മൂലമറ്റം പവര്‍ ഹൗസിന് സമീപം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതോല്‍പ്പാദന കേന്ദ്രമായ മൂലമറ്റം ഭൂഗര്‍ഭ പവര്‍ ഹൗസിന് സമീപം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററും ബാറ്ററിയും ഇലക്ട്രിക് വയറുമാണ് കണ്ടെത്തിയത്. ഇവ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന വിധം പരസ്പരം ബന്ധിപ്പിച്ച നിലയില്‍ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തി. ജലാറ്റിന്‍ സ്റ്റിക്കില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയിലായിരുന്നു. മൂലമറ്റം പവര്‍ഹൗസില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെ അതീവ സുരക്ഷിതമേഖലയിലെ കെ. എസ്. ഇ. ബി സെക്ഷന്‍ ഓഫിസ് വളപ്പിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
സെക്ഷന്‍ ഓഫിസ് വളപ്പില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കെ. എസ്. ഇ . ബി ജീവനക്കാരാണ് വിവരം കാഞ്ഞാര്‍ പൊലിസില്‍ അറിയിച്ചത്.
തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദ്, കാഞ്ഞാര്‍ സി. ഐ മാത്യു ജോര്‍ജ്, എസ്.ഐ സാബു. എന്‍. കുര്യന്‍ എന്നിവര്‍ സ്ഥലത്തെത്തി. ബാറ്ററിയും ജലാറ്റിന്‍ സ്റ്റിക്കുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനായി അഞ്ചരി സെന്റ് മാര്‍ട്ടിന്‍ ഗ്രാനൈറ്റ്‌സിന്റെ കോംപൗണ്ടിലേക്ക് മാറ്റി.
ഇന്ന് രാവിലെ ബോംബ് സ്‌ക്വാഡ് അംഗങ്ങളെത്തി പരിശോധിക്കുമെന്ന് കാഞ്ഞാര്‍ പൊലിസ് അറിയിച്ചു. കെ. എസ്. ഇ. ബി ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."