Fact Check: സാനിറ്റൈസര്‍ പുരട്ടി അടുക്കളയില്‍ പോയാല്‍ കൈയില്‍ തീ പിടിക്കും, 'ആര്‍ക്കും വിളിക്കാവുന്ന' ഡോ. അപര്‍ണ; രണ്ടിന്റേയും വാസ്തവം അറിയാം
മലപ്പുറം: സാനിറ്റൈസര്‍ കയില്‍ പുരട്ടി അടുക്കളയില്‍ പോയാല്‍ കൈയില്‍ തീ പിടിക്കുമെന്നതാണ് കൊറോണ കാലത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രചരിച്ച വ്യാജസന്ദേശങ്ങളില്‍ ഒന്ന്. അനുവിമുക്തമാക്കാനുള്ള സാനിറ്റയ്‌സര്‍ കൈയില്‍ പുരട്ടിയ ഉടന്‍ അടുക്കളയില്‍ പോവുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക തീ പിടിക്കും എന്നാണ് സന്ദേശം. സാനിറ്റൈസറില്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) അംശം വളരെ കൂടുതല്‍ ആയതിനാലാണിതെന്നും സന്ദേശത്തില്‍ പറയുന്നു. ഫേസ്ബുക്കിലും വാട്‌സാപ്പിലും ഒരു പോലെ പ്രചരിക്കുന്ന ഈ 'അറിയിപ്പി'നു ഒപ്പം മുന്‍കൈ മുഴുവനായി പൊള്ളിയ നിലയിലുള്ള ചിത്രവും ഉണ്ട്.
എന്നാല്‍, അര്‍ധസത്യങ്ങള്‍ അടങ്ങിയതാണ് സന്ദേശം എന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ ആണ് അവയില്‍ അടങ്ങിയിരിക്കുന്നത്. ഐസോപ്രൊപൈല്‍ ബാഷ്പീകരണ സ്വഭാവം വളരെക്കൂടിയ ദ്രാവകമാണ്. അത് ചെറിയ താപനിലയില്‍ പോലും വളരെവേഗത്തില്‍ പൂര്‍ണമായും ബാഷ്പീകരിക്കുന്നു. അതോടൊപ്പം തന്നെ പുരട്ടിയ ഉടന്‍ കൈയിലെ സൂക്ഷ്മ ജീവികളെ നശിപ്പിക്കുകയും ചെയ്യും.
ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍ അത്യപൂര്‍വം ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മറിച്ച് കൈയില്‍ പുരട്ടിയ ശേഷം തീയിനടുത്ത് പോകരുത് എന്ന് പറയുന്നതില്‍ യാതൊരു വസ്തുതയുമില്ലെന്നു മീഞ്ചന്ത ഗവ. കോളേജ് രസതന്ത്രം അധ്യാപിക സംഗീത ചേനംപുല്ലി പറഞ്ഞു. എന്നാല്‍, തീയിനടുത്ത് സാനിറ്റൈസറിന്റെ കുപ്പി സൂക്ഷിക്കുന്നത് തീപ്പിടിത്തത്തിനും പൊട്ടിത്തെറിക്കും കാരണമാവാമെന്നും അവര്‍ പറഞ്ഞു.
ഡോ. അപര്‍ണ എന്ന പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൂടെയുള്ള നമ്പറില്‍ വിളിക്കണം എന്നുള്ള മറ്റൊരു സന്ദേശവും കുടുംബ ഗ്രൂപ്പുകളില്‍ ഇന്നലെ തകര്‍ത്തോടുക ഉണ്ടായി. തന്റെ കുടുംബ ഗ്രൂപ്പില്‍ ഇട്ട ഒരു സ്വകാര്യ സന്ദേശം കുടുംബാതിര്‍ത്തി കടന്നു പോയതോടെ ആ ഡോക്ടര്‍ക്ക് പണി കിട്ടുക ആയിരുന്നു. സന്ദേശം വ്യാജം അല്ലെങ്കിലും അടുത്ത വൃത്തങ്ങക്കുള്ളില്‍ മാത്രം നല്‍കിയ നമ്പര്‍ കേരളം മൊത്തം കറങ്ങിയതോടെ വനിതാ ഡോക്ടര്‍ക്ക് അവസാനം ഫോണ് ഓഫ് ചെയ്യേണ്ടിയും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."