നിന്റെ ഉടപ്പിറന്നവള്‍ക്കുവേണ്ടി
സഹോദരീസൗഭാഗ്യം ജീവിതത്തിലെ വലിയൊരു ആശ്വാസമാണ്. മാതൃത്വത്തിന്റെ മറ്റൊരു പതിപ്പായി തണലും നിഴലുമായി അവള്‍ തുണയാകുന്നു. സഹോദരന്മാര്‍ പലരുമുണ്ടായിട്ടും പകരമാവാത്തിടത്ത് ഉടപ്പിറന്നവള്‍ ഒന്നു മതി. അവള്‍ ചൂടും ചൂരുമറിഞ്ഞു ചടുലതയോടെ ഇടപെടും. അര്‍പ്പണമനസോടെ പ്രതിസന്ധികളില്‍ സജീവമാകും. വാത്സല്യനിധിയാണവള്‍. സ്‌നേഹസമ്പന്ന. ഉടപ്പിറന്നവര്‍ക്കുവേണ്ടി ഊണും ഉറക്കവുമൊഴിച്ച് ഉരുകിത്തീരുന്നവള്‍.
സ്‌നേഹമയിയായ ഒരു സഹോദരിയുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. പിറന്നുവീഴുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നുകളയാന്‍ രാജവിളംബരമുണ്ടായിരിക്കെ ജനിച്ച കുഞ്ഞാങ്ങളയുടെ കൊച്ചുപെങ്ങള്‍. മൂസാനബി(അ)ന്റെ സഹോദരി. മൂസാനബി(അ)ന്റെ മാതാവ് അദ്ദേഹത്തിന്റെ സഹോദരിയോടു പറഞ്ഞ സന്ദര്‍ഭം ഖുര്‍ആന്‍ പരാമര്‍ശിച്ചു: 'നീ അവന്റെ പിന്നാലെപ്പോയി അന്വേഷിച്ചു നോക്കൂ.' അങ്ങനെ ദൂരെനിന്ന് അവള്‍ അവനെ നിരീക്ഷിച്ചു (അല്‍ ഖസ്വസ് 11).
നദിയുടെ ഓളങ്ങളില്‍ തെന്നിനീങ്ങുന്ന പേടകത്തില്‍ കുഞ്ഞാങ്ങള ഒഴുകിപ്പോകുന്നതു പിന്തുടര്‍ന്ന് ആരും കാണാതെ ധൃതിവച്ചു നടന്ന പൊന്നുപെങ്ങളുടെ ഹൃദയം പിടച്ചുവോ. ഫിര്‍ഔനിന്റെ ആളുകള്‍ കുഞ്ഞിനെ കണ്ടെടുക്കുന്നതിനും രാജസന്നിധിയില്‍ കൊണ്ടുവന്നു കൊലപ്പെടുത്താന്‍ ആലോചനകള്‍ നടക്കുന്നതിനും സാക്ഷിയാകുമ്പോള്‍ ആ സഹോദരീമനസ് നൊന്തുവോ. അവസാനം രാജാവ് ഭാര്യയുടെ നിര്‍ബന്ധപൂര്‍വമുള്ള താല്‍പര്യത്തിനു വഴങ്ങി കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിക്കുമ്പോഴും മുലയൂട്ടാനെത്തിയ സ്ത്രീകളുടെ പാല്‍ കുഞ്ഞു വിസമ്മതിച്ചപ്പോള്‍ അതിനു പോംവഴി നിര്‍ദേശിക്കാന്‍ അവസരം ലഭിക്കുമ്പോഴും ആ മനസ് എത്ര ഇരട്ടി ആശ്വാസംകൊണ്ടിരിക്കണം!
സഹോദരിയുടെ സാന്നിധ്യം അല്ലാഹു സാക്ഷ്യപ്പെടുത്തി: അതിനുമുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവനു മുല കൊടുക്കുന്നതിനു നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: നിങ്ങള്‍ക്കുവേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവു തരട്ടെയോ. അവര്‍ ഇവന്റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും (അല്‍ ഖസ്വസ് 12).
അവിടെ അവള്‍ പെങ്ങളുടെ ചുമതല ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു. ഒരുപക്ഷേ, അപകടത്തിലേക്കുള്ള യാത്രയായേക്കാവുന്ന ഘട്ടത്തിലും സ്വന്തത്തെ ത്യജിക്കാനുള്ള നെഞ്ചുറപ്പോടെ അതിനിഷ്ഠുരനായ ഫറോവയുടെ കൊട്ടാരംവരെ ആര്‍ക്കും സംശയത്തിനിട നല്‍കാത്തവിധം യാത്രചെയ്തു സഹോദരനുവേണ്ടി സംസാരിച്ച സഹോദരിയെ മൂസാ (അ) നബി ആയിത്തീര്‍ന്ന ശേഷം അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട്: അങ്ങയുടെ സഹോദരി നടന്നു ചെല്ലുകയും 'ഇവന്റെ സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ആളെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ' എന്നു പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ത്വാഹാ 40).
സഹോദരിമാരോടുള്ള സമ്പര്‍ക്കം ഊഷ്മളമാക്കിയവരായിരുന്നു പ്രവാചകന്മാരും സന്തതസഹചാരികളും. മുലകുടി ബന്ധത്തിലൂടെ മുഹമ്മദ് നബി(സ) തങ്ങളുടെ സഹോദരിയായിരുന്ന ശൈമാഅ് ബിന്‍തുല്‍ ഹാരിസ്(റ) പ്രവാചക സവിധത്തിലെത്തിയപ്പോള്‍ തിരിച്ചറിഞ്ഞ നബി തങ്ങള്‍ അവരെ സ്വാഗതം ചെയ്ത് തന്റെ മേല്‍മുണ്ട് വിരിച്ച് ഇരിപ്പിടമൊരുക്കിയതും തങ്ങളുടെ നയനങ്ങള്‍ ഈറനണിഞ്ഞതും ഹദീസ് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അവരോട് തങ്ങള്‍ പറഞ്ഞു: കുടുംബത്തിലേക്ക് തിരിച്ചു പോകാനാണ് താല്‍പര്യമെങ്കില്‍ ഞാന്‍ കൂട്ടിക്കൊണ്ടു പോകാം. അല്ലെങ്കില്‍, എന്റെയടുക്കല്‍ ആദരണീയ സ്‌നേഹിതയായി താമസിക്കാം. അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും തങ്ങള്‍ അവള്‍ക്ക് ധാരാളം ഒട്ടകങ്ങളും ആടുകളും മറ്റു വിഭവങ്ങളും നല്‍കി ആദരിക്കുകയും ചെയ്തു.
നബി തങ്ങളില്‍നിന്നു പഠിച്ചതു തന്നെ സ്വഹാബാക്കളും അവരുടെ സഹോദരിമാരോട് അനുവര്‍ത്തിച്ചു. പിതാവെന്നോണം അവരുടെ സംരക്ഷണം അവര്‍ ഏറ്റെടുത്തു. ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു. താല്‍പര്യങ്ങളറിഞ്ഞ് പ്രവര്‍ത്തിച്ചു. ഗുണകാംക്ഷികളായി നില കൊണ്ടു. ജാബിര്‍ ബിന്‍ അബ്ദുല്ല(റ)വിന്റെ പിതാവ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒമ്പത് സഹോദരിമാരുടെ ഭാരമേറ്റെടുക്കേണ്ടി വന്നു. എല്ലാവരും ചെറുപ്രായക്കാരികള്‍.
അതിനാല്‍, ഭാര്യയായി ഒരു കന്യകയെ തെരഞ്ഞെടുക്കുന്നതിന് പകരം സഹോദരിമാരുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്ന ഒരു സ്ത്രീയെയാണ് അദ്ദേഹം വിവാഹം കഴിച്ചു കൊണ്ടു വന്നത്. വിവരമറിഞ്ഞ നബി (സ) ജാബിര്‍(റ)ന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ഥിച്ചു. തന്റെ താല്‍പര്യങ്ങളേക്കാള്‍ സഹോദരിമാരുടെ താല്‍പര്യത്തിന് പ്രാമുഖ്യം നല്‍കിയ ജാബിര്‍(റ) നല്ലൊരു മാതൃക തന്നെ. പെണ്‍മക്കള്‍ക്കിടയിലും സഹോദരിമാര്‍ക്കിടയിലും തന്റെ അനന്തര സ്വത്ത് വീതം വയ്ക്കുന്നതില്‍ ജാബിര്‍(റ) പ്രവാചകരോട് ഫത്‌വ ചോദിക്കുന്ന സന്ദര്‍ഭത്തിലാണ് സഹോദരിയുടെ നിര്‍ണിത വിഹിതം വ്യക്തമാക്കി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതു തന്നെ.
മികവുറ്റ സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കി സഹോദരിമാരുടെ മനസ്സ് സന്തോഷിപ്പിക്കണം. അവരുടെ മനസ്സുകള്‍ വിഷമിപ്പിക്കുന്ന കുത്തുവാക്കുകളുപയോഗിക്കുകയോ ബന്ധം വഷളാക്കുന്ന പെരുമാറ്റങ്ങളുണ്ടാക്കുകയോ ചെയ്യരുത്. സഹോദരീസഹോദര ബന്ധം സുദൃഢമാവാനും അതിന് ഊര്‍ജവും പോഷണവും നിരന്തരം ലഭ്യമാവാനും വേണ്ടുന്ന സമൃദ്ധമായ സമ്പര്‍ക്കങ്ങള്‍ നിലനില്‍ക്കണം. അതിലേക്ക് പ്രേരണ നല്‍കി പ്രവാചക തിരുമേനി(സ) പറഞ്ഞു. കൊടുക്കുന്നവന്റെ കൈയാണ് ഉന്നതം. നിനക്ക് ബാധ്യതയുള്ളവരില്‍നിന്ന് നീ തുടങ്ങണം. നിന്റെ ഉമ്മ, ഉപ്പ, സഹോദരി, സഹോദരന്‍ പിന്നെ അതിനടുത്തവര്‍, അടുത്തവര്‍ അങ്ങനെ…(നസാഈ).
കണ്ടോ, മാതാപിതാക്കള്‍ക്കു ശേഷം സഹോദരിയെയാണ് തങ്ങള്‍ പറഞ്ഞത്. മകളെപ്പോലെ പെങ്ങളെയും കാണാനാവണം. നബി തങ്ങള്‍ അങ്ങനെ തന്നെയാണ് പറഞ്ഞത്: രണ്ടു പെണ്‍മക്കള്‍ക്കോ രണ്ടോ മൂന്നോ സഹോദരിമാര്‍ക്കോ അവരുടെ വിവാഹം കഴിയും വരേക്കോ അല്ലെങ്കില്‍ തന്റെ മരണം വരേക്കോ ഒരാള്‍ ചെലവിന് നല്‍കിയാല്‍ ഞാനും അവനും ഇപ്രകാരമായിരിക്കും എന്ന് പറഞ്ഞുകൊണ്ട് തങ്ങള്‍ തന്റെ നടുവിരലും ചൂണ്ടു വിരലും ചേര്‍ത്തു പിടിച്ചു (അഹ്മദ്). അഥവാ, അവന്‍ സ്വര്‍ഗത്തില്‍ നബി തങ്ങളുടെ കൂട്ടുകാരനാണ്. അത്യുന്നത പദവിയിലാണവന്‍.
പ്രതിസന്ധികളില്‍ സഹായിച്ചും പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിച്ചും പെങ്ങള്‍ക്ക് ആങ്ങള ശക്തി പകരണം. സാന്ത്വനമേകണം. സഹോദരനാണ് ഒരു പെണ്ണിന്റെ പവറും പ്രൗഢിയും. തന്റെ തല ഉയര്‍ത്തിപ്പിടിക്കാന്‍ അവള്‍ക്ക് ആങ്ങളയാണ് തണിയും തുണയും.
മഅ്ഖില്‍ ബിന്‍ യസാര്‍(റ)ന്റെ സഹോദരിക്ക് വിവാഹ പ്രായമെത്തി. ആലോചനകള്‍ പലത് വന്നു. ഏറെ അനുയോജ്യനും അവളെ നല്ല നിലയില്‍ സംരക്ഷിക്കുന്നവനുമായ ഭര്‍ത്താവിനെ തേടി തകൃതിയായ അന്വേഷണം നടത്തി. പിതൃവ്യപുത്രന്‍ തന്നെ സന്നദ്ധനായി വന്നപ്പോള്‍ അദ്ദേഹം സന്തോഷപൂര്‍വം സഹോദരിയെ വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍, ആ ബന്ധം ഏറെ നിലനിന്നില്ല. തിരിച്ചെടുക്കാനാകും വിധം അദ്ദേഹം അവളെ മൊഴി ചൊല്ലി. ദീക്ഷാകാലം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് വീണ്ടും വിവാഹാലോചനകള്‍ വന്നു തുടങ്ങി.
കൂട്ടത്തില്‍ ആദ്യ ഭര്‍ത്താവും വന്നു. മഅ്ഖില്‍ അദ്ദേഹത്തോട് പറഞ്ഞു: എന്റെ ആദരണീയയായ പൊന്നു പെങ്ങളെ ഞാന്‍ നിനക്ക് വിവാഹം ചെയ്തു തന്നിട്ട് നീ അവളെ മൊഴി ചൊല്ലിയല്ലോ, എന്നിട്ടിപ്പോള്‍ വീണ്ടും വിവാഹാലോചനയുമായി വന്നിരിക്കുന്നു. ഇല്ലെടോ. അല്ലാഹുവാണേ, ഇനിയൊരിക്കലും അവളെ ഞാന്‍ നിനക്ക് വിവാഹം ചെയ്തു തരില്ല. എന്നാല്‍, അന്നേരം വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു: നിങ്ങള്‍ സ്ത്രീകളെ വിവാഹ മോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി വിവാഹത്തിലേര്‍പ്പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല (അല്‍ബഖറ 232).
മഅ്ഖില്‍ ബിനു യസാര്‍(റ) പറയുകയാണ്, ഈ വചനം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: എന്റെ നാഥന് ഞാന്‍ ചെവി കൊടുത്തിരിക്കുന്നു. അനുസരിച്ചിരിക്കുന്നു.
സഹോദരിയുടെ സംരക്ഷണം ഉറപ്പുവരുത്താനും അവകാശങ്ങള്‍ നേടിക്കൊടുക്കാനും ആദരവുകള്‍ വകവച്ചു കൊടുക്കാനും സ്വഹാബാ കിറാം ഔത്സുക്യം കാണിച്ചു. സഹോദരി മരിച്ചു കഴിഞ്ഞാല്‍ ആ ബന്ധം വിഛേദിക്കാന്‍ അവര്‍ തയാറായില്ല. അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും ഭര്‍ത്താവിനോടും സന്താനങ്ങളോടും ബന്ധം നിലനിര്‍ത്തിയും നല്ല ആങ്ങളമാരാവാന്‍ അവര്‍ ശ്രമിച്ചു.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു- പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്നു പറഞ്ഞു: എന്റെ പെങ്ങള്‍ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കിയിരുന്നു. പക്ഷേ, അവര്‍ മരിച്ചുപോയി. തങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു: അവള്‍ക്ക് കടമുണ്ടായിരുന്നെങ്കില്‍ നീ അത് വീട്ടുമായിരുന്നില്ലേ. എന്നാല്‍, നീ അത് നിറവേറ്റുക. അത് നിര്‍വഹിക്കപ്പെടാന്‍ ഏറെ ബാധ്യസ്ഥമായതാണ് (ബുഖാരി).
സഹോദരിയുടെ മകനെ സ്വന്തം മകന്റെ സ്ഥാനത്ത് കാണാന്‍ നബി തങ്ങള്‍ പഠിപ്പിച്ചു: അനസ് ബിന്‍ മാലിക് (റ) പറയുന്നു- നബി (സ) അന്‍സ്വാറുകളെ വിളിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ നിങ്ങളില്‍ നിന്നുള്ളവരല്ലാത്ത ആരെങ്കിലുമുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല, ഞങ്ങളുടെ സഹോദരിയുടെ പുത്രനൊഴികെ. തിരുദൂതര്‍ (സ) പറഞ്ഞു: ഒരു ജനതയുടെ സഹോദരീ പുത്രന്‍ അവരില്‍ നിന്നുള്ളവന്‍ തന്നെയാണ് (ബുഖാരി, മുസ്‌ലിം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."