മുസ്‌ലിം ലീഗിനറിയില്ല മുസ്‌ലിം ലീഗിന്റെ ശക്തി
അമീര്‍#
ഐക്യജനാധിപത്യ മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ പത്താം തിയതിയോടുകൂടി സജീവമാകും. കഴിഞ്ഞ ചര്‍ച്ചയിലെ ധാരണ പ്രകാരം ഘടകകക്ഷികളുടെ അവകാശവാദങ്ങള്‍ അന്നു ചര്‍ച്ച ചെയ്യും. മുസ്‌ലിം ലീഗ് മൂന്നാമതൊരു സീറ്റ് ചോദിക്കുന്നതും കേരളാ കോണ്‍ഗ്രസ്(എം) രണ്ടാമതൊരു സീറ്റിന് അവകാശവാദമുന്നയിച്ചതും മുന്നണി ചര്‍ച്ചയ്‌ക്കെടുക്കും. ഒടുവില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും പുതിയ സീറ്റ് വേണ്ടെന്ന ധാരണയിലെത്തും. ഇതാണ് സംഭവിക്കാന്‍ പോകുന്നത്. രാജ്യം നേരിടുന്ന വലിയ ദുരന്തം തടയുകയാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്ന് മുന്നണി ഏകകണ്ഠമായി അംഗീകരിക്കും.
ലീഗിന്റെ അവകാശവാദത്തെ ചെറുതാക്കാനാണ് കേരളാ കോണ്‍ഗ്രസിന്റെ കൂടി അവകാശം ചര്‍ച്ചയ്‌ക്കെടുത്തത്. അപ്പോള്‍ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നു എന്ന രീതിയില്‍ ചര്‍ച്ച ലഘൂകരിക്കാന്‍ കഴിയും. കേരളാ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും അവകാശവാദം ഒരുപോലെയാണോ. രാജ്യസഭയില്‍ രണ്ടു സീറ്റുണ്ടായിരുന്ന ലീഗിന് ഒരു സീറ്റ് നഷ്ടപ്പെട്ടു എന്നതും രാജ്യസഭയില്‍ പ്രാതിനിധ്യമില്ലാത്ത കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് ദാനമായി നല്‍കിയാണ് മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്നതും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനും കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്നതാണ്. മുന്നണിക്ക് ഇത് അറിയാത്തതുകൊണ്ടല്ല ഇങ്ങനെ ഒരു സംവാദമാക്കിമാറ്റിയത്. മാണി- ജോസഫ് തര്‍ക്കത്തിന്റെ പേരുപറഞ്ഞ് ഒരു പുതിയ സീറ്റിനുകൂടി അവകാശവാദം ഉന്നയിക്കുകയും പല ഘടകകക്ഷികളും സീറ്റ് ആവശ്യപ്പെടുന്നു എന്ന നിലയില്‍ ചര്‍ച്ച കൊണ്ടെത്തിക്കുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു. അംഗബലത്തിന്റെ കാര്യവും ജനസ്വാധീനവും കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രഭാതം ലേഖനങ്ങളും മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. അത് ആവര്‍ത്തിക്കുന്നില്ല. സംഘടനാശക്തിയും മുന്നണിയിലെ ജനസ്വാധീനവും പരിഗണിച്ചാല്‍ ന്യായമായും ലീഗിന് അഞ്ചു സീറ്റുകള്‍ വരെ അവകാശപ്പെടാവുന്നതാണ്. നിയമസഭയിലാവട്ടെ 40 സീറ്റുകള്‍ക്കു വരെ ലീഗിന് അവകാശമുണ്ട്. കുറഞ്ഞത് 35 സീറ്റുകളില്‍ മത്സരിച്ച് 25- 30 എങ്കിലും നേടാനുള്ള ശക്തി ന്യായമായി ലീഗിനുണ്ട്. അതാണ് 20- 25 സീറ്റുകള്‍ വാങ്ങി പതിനെട്ടും ഇരുപതും സീറ്റില്‍ ജയിക്കുന്ന അവസ്ഥയില്‍ ഒതുങ്ങുന്നത്. ആനയുടെ വലിപ്പം ആനക്കറിയില്ല എന്ന് പറയാറുള്ള പോലെ ലീഗിന്റെ വലിപ്പം ലീഗിനല്ല വേണ്ട പോലെ യൂത്ത് ലീഗിന് പോലുമറിയില്ല. ഈ അപകര്‍ഷതാബോധം കളയാതെ സംഘടന രക്ഷപ്പെടില്ല.
സംഘ്പരിവാര്‍ ശക്തികളുടെ ആധിപത്യത്തില്‍ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിച്ചെടുക്കേണ്ട സന്ദര്‍ഭമാണിത്. എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒന്നിക്കേണ്ട അവസരമാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഏറ്റവും വലിയ ഒന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ് ആയെങ്കില്‍ മാത്രമേ മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ആദ്യം ക്ഷണിക്കാന്‍ രാഷ്ട്രപതി നിര്‍ബന്ധിതനാവുകയുള്ളൂ. സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കാം. എന്നാല്‍ പോലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള ഒറ്റക്കക്ഷി എന്ന നിലയില്‍ ബി.ജെ.പിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ സമയം കൊടുക്കുകയും ചെയ്താല്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അവസരമൊരുങ്ങും. ഏറ്റവും സമ്പന്നമായ സാമ്പത്തിക സ്രോതസുള്ള പാര്‍ട്ടി ബി.ജെ.പി ആണെന്നിരിക്കെ അവര്‍ കോടികള്‍ വാരിവിതറി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമുണ്ടാക്കും. അതിനായി എന്തും ചെയ്യാന്‍ മോദി- അമിത് ഷാ കൂട്ടുകെട്ട് തയാറാകും. അങ്ങനെ വന്നാല്‍ രാജ്യം വര്‍ഗീയ വിധ്വംസക ശക്തികളുടെ കരങ്ങളില്‍ കിടന്ന് ഞെരിഞ്ഞമരും. തകര്‍ന്നു തരിപ്പണമാകും. പിന്നീട് ഒരു തിരിച്ചുപോക്ക്, ഉയിര്‍ത്തെഴുന്നേല്‍പ്പ് അസാധ്യമാകും. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യം അതല്ലാതായി മാറും. ഈയൊരു ദുരന്തം നാട്ടില്‍ സംഭവിച്ചുകൂടാ എന്നത് എല്ലാ ജനാധിപത്യ മതേതര കക്ഷികളും അംഗീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പിനു ശേഷം ആവശ്യമായ പരിഗണനകള്‍ നല്‍കാമെന്ന് മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി ഘടകകക്ഷികളെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞേക്കും. രണ്ടു മന്ത്രിസഭകളില്‍ സഹമന്ത്രി സ്ഥാനം വഹിച്ച ലീഗിന് കാബിനറ്റ് പദവിയും കേരളാ കോണ്‍ഗ്രസിന് കെ.എം മാണിയുടെയും പാര്‍ട്ടിയുടെയും ചിരകാല സ്വപ്നമായ സഹമന്ത്രി സ്ഥാനവും.
സ്വതന്ത്രഭാരതത്തില്‍ മുസ്‌ലിംലീഗ് കൈയൊപ്പ് ചാര്‍ത്താത്ത ഒരു പാര്‍ലമെന്റും കടന്നുപോയിട്ടില്ല .1952 ല്‍ ബി. പോക്കര്‍ സാഹിബില്‍ തുടങ്ങിയ ജൈത്രയാത്ര അനുസ്യൂതം തുടരുകയാണ്. 1957ലും പോക്കര്‍ സാഹിബ് അംഗമായിരുന്നു. തുടര്‍ന്ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, സി.എച്ച് മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഗുലാം മഹമൂദ് ബനാത്ത് വാല, ഇ. അഹമ്മദ് ഇങ്ങനെ പോകുന്നു ലോക്‌സഭയില്‍ അംഗങ്ങളായ ലീഗ് നേതാക്കന്മാരുടെ പട്ടിക. ഇവരുടെ ശബ്ദം ഇടിമുഴക്കമായി ലോക്‌സഭയില്‍. വലിയ ഒരു ന്യൂനപക്ഷ സമുദായത്തിന്റെ വികാരമായിരുന്നു അത്. ഇപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരും ലോക്‌സഭയിലുണ്ട്. രാജ്യസഭയിലും സേട്ടു സാഹിബ്, ബി.വി അബ്ദുല്ലക്കോയ, ഹമീദലി ഷംനാട്, കൊരമ്പയില്‍ അഹമ്മദ് ഹാജി, അബ്ദുസമദ് സമദാനി തുടങ്ങിയ നേതാക്കളും അംഗങ്ങളായിരുന്നു. ഇപ്പോള്‍ പി.വി അബ്ദുല്‍ വഹാബ് അംഗമാണ്. രാജ്യസഭയില്‍ ലീഗിന് രണ്ട് അംഗങ്ങളുള്ള സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
1962ല്‍ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് സി.എച്ച് മുഹമ്മദ് കോയ ലോക്‌സഭയിലെത്തിയത് മുന്നണി സഹായത്തോടെ ആയിരുന്നില്ല. പിളരാത്ത കോണ്‍ഗ്രസും പിളരാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘവും സ്ഥാനാര്‍ഥികളെ നിര്‍ത്തി ശക്തമായ പോരാട്ടം നടത്തിയിരുന്നു. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് നാമനിര്‍ദേശപത്രിക നല്‍കി തിരിച്ചുപോയതില്‍ പിന്നെ വിജയാഘോഷത്തിനുശേഷമാണ് മണ്ഡലത്തിലേക്കു തിരിച്ചു വന്നത്. ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പോലും പങ്കെടുക്കാതെ വിജയശ്രീലാളിതനായി മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ്.
1952ലെ പ്രഥമ തെരഞ്ഞെടുപ്പില്‍ കേരള സംസ്ഥാനം രൂപം കൊണ്ടിരുന്നില്ല. അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. മലബാറില്‍നിന്ന് അഞ്ച് നിയമസഭാ സീറ്റും ഒരു ലോക്‌സഭാ സീറ്റും തനിച്ചു നേടാന്‍ ലീഗിനു കഴിഞ്ഞു. അന്നു പിളരാത്ത കോണ്‍ഗ്രസ്, പിളരാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയവരോട് ഏറ്റുമുട്ടിയാണ് ലീഗ് നേതാക്കള്‍ വിജയിച്ചത്. ബി. പോക്കര്‍ സാഹിബ് പാര്‍ലമെന്റിലേക്കും കെ. ഉപ്പി സാഹിബ്, കെ.എം സീതി സാഹിബ്, ചാക്കീരി അഹമ്മദ്കുട്ടി, കെ.കെ മുഹമ്മദ് ഷാഫി, എം. ചടയന്‍ എന്നിവര്‍ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ദൗര്‍ഭാഗ്യകരമായ ചിത്രം അതല്ല. അന്ന് കോണ്‍ഗ്രസിന് നാലു പേരെ മാത്രമേ എം.എല്‍.എമാരായി വിജയിപ്പിക്കാനായുള്ളു. പാര്‍ലമെന്റിലേക്കാവട്ടെ ലീഗിനെപ്പോലെ ഒരു സീറ്റും. അതും പട്ടികജാതി സംവരണ സീറ്റ്. വെള്ള ഈച്ചരനായിരുന്നു അന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ല്‍ നടന്ന തെരഞ്ഞെടുപ്പിലും ലോക്‌സഭാംഗമായി ലീഗിലെ ബി. പോക്കര്‍ സാഹിബ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് എട്ടു സീറ്റുകളിലും ലീഗ് വിജയിച്ചു. ഇതും കോണ്‍ഗ്രസിന്റെയോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ പിന്തുണയോടെ ആയിരുന്നില്ല.
ഇത്ര പ്രൗഢമായ ഒരു ചരിത്രമുള്ള ലീഗിന് മുന്നണി സംവിധാനത്തോടെ വലിയ നേട്ടങ്ങളൊന്നും ഉണ്ടായില്ല എന്നതും മറക്കാനാവില്ല. ഇന്നു പക്ഷേ മുന്നണി സംവിധാനത്തിലേ ജയിക്കാന്‍ കഴിയൂ എന്നത് സത്യമാണെങ്കിലും ന്യായമായ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നതിന് ന്യായീകരണമില്ല. ലീഗ് ജയിച്ചാലും അതു കോണ്‍ഗ്രസിന്, യു.പി.എയ്ക്ക് ശക്തിപകരുമെന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹമില്ലല്ലോ.
ജയിക്കുന്ന, അല്ലെങ്കില്‍ ജയസാധ്യതയുള്ള സീറ്റിലേ മത്സരിക്കുകയുള്ളൂ എന്ന നിലപാട് ലീഗ് മാറ്റണം. മാറ്റിയില്ലെങ്കില്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന് ലീഗിനെ ഒതുക്കാന്‍ എളുപ്പം കഴിയും. കാലാകാലങ്ങളില്‍ അങ്ങനെ ഒതുക്കുകയും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടി എന്ന പരിവേഷം വാരിച്ചൂടുകയും ചെയ്യുന്ന പതിവാണ് ലീഗ് പുലര്‍ത്താറുള്ളത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും യൂത്ത് ലീഗ് കൂടുതല്‍ സീറ്റ് വാങ്ങണം എന്ന് മുറവിളി കൂട്ടാറുണ്ട്. പക്ഷെ അതൊരിക്കലും യൂത്ത് കോണ്‍ഗ്രസിന്റെ പോലെ അച്ചടക്ക സീമ ലംഘിക്കാറില്ല. അതുകൊണ്ടാവുമോ എന്നറിയില്ല വലിയ ഗൗരവം ലീഗ് നേതൃത്വം അതിനു കൊടുക്കാറുമില്ല. ചര്‍ച്ചകളില്‍ പേരിന് ചോദിച്ചു എന്ന് വരുത്തിതീര്‍ക്കുക മാത്രമാണ് പതിവ്. എന്തിന്, ആവശ്യമില്ലാതെ വിവാദമാക്കി മാറ്റിയ അഞ്ചാം മന്ത്രിസ്ഥാനം തന്നെ നോക്കൂ. ന്യായമായും അഞ്ചു മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും രണ്ടാമത്തെ വലിയ ഘടകകക്ഷി ചോദിക്കുന്നത് തെറ്റൊന്നുമല്ല. യഥാസമയം ചോദിക്കാത്തതു കൊണ്ടാണ്, അല്ലെങ്കില്‍ ചോദിക്കേണ്ട പോലെ ചോദിക്കാത്തതു കൊണ്ടാണ് അത് വിവാദമായത്. ആ വിവാദം പാര്‍ട്ടിക്ക് ചെറിയ മങ്ങലേല്‍പ്പിച്ചു എന്നതും സത്യമാണ്.
അടുത്ത രാജ്യസഭാ സീറ്റ് നിശ്ചയമായും ലീഗിന് നല്‍കാമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പരിഗണിക്കാമെന്നും ഒരുപക്ഷേ, ധാരണയായേക്കും. യു.പി.എ സര്‍ക്കാര്‍ വന്നാല്‍ കാബിനറ്റ് പദവിയും ലഭിച്ചേക്കും. ഈ താല്‍പര്യങ്ങള്‍ക്കപ്പുറം ബി.ജെ.പി ഭരണത്തെ അകറ്റിനിര്‍ത്തുക എന്ന വലിയ താല്‍പര്യവും ലീഗിനുണ്ട്. പക്ഷെ ഇത്തവണ മൂന്നു സീറ്റ് നേടാതിരിക്കുന്നത് ആത്മഹത്യാപരമാവും.
കോണ്‍ഗ്രസിനകത്തും മുന്നണിക്കകത്തും സ്‌നേഹവും ഐക്യവും നിലനിര്‍ത്താനായാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിക്കും. പരസ്പരം കാലുവാരലും സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കലും ഒരുപക്ഷെ, ലോകത്ത് നമ്മുടെ കോണ്‍ഗ്രസിലേ കാണാനാവൂ. ഇത്തവണ അതിനു സാധ്യതയില്ല. അത്രമാത്രം ഗൗരവമുള്ളതാണ് നമ്മുടെ നാടിന്റെ അവസ്ഥ എന്ന് ഇത്തിരിയെങ്കിലും രാഷ്ട്രബോധമുള്ള ആര്‍ക്കും മനസിലാവും. അതുകൊണ്ടു തന്നെ ഒന്നുറപ്പിക്കാം. യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ പൊട്ടലും ചീറ്റലും ഉണ്ടാവില്ല. യൂത്ത് കോണ്‍ഗ്രസിനെയും മഹിളാ കോണ്‍ഗ്രസിനെയും കുപ്പായമിട്ട് കാത്തിരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നിയന്ത്രിക്കാനായാല്‍ ഒരു സന്ദേഹവും വേണ്ട കേരളം പൂര്‍ണമായും യു.പി.എയുടെ കൈപ്പിടിയിലൊതുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."