സഭയ്ക്കുള്ളിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞ് മാര്‍പാപ്പ
പോപ്പിന്റെ പ്രത്യേക വിമാനത്തില്‍നിന്ന്: ക്രൈസ്തവ സഭകളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കത്തോലിക്കാ സഭകളിലെ ചില വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കാറുണ്ടെന്നാണ് മാര്‍പാപ്പയുടെ തുറന്നുപറച്ചില്‍.
ചരിത്രപ്രസിദ്ധമായ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനുശേഷം യു.എ.ഇയില്‍നിന്ന് വത്തിക്കാനിലേക്കുള്ള അദ്ദേഹത്തിന്റെ പ്രത്യേക വിമാനത്തില്‍വച്ചു മാധ്യമങ്ങളുമായി സംസാരിക്കവെയാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. വൈദികര്‍ക്കെതിരായ തുടര്‍ച്ചയായ ലൈംഗിക പീഡനപരാതികളില്‍ കാര്യമുണ്ടോയെന്ന ചോദ്യത്തിന്, അതേ, അതു സത്യമാണ്. ചില വൈദികരും ബിഷപ്പുമാരും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.
ഇത്തരത്തിലുള്ള പരാതികള്‍ ഉയരുന്നതിനാല്‍ അവ എങ്ങനെ പരിഹരിക്കാമെന്ന് വത്തിക്കാന്‍ ആലോചിച്ചുവരികയാണ്. ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പൊതുവായി എല്ലാ വൈദികരും ആരോപണവിധേയരല്ല. ചിലര്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. പുതുതായി തുടങ്ങിയ ചില മഠങ്ങളിലും ചില സഭകളിലുമാണ് ഇത്തരം പരാതികള്‍ പൊതുവായി ഉയരാറുള്ളത്. പരാതികള്‍ ഉയരുന്ന മുറക്ക് അവ അന്വേഷിച്ച് സഭ നടപടി എടുക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും വൈദികരെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.
സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന ശീലങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങളുടെ കാതലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജലന്ധര്‍ ബിഷപ്പിനെതിരേ ഇന്ത്യയിലും ദക്ഷിണാഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ഇറ്റലി എന്നിവിടങ്ങളിലും വൈദികര്‍ക്കെതിരേ കന്യാസ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ചു തുടര്‍ച്ചയായ പരാതികള്‍ ഉന്നയിച്ചുവരുന്നതിനിടെയാണ് മാര്‍പാപ്പയുടെ പ്രസ്താവന. വൈദികരുടെ കുഞ്ഞുങ്ങളെ കന്യാസ്ത്രീകള്‍ പ്രസവിക്കാറുള്ളതായും ചില കന്യാസ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിനു വിധേയരാക്കാറുണ്ടെന്നും അടുത്തിടെ വത്തിക്കാന്‍ മാഗസിനിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തലുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."