മലപ്പുറം കയറാന്‍ കോണി റെഡി: ആളെ തിരഞ്ഞ് സി.പി.എം
മുഹമ്മദലി പേലേപ്പുറം#
സംസ്ഥാനത്തെ മറ്റു ലോക്‌സഭാ മണ്ഡലങ്ങളെ അപേക്ഷിച്ച് യു.ഡി.എഫിനു പാട്ടുംപാടി ജയിക്കാവുന്ന മണ്ഡലമാണ് മലപ്പുറം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞടുപ്പിലും യു.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷം മലപ്പുറത്തുണ്ട്. ആറു നിയമസഭാ മണ്ഡലങ്ങളും ലീഗിന്റെ കൈയില്‍. മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പ് 2004ല്‍ മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ ഒരു തവണ മാത്രമേ യു.ഡി.എഫിന് ഇവിടെ കാലിടറിയിട്ടുള്ളൂ. മണ്ഡലത്തിന്റെ പേരും അതിര്‍ത്തികളും മാറി മലപ്പുറമായതോടെ ലീഗ് വീണ്ടും കരുത്തു കാട്ടി. പിന്നീട് 2009ലും 2014ലും വന്‍ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഇ. അഹമ്മദ് കോണി കയറി പാര്‍ലമെന്റിലെത്തിയത്. 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും വന്‍ ഭൂരിപക്ഷത്തിന് പച്ചക്കൊടി നാട്ടി.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ് പാര്‍ട്ടി ആദ്യ പരിഗണന നല്‍കുന്നത്. അദ്ദേഹം മത്സര സന്നദ്ധത അറിയിച്ചതായാണ് സൂചന. അങ്ങനെയെങ്കില്‍ രണ്ടാമതൊരാളെക്കുറിച്ച് പാര്‍ട്ടി ആലോചിക്കില്ല. ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രാപ്തനായ സ്ഥാനാര്‍ഥിയില്ലെന്നതാണ് സി.പി.എമ്മിന്റ പരിമിതി. ടി.കെ ഹംസയെ ഒഴിച്ചുനിര്‍ത്തിയാല്‍ നല്ലൊരു മത്സരം കാഴ്ച്ച വയ്ക്കാന്‍ പോലും കഴിയാത്ത സ്ഥാനാര്‍ഥികളായിരുന്നു സി.പി.എമ്മിന്റേത്.
ഇ. അഹമ്മദിനെതിരേ മത്സരിച്ച പി.കെ സൈനബയുടെയും കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തിറക്കിയ എം.ബി ഫൈസലിന്റെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായതായി പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി അനില്‍, മുന്‍ എം.എല്‍.എ വി.ശശികുമാര്‍, ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ടി സോഫിയ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ മുബശ്ശിര്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. പൊന്നാനിയില്‍ വി. അബ്ദുറഹ്മാനെ പരീക്ഷിച്ചതുപോലെ പുറത്തുനിന്ന് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള ചര്‍ച്ചയും സജീവമാണ്. പരാജയം ഉറപ്പുള്ള സീറ്റില്‍ പാര്‍ട്ടി നേതാക്കളെ മത്സര രംഗത്തിറക്കി ചാവേറുകളാക്കുന്നതിനു പകരം പൊതുസമ്മതരായ സ്വതന്ത്രരെ രംഗത്തിറക്കിയാല്‍ നല്ല മത്സരമെങ്കിലും കാഴ്ച്ചവയ്ക്കാനാവുമെന്ന അഭിപ്രായമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുയരുന്നത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ കുഞ്ഞാലിക്കുട്ടിക്ക് ഉപതെരഞ്ഞെടുപ്പിലുണ്ടായ അനുകൂല ഘടകങ്ങള്‍ ഇപ്പോഴില്ലെന്ന വിലയിരുത്തലിലാണ് സി.പി.എം. മുത്വലാഖ് ബില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അദ്ദേഹം നേരിട്ട വിമര്‍ശനങ്ങള്‍ തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്.
2009ലാണ് മണ്ഡല പുനര്‍നിര്‍ണയത്തില്‍ മഞ്ചേരി പേരു മാറി മലപ്പുറമായത്. ഇതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസവും വര്‍ധിച്ചു. മഞ്ചേരി മണ്ഡലത്തിലുണ്ടായിരുന്ന സി.പി.എം ശക്തികേന്ദ്രങ്ങളായിരുന്ന ബേപ്പൂരും കുന്ദമംഗലവും പോയി. കോണ്‍ഗ്രസ് സ്വാധീന മേഖലകളായ വണ്ടൂരും നിലമ്പൂരും വയനാട് മണ്ഡലത്തിന്റെ ഭാഗമായി. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ലീഗ് അംഗങ്ങള്‍. പുനര്‍നിര്‍ണയത്തില്‍ പൊന്നാനിയില്‍ നിന്ന് മലപ്പുറത്തോട് ചേര്‍ന്ന പെരിന്തല്‍മണ്ണയിലും മങ്കടയിലും സി.പി.എമ്മിന് സ്വാധീനമുണ്ടെങ്കിലും മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, മഞ്ചേരി മണ്ഡലങ്ങള്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. വള്ളിക്കുന്നിലും യു.ഡി.എഫിനു തന്നെയാണ് മേല്‍ക്കൈ.
കൊണ്ടോട്ടി നഗരസഭ, വാഴക്കാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായുണ്ടായിരുന്ന പിണക്കം മാറ്റി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണസജ്ജമാണ് മുസ്‌ലിം ലീഗ്. ഈ മാസം 20 മുതല്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മുസ്‌ലിം ലീഗിന്റെ ജില്ലാ സമ്മേളനവും പുതുതായി നിര്‍മിച്ച ഓഫിസ് കെട്ടിടോദ്ഘാടനവും കഴിയുന്നതോടെ പൂര്‍ണമായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാനാണ് ലീഗ് തീരുമാനം. മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിനായി പാര്‍ട്ടിയുടെ പോഷക സംഘടനകളെല്ലാം കര്‍മരംഗത്തുണ്ട്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഇ.അഹമ്മദ് 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ സൈനബയെ തോല്‍പ്പിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,18,696 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1,71,023 ആയിരുന്നു യു.ഡി.എഫ് ഭൂരിപക്ഷം. 2019ലെ തെരഞ്ഞെടുപ്പിലും പച്ചക്കോട്ടയിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് കളത്തിലിറങ്ങുന്നത്. ഏകപക്ഷീയ മത്സരം ഇത്തവണയുണ്ടാകില്ലെന്ന് സി.പി.എമ്മും പറയുന്നു. പുതുവോട്ടര്‍മാര്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മണ്ഡലത്തില്‍ സാമ്പത്തിക സംവരണവും മുത്വലാഖും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."