കൊവിഡിനെ മറയാക്കി ശ്രീറാമിനെ തിരിച്ചെടുക്കുമ്പോള്‍
ലോകവും ഇന്ത്യയും നാടൊട്ടുക്കും കൊവിഡ് ഭീതിയുടെ മുന്നില്‍ വിറച്ചിരിക്കുമ്പോള്‍, രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഈ മാരക രോഗത്തില്‍നിന്ന് രക്ഷതേടി സാമൂഹ്യ വ്യാപനം തടയാനായി സര്‍വതും ഉപേക്ഷിച്ച് സ്വന്തം പാര്‍പ്പിടത്തില്‍ കതകടച്ച് അഭയം തേടിയിരിക്കുമ്പോള്‍, തങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തില്‍ സര്‍വപ്രതീക്ഷകളുമര്‍പ്പിച്ച് രക്ഷകരെന്ന വിശ്വാസത്തിലിരിക്കുമ്പോള്‍ കേരള മനഃസാക്ഷിയെ നടുക്കിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ ധൃതിപ്പെട്ട് സര്‍വിസില്‍ തിരിച്ചെടുത്ത വാര്‍ത്ത ഞെട്ടലോടെയാണു നാം കേള്‍ക്കുന്നത്. കൊവിഡ് സംബന്ധിച്ചുള്ള പല സുപ്രധാന തീരുമാനങ്ങള്‍ക്കൊപ്പമാണു കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്ന ശ്രീറാം വെങ്കട്ടരാമനെ ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. കൊവിഡ് ഭീകരതയില്‍ പ്രതികരിക്കാന്‍ കഴിയാത്ത പൊതുസമൂഹത്തിനു നേരേ സര്‍ക്കാരിന്റെ ചാട്ടവാറടിയാണ് പ്രസ്തുത തീരുമാനം ഫലത്തില്‍ ഉണ്ടാക്കിയത്. കേരളീയ സമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും കൊവിഡിനെതിരേ തിരിഞ്ഞപ്പോള്‍ ഇതുപോലൊരു മനുഷ്യത്വഹീനമായ തീരുമാനം ധൃതിപ്പെട്ട് കൈക്കൊള്ളാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച വികാരമെന്താണ്?
ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തെ തുടര്‍ന്നു പ്രതി ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാനായി ഉന്നത ഐ.എ.എസ്-ഐപി.എസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഹീനമായ ചില നടപടികള്‍ കേസിനെ അട്ടിമറിക്കാന്‍ ലക്ഷ്യംവച്ചുള്ളതായിരുന്നു. വാഹനാപകട കേസില്‍ സംഭവം നടന്നയുടനെ ഡ്രൈവറുടെ മദ്യപാനം സംബന്ധിച്ചുള്ള പരിശോധന നിര്‍ബന്ധമായ കേസന്വേഷണം സംബന്ധിച്ച നടപടിക്രമമായിരുന്നിട്ടും ശ്രീറാം വെങ്കട്ടരാമന്റെ കാര്യത്തില്‍ വച്ചുപാര്‍പ്പിച്ച കാലതാമസം അന്ന് ഏറെ വിവാദമായിരുന്നു. പിന്നീടു അദ്ദേഹത്തെ മജിസ്‌ട്രേറ്റ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടപ്പോള്‍ ജയില്‍വാസം ഒഴിവാക്കാനായി 'പെട്ടെന്നൊരു രോഗ'മെന്ന കാരണം പറഞ്ഞ് ആശുപത്രിയിലെ വി.ഐ.പി സെല്ലില്‍ പാര്‍പ്പിച്ച് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള പൊലിസ് നടപടിയും നമ്മുടെ ഭരണകര്‍ത്താക്കള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തിരുന്നത്.
'നിങ്ങള്‍ എത്ര ഉന്നതനായാലും, നിയമം നിങ്ങള്‍ക്കു മീതെയാണ്' (Be you ever so high, law is above you) എന്ന പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് ആതുരശുശ്രൂഷാ വിദഗ്ധനും ചിന്തകനുമായിരുന്ന ഡോ. തോമസ് ഫുള്ളര്‍ (1654-1734) പറഞ്ഞ വചനങ്ങളാണു ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത ഇംഗ്ലിഷ് ന്യായാധിപന്‍ ലോര്‍ഡ് ഡെന്നിങ്ങ്‌സും നമ്മുടെ സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്‍മാരും തുടരെ തുടരെ നിരവധി വിധിന്യായങ്ങളില്‍ ഉദ്ധരിക്കാറുള്ളത്. നമ്മുടെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന 14ാം അനുഛേദം (തുല്യനീതി) 21ാം അനുഛേദം (ജീവിക്കാനുള്ള അവകാശം) എന്നീ സുപ്രധാന അവകാശങ്ങളെ സംബന്ധിച്ച ഭരണ-പ്രതിപക്ഷ നേതാക്കള്‍ വാ തോരാതെ രാജ്യവ്യാപാകമായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് കെ.എം ബഷീര്‍ എന്ന സാധാരണ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ മദ്യലഹരിയില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ തന്റെ പെണ്‍സുഹൃത്തുമായി സ്വബോധമില്ലാതെ കാറോടിച്ച് ജീവനപഹരിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന് ആര്‍ക്കുമില്ലാത്ത 'വി.ഐ.പി പരിഗണന' നല്‍കി കുറ്റവാളിയെ വെള്ളപൂശാനുള്ള നടപടി ഏതു നീതിശാസ്ത്രത്തിന്റെ ബലത്തിലാണ് ന്യായീകരിക്കാന്‍ സാധിക്കുക. മനഃപൂര്‍വമല്ലാത്ത നരഹത്യയെന്നു വിശേഷിപ്പിക്കാവുന്ന ഒരു കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമനെ ധൃതിപ്പെട്ട് സര്‍വിസില്‍ തിരിച്ചെടുക്കുകയും ആരോഗ്യവകുപ്പില്‍ തന്നെ ഉന്നതസ്ഥാനം നല്‍കിയ സര്‍ക്കാര്‍ നടപടിയും ഏറെ സംശയങ്ങള്‍ ജനിപ്പിക്കുന്നു.
ശ്രീറാം വെങ്കട്ടരാമനെതിരേ പ്രോസിക്യൂഷന്‍ കേസില്‍ അശ്രദ്ധ മൂലമോ കൊലപാതകമല്ലാത്ത നരഹത്യയോ എന്നതിന് കെ.എം ബഷീറിനെ ചികിത്സിച്ച, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും പൊലിസ് സാക്ഷികളുടെയും മൊഴി നിര്‍ണായകമായിരിക്കെ പ്രതിസ്ഥാനത്തിരിക്കുന്ന വ്യക്തിയെ ഉന്നത സര്‍ക്കാര്‍ പദവിയില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നിയമിക്കുന്നതു കേസ് വിചാരണ അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന ആശങ്ക തികച്ചും ന്യായയുക്തമാണ്. ഈ ഘട്ടത്തില്‍ ശ്രീറാം വെങ്കട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാന്‍ പോലും മതിയായ കാരണമാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന പ്രതിക്കെതിരേ ഏതു സാക്ഷികള്‍ നിര്‍ഭയമായി മൊഴി നല്‍കാന്‍ ധൈര്യപ്പെടുമെന്ന ന്യായമായ ആശങ്ക വിചാരണ കോടതിക്കോ ഹൈക്കോടതിക്കോ പരിശോധിക്കാവുന്നതാണ്. ബോംബെ തെരുവില്‍ കിടന്നുറങ്ങിയ വഴിയോരക്കാരെ മദ്യപിച്ച് കാറോടിച്ച് കൊലപ്പെടുത്തിയ ഹോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കേസിനു സമാനമായ സംഭവമാണ് ശ്രീറാം വെങ്കിട്ടരാമനെതിരേയുള്ള കേസ്.
ശ്രീറാമിനെതിരേയുള്ള വകുപ്പുതല അന്വേഷണത്തില്‍ നിര്‍ദോഷിയാണെന്നു കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ സര്‍വിസില്‍ തിരികെയെടുത്തതെന്നാണു സര്‍ക്കാര്‍ ഭാഷ്യം. വകുപ്പുതല അന്വേഷണ വേളയില്‍ മൊഴിനല്‍കാനായി സംഭവസമയം യാത്രചെയ്ത സഹയാത്രിക ഹാജരാവാതിരുന്നതിനാലാണു ശ്രീറാമിനെതിരേയുള്ള കുറ്റം തെളിയിക്കപ്പെടാതിരുന്നതെന്ന മുടന്തന്‍ ന്യായം അടിസ്ഥാനപ്പെടുത്തിയുള്ള സര്‍ക്കാര്‍ നടപടി തികച്ചും പരിഹാസ്യമാണ്. ക്രിമിനല്‍ കുറ്റ വിചാരണ പൂര്‍ത്തീകരിച്ച് നിരപരാധിത്വം തെളിയിക്കാതെ ഇത്ര ഹീനമായ ഒരു കേസിലെ പ്രതിയെ സര്‍ക്കാര്‍ ഉന്നതസ്ഥാനം നല്‍കി സര്‍വിസില്‍ തിരിച്ചെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വഞ്ചനാത്മകമായ മൗനം കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയായേ കാണാനൊക്കൂ.
വകുപ്പുതല അന്വേഷണത്തിനു ശേഷം സര്‍വിസില്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് ശ്രീറാം കോടതിയെ സമീപിച്ചേക്കുമെന്ന നിയമോപദേശമാണു ധൃതിപ്പെട്ട് തിരിച്ചെടുത്തതെന്നാണു സര്‍ക്കാര്‍ ഭാഗത്തുനിന്നു പറഞ്ഞുകേള്‍ക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തെ ഇടതുഭരണത്തില്‍ പല ഉന്നത ഉദ്യോഗസ്ഥരെയും സര്‍വിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ട സംഭവങ്ങള്‍ ഉണ്ടായത് ആരും വിസ്മരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷം ഏറെ പ്രകീര്‍ത്തിച്ച ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥാനായിരുന്നു അന്നത്തെ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസ്. സര്‍ക്കാരിന് അപ്രിയമായ ചില വസ്തുതകള്‍ ഉള്‍ക്കൊണ്ട ഒരു പുസ്തകമെഴുതിയെന്ന ഒറ്റ കാരണത്താല്‍ ജേക്കബ് തോമസിനെ സര്‍വിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ആ നടപടി നിയമവിരുദ്ധമാണെന്ന കാരണത്താല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും സുപ്രിംകോടതിയും അദ്ദേഹത്തെ സര്‍വിസില്‍ തിരിച്ചെടുക്കാന്‍ വിധിച്ചിട്ടും സര്‍ക്കാര്‍ വഴങ്ങാതെ പിന്നീട് കോടതിയലക്ഷ്യ നടപടി നോട്ടിസ് വന്നപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് വളരെ അപ്രധാന തസ്തികയില്‍ നിയമനം നല്‍കിയത്.
പൊലിസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെ സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടും തിരിച്ചെടുക്കാതിരുന്നതിനെ തുടര്‍ന്നു സര്‍ക്കാരിന്റെ വീഴ്ചയ്ക്കു പിഴയടച്ചതിനു ശേഷമാണു അദ്ദേഹത്തെ തിരികെ സര്‍വിസില്‍ പ്രവേശിപ്പിച്ചിരുന്നത്. പരമോന്നത കോടതി തിരികെ സര്‍വിസില്‍ പ്രവേശിപ്പിക്കാന്‍ വിധിച്ചിട്ടും ടി.പി സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും തിരിച്ചെടുക്കാന്‍ തയാറാവാതിരുന്ന സര്‍ക്കാര്‍ ശ്രീറാം കോടതിയെ സമീപിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ മറപിടിച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റവിചാരണ നേരിടുന്ന ഒരു പ്രതിയെ ധൃതിപ്പെട്ട് സര്‍വിസില്‍ തിരിച്ചെടുത്ത നടപടി തികച്ചും നിയമവിരുദ്ധവും ഒരിക്കലും നീതീകരിക്കാവുന്നതുമല്ല.
ഉന്നതങ്ങളിലെ സ്വാധീന ബലത്തില്‍ സാധാരണ വ്യക്തിയുടെ ഭരണഘടനാവകാശങ്ങള്‍ ഹനിക്കുന്ന നടപടിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ സന്ദേശമാണു ശ്രീറാം വെങ്കട്ടരാമന്റെ വിഷയത്തില്‍ കേസിന്റെ ആരംഭം മുതല്‍ സര്‍വിസില്‍ തിരിച്ചെടുക്കാനുള്ള ഏറ്റവും ഒടുവിലത്തെ സര്‍ക്കാര്‍ നടപടി വരെ നല്‍കുന്നത്. ഉന്നതര്‍ക്കെതിരേയുള്ള നടപടിയില്‍ നിയമത്തെ നിയമത്തിന്റെ വഴിക്കു സ്വതന്ത്രമായി വിടേണ്ടതിനു പകരം നിയമത്തെ സര്‍ക്കാര്‍ തങ്ങളുടെ വഴിക്കു പിടിച്ചുകെട്ടുന്നതു നമ്മുടെ ഭരണ വ്യവസ്ഥയുടെ മരണമണി മുഴങ്ങാന്‍ കാരണമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.
(കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന
അഭിഭാഷകനും മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷനുമാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."