തമിഴ്‌നാടും പുതുച്ചേരിയും അടച്ചുപൂട്ടി
ചെന്നൈ: കൊവിഡിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. നിയമസഭയിലാണ് മുഖ്യമന്ത്രി നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രസ്താവന നടത്തിയത്. ഇന്നലെ വൈകിട് അഞ്ചു മുതല്‍ നിരോധനാജ്ഞ നടപ്പിലാക്കി ഉത്തരവിറക്കുകയും ചെയ്തു. ഈ മാസം 31 അര്‍ധരാത്രി വരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 31 ന് ശേഷം സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈ, ഈറോഡ്, കാഞ്ചീപുരം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റു ജില്ലകളിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സെക്ഷന്‍ 144 പ്രകാരം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതില്‍കൂടുതല്‍ പേര്‍ കൂട്ടം കൂടി നിന്നാല്‍ പൊലിസ് നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്. നിലവില്‍ ഒന്‍പത് പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. രോഗം പടരാതിരിക്കാന്‍ തിരക്കിട്ട ഈ നടപടിയിലേക്കാണ് തമിഴ്‌നാട് സര്‍ക്കാര്‍ നീങ്ങുന്നത്. രണ്ടുദിവസം മുന്‍പ് തന്നെ കര്‍ണാടകം, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുമായുള്ള അതിര്‍ത്തി തമിഴ്‌നാട് അടച്ചിരിക്കുകയാണ്. എന്നാല്‍ ചരക്ക് വാഹനങ്ങളുടെയും പാല്‍, പെട്രോള്‍, ഡീസല്‍, മരുന്നുകള്‍, ഗ്യാസ് സിലിണ്ടറുകള്‍, പച്ചക്കറികള്‍ എന്നിവയുടെ ലോറികള്‍ തടയുന്നില്ല.
പാല്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചി, മത്സ്യവില്‍പന എന്നവയുടെ വിപണനം നിരോധിച്ചിട്ടില്ല. ഇത്തരം മാര്‍ക്കറ്റുകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബസുകള്‍, കാബുകള്‍, ടാക്‌സി സര്‍വിസുകള്‍, ഓട്ടോകള്‍ എന്നീ പൊതുഗതാഗത സംവിധാനങ്ങളെല്ലാം അവസാനിപ്പിച്ചു. 31 വരെയാണ് നിയന്ത്രണം. ഒപ്പം സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കില്ല. എല്ലാ സ്വകാര്യസ്ഥാപനങ്ങളോടും ജോലിക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വകാര്യമേഖലയില്‍ ഇനി ആശുപത്രികളല്ലാതെ വേറൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന നിര്‍ദേശവും നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തിരാവശ്യത്തിന് പണിയുന്ന കെട്ടിടങ്ങളല്ലാതെ മറ്റെല്ലാ നിര്‍മാണ പ്രവൃത്തികളും അടിയന്തിരമായി നിര്‍ത്തിവയ്ക്കാനും ഇന്നലെ വൈകിട്ട് ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. അവശ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ മാത്രമേ ഇനി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അവ തന്നെ വളരെക്കുറച്ച് ആളുകളുമായി മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകള്‍ അടയ്ക്കണം. പക്ഷേ, ഡെലിവറി സര്‍വിസുകള്‍ തുടരാം.
അതേസമയം, തുച്ഛമായ തുകയ്ക്ക് ഭക്ഷണം ലഭിക്കുന്ന അമ്മ കാന്റീനുകള്‍ അടയ്ക്കില്ല. വീടില്ലാത്തവര്‍ക്കും നിരാലംബരായവര്‍ക്കും ആശ്രയമായ അമ്മ കാന്റീനുകള്‍ നിര്‍ത്തിയാല്‍ അത് ഒരു വിഭാഗം ജനങ്ങളെത്തന്നെ പട്ടിണിയിലാക്കുമെന്ന വിലയിരുത്തലിലാണിത്.
സംസ്ഥാനത്തെ എല്ലാ മാളുകളും, തിയറ്ററുകളും, വലിയ കടകളും സ്‌കൂളുകളും മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ കോളജുകളും 31 വരെ അടച്ചിടാനാണ് നിര്‍ദേശം. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മൃഗശാലകള്‍, പൊതുപാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം അടച്ചിട്ടു. മറീന, എല്ലിയട്ട്‌സ്, പല്ലവാക്കം, തിരുവാണ്‍മിയൂര്‍ എന്നീ ബീച്ചുകളടച്ചിട്ടുണ്ട്. ഒരാഴ്ച എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നും രോഗം പടരാതിരിക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും മുഖ്യമന്ത്രി വി നാരായണസ്വാമി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇത് നിലവില്‍ വന്നു. 31 വരെ മദ്യശാലകള്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കില്ല.
കേരളത്തോടൊപ്പം തമിഴ്‌നാടും പോണ്ടിച്ചേരിയും അടച്ചുപൂട്ടിയതോടെ രാജ്യത്ത് 16 സംസ്ഥാനങ്ങള്‍ ഒറ്റപ്പെട്ടു. ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, നാഗാലന്റ്, ജമ്മുകശ്മിര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മറ്റു സസ്ഥാനങ്ങള്‍. ഇതുകൂടാതെ കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 80 ജില്ലകള്‍ അടച്ചിടാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."