ആറാട്ടിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവച്ച് തളച്ചു
ചേര്‍ത്തല: ചേര്‍ത്തല ശാവശേരി ശ്രീനാരായണഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവ ആറാട്ടിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവച്ച് തളച്ചു. ക്ഷേത്രത്തിനു വടക്കുവശത്തെ, ചാലാംപറമ്പ് കുടുംബവക കുളത്തില്‍ ആറാട്ട് കഴിഞ്ഞ് തിടമ്പ് ഏറ്റുന്നതിനിടെയാണ് ആന ഇടഞ്ഞത്.
കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. തൊടുപുഴ സ്വദേശിയുടെ വേലായുധന്‍ എന്ന ആനയാണ് ഇടഞ്ഞത്. മുകളില്‍ ഇരുന്നയാളെ ആന കുടഞ്ഞ് താഴെയിട്ടു. തുടര്‍ന്ന് പാപ്പാനെ കുത്താന്‍ ശമിച്ചെങ്കിലും ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. അതിനിടെ ആന ആറാട്ട് പന്തല്‍ പൊളിച്ചു.
ഇതോടെ വൈദ്യുതി വിതരണം നിലച്ചതിനാല്‍ പ്രദേശമാകെ ഇരുട്ടിലായി.
ഇതിനിടെ ആന ചാലാംപറമ്പില്‍ അജിത്കുമാറിന്റെ വീട്ടുവളപ്പിലേക്ക് കയറി. വീട്ടുവളപ്പിലെ രണ്ട് തെങ്ങുകള്‍ അടക്കം അഞ്ച് വൃക്ഷങ്ങളും ഏതാനും വാഴകളും നശിപ്പിച്ചു.
വീടിന്റെ തെക്കുഭാഗത്തെ മേല്‍കൂരയില്‍ നിരത്തിയിരുന്ന ഓടുകളും ഭാഗികമായി നശിപ്പിച്ചു. വീട്ടുമുറ്റത്തെ കുറച്ച് തറയോടുകള്‍ക്കും കേടുപാടുകള്‍ വരുത്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍മാര്‍ ചേര്‍ന്ന് കാലുകളില്‍ ചങ്ങലയിട്ടെങ്കിലും ആനയെ തളയ്ക്കാനായില്ല.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ എലിഫെന്റ് സ്‌ക്വാഡിലെ ഡോ. ഗിരീഷ് മയക്കുവെടിവച്ചാണ് ആനയെ തളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."