മോദി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ആംനസ്റ്റിയും ഗ്രീന്‍പീസും
ലണ്ടന്‍: ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലും ഗ്രീന്‍പീസും ആരോപിച്ചു. വിദേശസഹായത്തോടെ ഇന്ത്യയില്‍ സന്നദ്ധ, മനുഷ്യാവകാശ, പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്ന സര്‍ക്കാരിതര സംഘടനകള്‍ മോദി സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസപ്പെടുകയാണെന്ന് ഇരുസംഘടനകളും പറയുന്നു.
ഇന്ത്യയിലെ തങ്ങളുടെ രണ്ടു മേഖലാ ഓഫിസുകള്‍ അടുത്തിടെ അടച്ചുപൂട്ടേണ്ടിവന്നുവെന്നും റെയ്ഡുകളും അക്കൗണ്ട് മരവിപ്പിച്ചതിനാലും ബംഗളൂരു ഓഫിസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായും രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ നഗരങ്ങളിലെ വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണങ്ങളെ കുറിച്ചു തുടര്‍ച്ചയായ പരാതികള്‍ ഉന്നയിച്ചുവരികയായിരുന്നു ഗ്രീന്‍ പീസ്.
ഇതിനിടെ നിയമവിരുദ്ധമായി വിദേശഫണ്ട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ഗ്രീന്‍പീസിന്റെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തങ്ങള്‍ മൂന്നിലൊന്നു ജീവനക്കാരെ വെട്ടിക്കുറച്ചുവെന്ന് ആംനസ്റ്റി ആരോപിച്ചു. നവംബറില്‍ ആംനസ്റ്റിയുടെ ഇന്ത്യയിലെ ആസ്ഥാനത്ത് 12 മണിക്കൂറോളം നീണ്ടുനിന്ന പൊലിസ് റെയ്ഡും ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആംനസ്റ്റിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്രിമിനലുകളോടെന്ന പോലെയാണ് ആംനസ്റ്റിയോട് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യയുടെ മേധാവി ആകാര്‍ പട്ടേല്‍ പറഞ്ഞു. 2014ല്‍ അധികാരത്തിലേറിയ ശേഷം 15,000 ഓളം സന്നദ്ധ സംഘടനകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതിയാണ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."