താല്‍ക്കാലിക പാലം കാട്ടാന തകര്‍ത്തു; ഗ്രാമവാസികള്‍ ദുരിതത്തില്‍
പുല്‍പ്പള്ളി: ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍പ്പെട്ട പുതിയിടം ഗ്രാമം മൂന്ന് വശവും വനത്താല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. പുറംലോകവുമായി ബന്ധപ്പെടുവാന്‍ ഗ്രാമവാസികള്‍ക്ക് മൂഴിമലതോട് കടക്കണം.
മഴ തുടങ്ങുന്നതോടെ വനത്തില്‍നിന്നും മലവെള്ളം വന്‍തോതില്‍ തോട്ടിലൂടെ ഒഴുകിയെത്തുന്നതിനാല്‍ വര്‍ഷത്തിലെ ആറുമാസങ്ങള്‍ ഈ ഗ്രാമവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുവാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇതോടെ ഗ്രാമത്തിലേക്ക് വനാതിര്‍ത്തിയിലൂടെ കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ ചേര്‍ന്ന് ഒരു നടപ്പാത നിര്‍മ്മിച്ചു.
തോടിന് കുറുകെ ഏതാനും മരങ്ങള്‍ വെട്ടിയിട്ട് ഒരു പാലവും നിര്‍മ്മിച്ചു. താല്‍ക്കാലിക പാലം വന്നതോടെ സമീപത്തെ ഗ്രാമങ്ങളില്‍ നിന്നും വാഹനങ്ങള്‍ പനമരത്തേക്കും നടവയലിലേക്കും ഈ പാലംവഴി കടന്നുപോകുവാന്‍ തുടങ്ങി. ഗ്രാമത്തിലേക്കും വാഹനങ്ങള്‍ ഇതുവഴി എത്തുവാന്‍ തുടങ്ങിയതോടെ ഗ്രാമവാസികളും സന്തോഷത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഗ്രാമത്തിലെത്തിയ കാട്ടാനകളും പാലത്തിലൂടെ അക്കരെ കടന്നതോടെ ഗ്രാമവാസികളുടെ സന്തോഷവും നിലച്ചു. കാട്ടാനകളുടെ ഭാരം താങ്ങാനാവാതെ തോടിന് കുറുകെയുണ്ടായിരുന്ന പാലം തകര്‍ന്നു വീണു. ഇതോടെ ഗ്രാമവാസികളുടെ ദുരിതം പൂര്‍വാധികം ദുഷ്കരമായി.
വാഹനങ്ങള്‍ എത്താതായതോടെ ഗ്രാമവാസികള്‍ക്ക് രോഗം വന്നാല്‍ കസേരയിലും മറ്റും ഒന്നര കിലോമീറ്ററോളം ചുമന്ന് മൂഴിമലയിലെ റോഡിലെത്തിച്ചാലെ ആശുപത്രിയില്‍ എത്തിക്കുവാന്‍ സാധിക്കുകയുള്ളു. തങ്ങള്‍ നിര്‍മ്മിച്ച പാലം കാട്ടാന തകര്‍ത്തതിനാല്‍ കാട്ടാനകളുടെ ചുമതലയുള്ള വനംവകുപ്പ് പാലം പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നാണ് പുതിയിടം ഗ്രാമവാസികളുടെ ആവശ്യം.
ഗ്രാമത്തിലേക്കുള്ള തോടിന് കുറുകെ പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുവാന്‍ സാധിക്കാത്തതെന്ന് വാര്‍ഡ് മെമ്പര്‍ സജിറെജി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."