അഴിമതി ആരോപണം: പാകിസ്താനില്‍ മുതിര്‍ന്ന മന്ത്രി അറസ്റ്റില്‍
ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താനിലെ ഭരണകക്ഷിയായ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) യുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അലീം ഖാന് അറസ്റ്റില്‍.
രാജ്യത്തെ സുപ്രധാന അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) ആണ് അലീമിനെ അറസ്റ്റ് ചെയ്തത്. വിവിധ ക്രമക്കേടുകളും അഴിമതികളുമായി ബന്ധപ്പെട്ട് ഇന്നലെ എന്‍.എ.ബി മുന്‍പാകെ ഹാജരായ അദ്ദേഹത്തെ പിന്നാലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പഞ്ചാബ് പ്രവിശ്യയിലെ മുതിര്‍ന്ന മന്ത്രിയായ അലീം ഖാന്, പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ്.
നടപടിക്കു പിന്നാലെ അലീം ഖാന് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന് ബുസ്ദാറിനു രാജിക്കത്ത് നല്‍കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. പനാമ രേഖകളിലൂടെ പുറത്തുവന്ന കള്ളപ്പണ ഇടപാടുകളില്‍ അലീമിന്റെ പേരും ഉണ്ടായിരുന്നു. ഇതുള്‍പ്പെടെ വിവിധ പദ്ധതികളുടെ മറവില്‍ ക്രമക്കേട് നടത്തിയതും വിദേശത്തെ ബിനാമി സ്വത്തിന്റെ പേരിലും ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹം പിടിയിലാവുന്നത്. എന്‍.എ.ബി ചെയര്മാന് ജസ്റ്റിസ് ജാവേദ് ഇഖ്ബാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. യു.എ.ഇയിലും ബ്രിട്ടനിലും നിരവധി ഫ്ളാറ്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."