പ്രത്യയശാസ്ത്ര ഭിന്നത; മാവോയിസ്റ്റ് സംഘടന പിളര്‍ന്നു
പാലക്കാട് : സംസ്ഥാനത്തെ വനമേഖലകളും ആദിവാസി ഊരുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിവിധ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ലയനത്തിന്റെ ചൂടാറും മുന്‍പേ സംഘടന പിളര്‍ന്നു. നാടുകാണി, കബനി, ഭവാനി, ശിരുവാണി എന്നീ നാലു ദളങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ ഒറ്റസംഘടനയായി ഈയടുത്ത കാലത്താണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.
നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കുപ്പുദേവരാജിന്റെയും അജിതയുടെയും മരണത്തിന് പ്രതികാരം ചോദിക്കുക സംയുക്ത മാവോയിസ്റ്റ് മൂവ്‌മെന്റ് ആയിരിക്കുമെന്നാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്നിരുന്ന സൂചനകള്‍. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആക്രമണ സാധ്യതയുള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
വാഹനങ്ങള്‍ക്ക് പെട്ടെന്ന് എത്തിച്ചേരാനാകാത്ത വിദൂര ദിക്കുകളിലെ ഊരുകളില്‍ മാത്രമാണ് മാവോയിസ്റ്റുകള്‍ നേരത്തെ സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍, സായുധരായ പതിനാലംഗ മാവോയിസ്റ്റ് സംഘം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അഗളി പൊലിസ് സ്റ്റേഷനില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം അകലെ പാലൂര്‍ ഊരില്‍ ആദിവാസികളുമായി കൂടിക്കാഴ്ചയും ബോധവകല്‍ക്കരണവും നടത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാവോയിസ്റ്റുകള്‍ സംയുക്ത പ്രചാരണ-തീവ്ര പരിശീലന കേന്ദ്രങ്ങള്‍ ആദിവാസി മേഖലകളില്‍ നടത്തുന്നതായും കണ്ടെത്തി.
അതേസമയം, ലയനത്തോടു യോജിപ്പില്ലാത്ത ഒരുവിഭാഗം മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേരളം പോലുള്ള സംസ്ഥാനത്ത് സായുധ പോരാട്ടത്തിന് ഒരു സാധുതയുമില്ലെന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ സമരത്തിനിറങ്ങിയാല്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നുമുള്ള വാദം ഉയര്‍ന്നു വന്നിരുന്നു.
ജനകീയ വിഷയങ്ങളില്‍ ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ സംഘടിപ്പിക്കണമെന്നും അതിലൂടെ പൊതുജനങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യണമെന്നുമാണ് ഇവരുടെ വാദം. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് മാവോയിസ്റ്റുകള്‍ വീണ്ടും പഴയപോലെ നാലു ഗ്രൂപ്പുകളായി പിരിയാന്‍ കാരണമായിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
മാവോയിസ്റ്റ് സായുധപോരാട്ട സംഘമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതൃത്വത്തിന് കീഴില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ് നാടുകാണിദളം, കബനിദളം, ഭവാനിദളം, ശിരുവാണിദളം എന്നീ നാലു ഗ്രൂപ്പുകളും തീരുമാനിച്ചിരുന്നത്. എന്നാല്‍, അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ തന്നെ തര്‍ക്കം ഉടലെടുത്ത സാഹചര്യത്തില്‍ നേരത്തെയുള്ളതുപോലെ വ്യത്യസ്ത ദളങ്ങളായി പ്രവര്‍ത്തിക്കാമെന്നാണ് മാവോയിസ്റ്റുകളുടെ ഇപ്പോഴത്തെ തീരുമാനം.
ഇതോടെ സംസ്ഥാനത്ത് ഉണ്ടാകുമായിരുന്ന വലിയൊരു പ്രതിസന്ധിയാണ് നീങ്ങിയതെന്നാണ് മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡിലുള്ള പ്രമുഖ പൊലിസ് ഓഫിസര്‍ 'സുപ്രഭാത'ത്തോടു വ്യക്തമാക്കിയത്.
ഒറ്റതിരിഞ്ഞ മാവോയിസ്റ്റുകളുടെ ശക്തി നാമമാത്രമാണെന്നും സംസ്ഥാനത്തെ ഒരു പ്രദേശത്തും പറയത്തക്ക സ്വാധീനം ചെലുത്താന്‍ ഈ ചെറുഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ കേരളത്തിലൊരിടത്തും മാവോയിസ്റ്റ് ആക്രമണത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."