മെഡിക്കല്‍ കോളജില്‍ ദുരിതം തീരുന്നില്ല
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ-ഹോസ്പിറ്റല്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഒ.പി ചീട്ട് പരിഷ്‌കരണം സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെത്തുന്ന രോഗികളുടെ ദുരിതം ഇരട്ടിയാക്കുന്നു. ഏപ്രില്‍ ഒന്നു മുതലാണ് ഒ.പി ടിക്കറ്റില്‍ ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി ആരംഭിച്ചത്. ഒരുമാസത്തോളം ചികിത്സയ്‌ക്കെത്തുന്നവര്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കാത്തതിനാല്‍ രോഗികളുടെ ദുരിതം അനുദിനം വര്‍ധിക്കുകയാണ്.
രാവിലെ എട്ടുമുതലാണ് ഒ.പി ചീട്ട് വിതരണം ആരംഭിക്കുന്നതെങ്കിലും പുലര്‍ച്ചെ അഞ്ചുമുതല്‍ ഇവിടെ വരി ആരംഭിക്കും. എട്ടു മണിയാകുമ്പോഴേക്കും ഹാള്‍ നിറഞ്ഞുകവിയും. ജീവനക്കാര്‍ കൗണ്ടര്‍ തുറന്ന് വിതരണം ആരംഭിക്കുമ്പോഴാണ് തങ്ങള്‍ ഏതു വരിയിലാണ് നില്‍ക്കേണ്ടതെന്ന കാര്യം രോഗികളുടെ കൂടെയെത്തിയവര്‍ക്ക് ബോധ്യമാവുക. തെറ്റായ വരിയില്‍ നിന്നവര്‍ ഇതോടെ ബഹളം വയ്ക്കുകയാണ് പതിവ്.
ആധാര്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ഏതു വരിയിലാണ്, ചേര്‍ത്തവര്‍ വീണ്ടും വരുമ്പോള്‍ ഏതു വരിയില്‍ നില്‍ക്കണം, ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തവര്‍ എവിടെ നില്‍ക്കണം എന്നതെല്ലാം സംബന്ധിച്ച് യാതൊരുവിധ സൂചനയും കൗണ്ടറിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. റി-വിസിറ്റ് എന്ന നോട്ടിസ് മാത്രമാണ് ഒരു കൗണ്ടറിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. ഏതെങ്കിലും വിധത്തില്‍ കൗണ്ടറിനു മുന്നിലെത്തിയാല്‍ സാധാരണ ഒ.പി ചീട്ട് ലഭിക്കാന്‍ എടുക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ ഇവിടെ നില്‍ക്കേണ്ടി വരുന്നതും വരി കുറയുന്നതിന് തടസമാകുന്നു.
ഹൃദ്രോഗ വിഭാഗത്തിലേക്കെത്തുന്ന രോഗികള്‍ക്ക് ഒ.പി ചീട്ട് ലഭിച്ചാല്‍ വീണ്ടും കാത്തിരിക്കുന്നത് നീണ്ട വരികളാണ്. കാര്‍ഡിയോളജി ഒ.പിയില്‍ വീണ്ടും രജിസ്‌ട്രേഷനും ബി.പി പരിശോധനക്കുമായി ഇവര്‍ക്ക് വരിനില്‍ക്കേണ്ടി വരും. ഹൃദ്രോഗവുമായെത്തുന്നവര്‍ക്ക് അസുഖം മൂര്‍ഛിക്കാനുള്ള എല്ലാ സാഹചര്യവും നിലവില്‍ ഇവിടെയുണ്ട്. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കണമെന്നാണ് ചികിത്സക്കെത്തുന്നവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."