍ക്കു മുമ്പു നിലകൊണ്ട ജുഡിഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും സംബന്ധിച്ച തത്വങ്ങളില്‍ ജനങ്ങള്‍ക്കു വിശ്വാസവും അദ്ദേഹത്തോട് ആദരവും വര്‍ധിക്കുന്ന ഒരു തീരുമാനം ആയേനെ അത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നിയമവും ന്യായാധിപരും (The Law and The Lawyers) എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. നിയമജ്ഞനായിരുന്ന മഹാത്മാവ് പ്രസ്തുത ഗ്രന്ഥത്തില്‍ നീതിക്കു നിരക്കാത്ത വിധി ഹിംസയാണെന്നും പൊതുവായ തിന്മകള്‍ക്കെതിരേ നിയമനിര്‍മാണം നടത്തുന്നതിനേക്കാള്‍ പ്രയോജനം ചെയ്യുക പ്രബുദ്ധരായ ജനതയും അവരുടെ അഭിപ്രായ രൂപീകരണവുമായിരിക്കുമെന്നും പറയുന്നു. നമുക്ക് ചെയ്യാവുന്നതും അതു തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ നീതിന്യായ വ്യവസ്ഥ പോലും മൂല്യത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു എന്നത് രാജ്യത്തെ ജനതയെ ബോധ്യപ്പെടുത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago