അട്ടപ്പാടിയിലെ ശിശുമരണ നിരക്കിനെ ചൊല്ലി സഭയില്‍ തര്‍ക്കം
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണ നിരക്കിനെ ചൊല്ലി സഭയില്‍ തര്‍ക്കവും ബഹളവും. ഇന്നലെ ചോദ്യോത്തരവേളയില്‍ 2017-18ല്‍ അട്ടപ്പാടിയില്‍ ആകെ 13 ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
എന്നാല്‍ കഴിഞ്ഞ ദിവസം പാസാക്കിയ ഉപധനാഭ്യര്‍ത്ഥനയില്‍ 34 ശിശുമരണങ്ങള്‍ ഉണ്ടായതായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.സി ജോസഫ് എഴുന്നേറ്റതോടെയാണ് സഭ വാദപ്രതിവാദത്തിനും ബഹളത്തിനും വഴിമാറിയത്. താന്‍ പറഞ്ഞത് 2017-18ലെ മാത്രം കണക്കാണെന്നും ഉപധനാഭ്യര്‍ത്ഥനയിലേത് മുന്‍ വര്‍ഷത്തേതുകൂടി ഉള്‍പ്പെട്ടിരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
മാത്രമല്ല, പ്രതിപക്ഷ എം.എല്‍.എ എന്‍. ശംസുദ്ദീന്‍കൂടി ഉള്‍പ്പെട്ട പ്രത്യേക സമിതി ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന് ബോധ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉപധനാഭ്യര്‍ത്ഥന അതാത് വകുപ്പുകളില്‍ നിന്നാണ് ലഭിക്കുന്നതെന്നും ഇക്കാര്യത്തില്‍ തെറ്റുപറ്റാനിടയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇതിനിടെ ആരോഗ്യ മന്ത്രിയെ പിന്തുണച്ച് മന്ത്രി എ.കെ ബാലന്‍ എഴുന്നേറ്റു. ഔദ്യോഗിക കണക്കുകളാണ് സഭയില്‍ വെച്ചതെന്നും ഇതുവരെ മരണപ്പെട്ടവരുടെ കണക്കാണ് ഉപധനാഭ്യര്‍ത്ഥനയില്‍ ഉണ്ടായിരുന്നത് എന്നുമായിരുന്നു ബാലന്റെ വിശദീകരണം.
ഇതിനിടെ ബാലന്റെ മറുപടി തടസപ്പെടുത്താന്‍ പി.ടി തോമസ് അടക്കം പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. ഇതോടെ വാക് പോര് രൂക്ഷമായി.ആരാഗ്യമന്ത്രി കണക്കുകള്‍ പരിശോധിച്ച് സഭയെ അറിയിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും ബഹളം തീര്‍ന്നില്ല. സ്പീക്കര്‍ വീണ്ടും ആരോഗ്യ മന്ത്രിയോട് വിശദമായി പരിശോധിച്ച് സഭയെ അറിയിക്കാന്‍ പറഞ്ഞെങ്കിലും, അങ്ങ് തന്നെ പരിശോധിച്ചാല്‍ മതിയെന്നായി മന്ത്രി. ഇത് കേട്ട് സ്പീക്കറെയും അവഹേളിച്ചുവെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളമുണ്ടാക്കി.
എന്നാല്‍ മന്ത്രി പരിശോധിച്ച് റിപ്പോര്‍ട്ട് തരുമ്പോള്‍ അത് സഭയെ അറിയിക്കാനാണ് പറഞ്ഞതെന്ന് സ്പീക്കര്‍ തിരുത്തി. തുടര്‍ന്നും ബഹളമുണ്ടായതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി തര്‍ക്കം നീണ്ടുപോകേണ്ട കാര്യമില്ലെന്നും രണ്ടു കണക്കുകളും പരിശോധിച്ച് എതാണ് ശരിയെന്ന് സഭയെ അറിയിക്കുമെന്നും പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."