എന്‍.ഐ.എഫ്.ടി ചെയര്‍മാനായി മുന്‍ എം.പി; യോഗ്യതയില്ലെന്ന് ആരോപണം
ന്യൂഡല്‍ഹി: ഒരുവേള കെട്ടടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നിയമന വിവാദം വീണ്ടും പൊങ്ങുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി) ചെയര്‍മാനായി മുന്‍ ബി.ജെ.പി എം.പിയും ക്രിക്കറ്റ് കളിക്കാരനുമായിരുന്ന ചേതന്‍ ചൗഹാനെ നിയമിച്ചതാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ഈ സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന്റെ യോഗ്യതയെന്താണെന്നാണ് ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വിമര്‍ശകര്‍ ചോദിക്കുന്നത്.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്‍ദേശപ്രകാരമാണ് ചൗഹാന് ഇങ്ങനൊരു നിയമനമുണ്ടായതെന്നാണ് ആരോപണം. നിയമനത്തെ ചോദ്യം ചെയ്ത് എ.എ.പി രംഗത്തെത്തിയിട്ടുണ്ട്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍സര്‍ ബോര്‍ഡ് നിയമനങ്ങള്‍ പോലെത്തന്നെയാണ് ഇതുമെന്ന് എ.എ.പി വക്താവ് രാഘവ് ചാധ പറഞ്ഞു. നിയമനം ബുദ്ധിശൂന്യമാണെന്നും അദ്ദേഹത്തിന് ഫാഷനിലെ എഫ് പോലും അറിയില്ലെന്നും ചാധ വിമര്‍ശിച്ചു. നിലവില്‍ ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ചെയർമാന്‍ കൂടിയാണ് ഇദ്ദേഹം.
2006 ലെ എന്‍.ഐ.എഫ്.ടി ആക്ട് പ്രകാരം ചെയര്‍മാനായി നിയമിതനാവുന്ന ആള്‍ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മേഖലയില്‍ നിന്നുള്ള ആളായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കുന്നുണ്ട്. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ വരുന്ന ഈ ബോഡിയുടെ ചെയര്‍മാനെ നാമനിര്‍ദേശം ചെയ്യേണ്ടത് സ്ഥാപനത്തിന്റെ വിസിറ്റര്‍ കൂടിയായ രാഷ്ട്രപതിയാണ്.
ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നടന്‍ ഗജേന്ദ്ര ചൗഹാന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാനായി പഹ് ലാജ് നിഹാലാനി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്‍മാനായി വൈ സുദര്‍ശന്‍ റാവുവിനെ നിയമിച്ചതും നേരത്തെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."