വൈദ്യുതവേലി പ്രവര്‍ത്തനരഹിതം; കാട്ടാനക്കൂട്ടം നാശം വിതക്കുന്നു
വടുവന്‍ചാല്‍: മൂപ്പൈനാട് പഞ്ചായത്തില്‍പ്പെട്ട ചെല്ലങ്കോട്, ചോലാടി പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. കുരുമുളക് വള്ളികള്‍, കമുക്, വാഴ, തെങ്ങ്, കാപ്പി മുതലായ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കര്‍ഷകര്‍ക്കുണ്ടായത്.
തമിഴ്‌നാട്, കേരള വനത്തില്‍ നിന്നാണ് ചോലാടി പുഴ കടന്ന് രാത്രികാലങ്ങളില്‍ ആനക്കൂട്ടം നാട്ടിലിറങ്ങുന്നത്. 20 വര്‍ഷം മുമ്പ് പുഴയോരത്ത് കേരള വനം വകുപ്പ് സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിംഗ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചെല്ലങ്കോട് ചന്ദ്രഗിരി എസ്‌റ്റേറ്റിനുള്ളില്‍ കടന്ന കാട്ടാനക്കൂട്ടം ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിളകള്‍ പൂര്‍ണമായും നശിപ്പിച്ചു. ഈ നില തുടര്‍ന്നാല്‍ കാട്ടാനശല്യത്തില്‍ നിന്ന് മോചനമാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങേണ്ട സ്ഥിതിയുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രവര്‍ത്തനക്ഷമമല്ലാതായിക്കഴിഞ്ഞ ഫെന്‍സിംഗ് സംവിധാനം മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പുതിയ കാട്ടാന പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനും വനം വകുപ്പ് തയാറായില്ലെങ്കില്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."