HOME
DETAILS
MAL
ഷാപ്പുലേലം പൂര്‍ത്തിയായതിനു പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം
backup
March 24 2020 | 04:03 AM
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഷാപ്പ് ലേലം തകൃതിയായി നടക്കുന്നതിനാലാണ് കേന്ദ്ര നിര്‍ദേശമുണ്ടായിട്ടും കൊവിഡ്-19 ആരോഗ്യനിയന്ത്രണങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതെന്ന് സൂചന.
സംസ്ഥാനത്ത് ആളുകള്‍ കൂട്ടം കൂടുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ടെന്നിരിക്കേയാണ് എല്ലാ ജില്ലകളിലും ഷാപ്പുലേലം നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ പൊടിപൊടിച്ച് നടക്കുന്നത്.എറണാകുളത്ത് നടന്ന ലേലത്തില്‍ എക്‌സൈസ് അധികൃതര്‍ ഉള്‍പ്പെടെ 200 ല്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ് മാധ്യമങ്ങള്‍ എത്തിയതോടെ ലേലം നിര്‍ത്തിവയ്ക്കുകയും പിന്നീട് എക്‌സൈസ് ഡിവിഷണല്‍ ഓഫിസില്‍ തുടരുകയുമായിരുന്നു. 641 ഷാപ്പുകളാണ് എറണാകുളത്ത് ലേലം ചെയ്തത്.
കലക്ടറേറ്റുകളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഷാപ്പുലേലങ്ങളില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. 80 ജില്ലകളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന കേന്ദ്ര നിര്‍ദേശം നിലനില്‍ക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ അതിനു തുനിയാതെ ഷാപ്പുലേലം എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി പണമുണ്ടാക്കാന്‍ ശ്രമം നടത്തിയത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ ചീഫ് സെക്രട്ടറിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസും പങ്കെടുത്തിരുന്നു. കൊവിഡ്-19 ന്റെ രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ 80 ജില്ലകളില്‍ ലോക്ക് ഡൗണിലേക്ക് പോവുകയാണെന്നും കേരളത്തിലെ പത്തു ജില്ലകളില്‍ ഇത് നടപ്പാക്കണമെന്നും തീരുമാനമെടുത്തിരുന്നു. മീറ്റിംഗിനു പിന്നാലെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയെങ്കിലും ഞായറാഴ്ച രാത്രി വൈകി സംസ്ഥാന രാഷ്ട്രീയ നേതൃത്വം ഇതിനെതിരേ പ്രതികരിക്കുന്നതാണ് കണ്ടത്.
ജില്ലകള്‍ അടച്ചിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് രേഖാമൂലം അറിയിക്കുകയും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തതോടെ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയത്തില്‍ പിശകുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
ഇതോടെ ഇക്കാര്യത്തില്‍ അടുത്ത ദിവസം തന്നെ തീരുമാനമുണ്ടാകുമെന്ന് വിശദീകരണമുണ്ടായി. എന്നാല്‍, ഒന്നോ രണ്ടോ ദിവസം നിയന്ത്രണങ്ങള്‍ നീട്ടിവയ്ക്കുകവഴി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഷാപ്പ് ലേലം പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണുണ്ടായതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ലോക്ക്ഡൗണ്‍ ഉത്തരവിനെ മറികടന്ന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷാപ്പുലേലം പൂര്‍ത്തിയായതോടെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."