റോഹിംഗ്യകളോട് പെരുമാറുന്നത് നാല്‍ക്കാലികളോടെന്ന പോലെ
ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിക്കുന്നതിനിടെ റോഹിംഗ്യന്‍ വംശീയ ന്യൂനപക്ഷങ്ങളോടുള്ള മ്യാന്‍മര്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് യു.എന്‍ അഭയാര്‍ഥി പ്രതിനിധിയും നടിയുമായ ആഞ്ജലീനാ ജൂലി. റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്‍മര്‍ ഭരണകൂടം കള്ളം പറയുകയാണെന്നും നാല്‍ക്കാലികളോടെന്ന പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാംപില്‍ റോഹിംഗ്യന്‍ വംശജരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു ഹോളിവുഡ് താരത്തിന്റെ പ്രസ്താവന.
പൗരത്വം എന്നത് ഒരാള്‍ ജനിക്കുന്നതോടെ സ്വയം ലഭിക്കുന്നതാണ്. അതു തടഞ്ഞുവയ്ക്കാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ല. രാജ്യവും പൗരത്വവുമുള്ള ജനതയായിരിക്കാന്‍ റോഹിംഗ്യകള്‍ക്ക് അവകാശമുണ്ട്. കുറഞ്ഞ വിഭവങ്ങളുള്ള ഒരു രാജ്യമാണ് ബംഗ്ലാദേശ് എന്നുകരുതി അഭയാര്‍ഥികളോടുള്ള അവരുടെ ഉത്തരവാദിത്തം ഇല്ലാതാവുന്നില്ല. ജീവിതത്തിലുടനീളം അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന റോഹിംഗ്യകള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍പോലും ലഭിക്കുന്നില്ലെന്നും ആഞ്ജലീനാ ജൂലി കൂട്ടിച്ചേര്‍ത്തു.
2017 ഓഗസ്റ്റ് മുതല്‍ ഏഴര ലക്ഷത്തോളം റോഹിംഗ്യന്‍ വംശജരാണ് ഇവിടെ കഴിഞ്ഞിരുന്നത്. എന്നാല്‍ നിരവധി അഭയാര്‍ഥികള്‍ കൂട്ടമായി ഇവിടെനിന്ന് പലായനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവിടെയുള്ള അഭയാര്‍ഥികള്‍ക്കായി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് ഐക്യ രാഷ്ട്രസഭ രംഗത്തുവരികയും ചെയ്തു. ഇതിനു പിന്നാലെയാണ് ഐക്യ രാഷ്ട്രസഭയുടെ അഭയാര്‍ഥി പ്രതിനിധികൂടിയായ ആഞ്ജലീനാ ജൂലി ക്യാംപുകള്‍ സന്ദര്‍ശിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കഴിയുന്ന രാജ്യമാണ് ബംഗ്ലാദേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."