പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടി തോന്നുംപടി
എ.കെ ഫസലുറഹ്മാന്‍#
പലയിടത്തും ആളില്ല, പലര്‍ക്കും ചുമതലയുമില്ല
മലപ്പുറം: കാലങ്ങളായി സുതാര്യമായി നടന്നുവരുന്ന പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടിക്ക് ഇത്തവണ അധ്യാപകരെ വിന്യസിച്ചത് തോന്നുംപടി. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ 14ന് ആരംഭിക്കാനിരിക്കെ പലസ്‌കൂളുകളിലും അധ്യാപകരെ ഇനിയും നിയമിച്ചിട്ടില്ല. പലയിടത്തും ഡ്യൂട്ടി നല്‍കിയതാകട്ടെ അധ്യാപകരുടെ ഇഷ്ടാനുസരണവുമാണ്. ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇന്നലെ ഡ്യൂട്ടി വിതരണത്തിനായി എക്‌സാമിനര്‍മാരുടെ യോഗം വിളിച്ചിരുന്നു. ഒരോ വിഷയത്തിനും സംസ്ഥാനതലത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയയാളാണ് എക്‌സാമിനര്‍മാരുടെ മേല്‍നോട്ടം വഹിക്കുക.
വിവിധ കോമ്പിനേഷനുകളിലായി 16 വിഷയങ്ങളിലാണ് പ്ലസ്ടു തലത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷയുള്ളത്്. പൊതുപരീക്ഷാ ഡ്യൂട്ടിക്ക് സമാനമായി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും സംസ്ഥാന തലത്തില്‍ തയാറാക്കുന്ന എക്‌സാമിനര്‍മാരുടെ ലിസ്റ്റാണ് ഉപയോഗിക്കുന്നത്്. ഇത്തരത്തില്‍ വിതരണം ചെയ്ത ലിസ്റ്റില്‍ പക്ഷേ വിവിധ ജില്ലകളിലെ പകുതിയിലധികം സ്‌കൂളിലേക്കും ഡ്യൂട്ടി അലോട്ട് ചെയ്തിരുന്നില്ല. ഡയരക്ടറുടെ നിര്‍ദ്ദേശ പ്രകാരം യോഗത്തിനെത്തിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ പലര്‍ക്കും ഡ്യൂട്ടിയില്ല. 16 വര്‍ഷം വരെ എക്‌സ്പീരിയന്‍സുള്ള അധ്യാപരെ വരെ ഇത്തരത്തില്‍ തഴഞ്ഞുവെന്ന് അധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു.
പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങളില്ലാത്ത സ്‌കൂളുകളിലാണ് ലിസ്റ്റ് പ്രകാരം പല അധ്യാപകര്‍ക്കും ഡ്യൂട്ടി ലഭിച്ചത്്. അടച്ചു പൂട്ടിയ സ്‌കൂളിലേക്ക് വരെ ഡ്യൂട്ടി നല്‍കിയിരിക്കുന്നു. അപൂര്‍ണ ലിസ്റ്റ് ആയതിനാല്‍ ഡ്യൂട്ടി കിട്ടിയവര്‍ സ്‌കൂള്‍ മാറാന്‍ സാധ്യത ഉള്ളതിനാല്‍ പരീക്ഷാ തിയതി തീരുമാനിക്കാന്‍ കഴിയാതെ പിരിയുകയായിരുന്നു ഇന്നലെ. ലിസ്റ്റില്‍ ഇല്ലാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പരസ്പരം പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാതല മേധാവികള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇത്തരത്തില്‍ ഡ്യൂട്ടി നല്‍കിയാല്‍ യഥാര്‍ഥ രീതിയിലുള്ള മൂല്യനിര്‍ണയം നടക്കില്ലെന്നും അധ്യാപകരുടെ വ്യക്തിതാല്‍പര്യങ്ങള്‍ കടന്നുകൂടുമെന്നും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊഫഷനല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് വരെ മാനദണ്ഡമാവുന്ന പരീക്ഷയാണിത്. സ്‌കൂളുകളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കുക, റിവിഷന്‍ തുടങ്ങിയ ജോലിക്ക് പുറമേ രണ്ടാം വര്‍ഷക്കാരുടെ മോഡല്‍ പരീക്ഷയും നടക്കുന്ന തിരക്കിനിടെയാണ് എല്ലാജില്ലകളിലും അധ്യാപകരെ വിളിച്ചുകൂട്ടി ഡയരക്ടറേറ്റിലെ വീഴ്ചകാരണമുള്ള ഈ പ്രാക്ടിക്കല്‍ നാടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."