അധികൃതര്‍ വാക്ക് പാലിച്ചില്ല; ചാടകപ്പുര കോളനിക്കാര്‍ ദുരിതത്തില്‍ തന്നെ
സുല്‍ത്താന്‍ ബത്തേരി: ഒരു മാസത്തിനുള്ളില്‍ സ്ഥലംകണ്ടെത്തി മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാഭരണകൂടം ഉറപ്പുനല്‍കിയ കാക്കത്തോട് ചാടകപ്പുര കോളനി നിവാസികളെ അധികൃതര്‍ വഞ്ചിച്ചുവെന്ന് ആരോപണം.
വാസയോഗ്യമായ വീടില്ലാത്തതിനാലും മഴക്കാലത്ത് കോളനിയില്‍ വെള്ളം കയറുന്നതിനാലും പ്രതിഷേധവുമായി വനാതിര്‍ത്തിയില്‍ കുടില്‍കെട്ടിയ 52 കുടുംബങ്ങളെ കഴിഞ്ഞ സെപ്റ്റംബറില്‍ കല്ലൂരിലെ മത്സ്യ-മാംസ മാര്‍ക്കറ്റിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇവരെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ കൈകൊണ്ടിട്ടില്ല.
കോളനികളിലെ വീടുകളില്‍ ഒരുതരത്തിലും ജീവക്കാന്‍ കഴിയാത്തത് അധികാരികളോട് പറഞ്ഞ് മടുത്തപ്പോഴാണ്് രണ്ട് കോളനികളിലേയും 52 കുടുംബങ്ങള്‍ സമീപത്തെ വനമേഖലയായ അളിപ്പുറം അതിര്‍ത്തിയില്‍ കയറി കുടില്‍ക്കെട്ടിയത്.
പ്രതിഷേധം തുടര്‍ന്നപ്പോള്‍ ജില്ലാഭരണകൂടം ഇടപെട്ടു. മാസങ്ങള്‍ക്കകം വേറെഭൂമി കണ്ടെത്തി കുടുംബങ്ങളെ അവിടേക്ക് പുനരധിവസിപ്പുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ മുന്നോടിയായാണ് കുടുംബങ്ങളെ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റിയത്.
പിന്നീട് ഇവര്‍ക്ക് മൂന്ന് സ്ഥലങ്ങളില്‍ ഭൂമി കണ്ടെത്തി. എന്നാല്‍ ഇതുവരെയായിട്ടും ഇതിന്റെ വിലസംബന്ധിച്ച് ജില്ലാഭരണകൂടം ധാരണായിലെത്തിയിട്ടില്ല.ഇപ്പോഴും ഈ കുടുംബങ്ങള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. ജോലിയും കൂലിയുമില്ലാതെ കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ഇവരെ മാറ്റിപ്പാര്‍പ്പിച്ച സ്ഥലത്ത് വേണ്ടത്ര സൗകര്യമില്ല. ഇതോടെ മിക്കകുടംബങ്ങളും പഴയ കോളനികളിലേക്ക് തിരികെപോയി.
ശുദ്ദമായ കുടിവെള്ളം, വാസയോഗ്യമായ മുറികള്‍ എന്നിവയും ഇവിടെയില്ല. പലരും രോഗത്തിന്റെ പിടിയിലുമായിട്ടുണ്ട്. ഇവിടെതാമസിക്കുന്ന കുടുംബങ്ങളില്‍ മിക്കവരും വയറിളക്കരോഗം കാരണം ബുദ്ധിമുട്ടുകയുമാണ്.
ഇവിടേക്കിതുവരെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അധികൃതര്‍ നല്‍കിയ വാക്ക് പാലിച്ച് തങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നാണ് ഇവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."