ബ്രണ്ണന്‍ കോളജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്: വി.ടി ബല്‍റാം
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്.
സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടാണ് ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്നും അതില്‍ പ്രകോപിതനാവേണ്ടെന്നും ബല്‍റാം പറഞ്ഞു. ബ്രണ്ണന്‍ കോളജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല.
തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്.
ആടിനെ പട്ടിയാക്കുന്ന സി.പി.എം സൈബര്‍ പ്രചരണത്തിന് മറുപടി എന്ന നിലയില്‍ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ 'എടാ' എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാന്‍ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത് വീഡിയോയും ആര്‍ക്കും പരിശോധിക്കാം.
അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. ആ തന്ത്രം സൈബര്‍ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."