കാട്ടാനശല്യം തുടര്‍ക്കഥ; മുണ്ടൂരിലെ സൗരോര്‍ജവേലി പദ്ധതി കടലാസില്‍
കാട്ടാനകളുടെ ശല്യം നിയന്ത്രിക്കാനായി കൊണ്ടുവന്ന കുംകിയാന പദ്ധതിയും അവതാളത്തിലായി. രണ്ടു കുങ്കിയാനകളെത്തുന്നതിനു പകരം ഒന്നുവന്നെങ്കിലും ഇതിനു നാളുകള്‍ കഴിഞ്ഞതോടെ മദം പൊട്ടിയതും പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ്.
മുണ്ടൂര്‍: ജില്ലയില്‍ കാലങ്ങളായി കാട്ടനശല്യം തുടര്‍ക്കഥയാവുന്ന മുണ്ടൂര്‍ മേഖലയില്‍ സൗരോര്‍ജ്ജ വേലിയും തെരുവുവിളക്കുകളും സ്ഥാപിക്കല്‍ ഫയലുകളിലുറങ്ങുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇവിടെ കാട്ടാനകള്‍ നിരവധി പോരുടെ ജീവനെടുത്തു കഴിഞ്ഞു.
സ്ഥിരം ശല്യക്കാരായ കാട്ടുകൊമ്പന്‍മാരുടെ സ്ഥിരം സഞ്ചാരപാതയായ മുണ്ടൂര്‍ മേഖലയില്‍ സുരക്ഷാ സംവിധാനമില്ലാത്തതാണ് അനുദിനം ഇവിടെ നിരപരാധികളുടെ ജീവന്‍ ബലായാടാകുന്നത്. വേലിക്കാട്, പനംതോട്ടം, മുണ്ടൂര്‍, വള്ളിക്കാട്, കമ്പ എന്നീ പ്രദേശങ്ങളുള്‍പ്പെടുന്ന വനം മേഖലയകളില്‍ കഴിഞ്ഞ 10 വര്‍ഷമായി ആനകളുടെ ശല്യം തുടര്‍ക്കഥയാണ്. റബ്ബര്‍ത്തോട്ടങ്ങള്‍ വ്യാപകമായ മുണ്ടൂര്‍ മേഖലയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ പലപ്പോഴും തലനാരിഴക്കാണ് കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെടുന്നത്. കാട്ടാനശല്യം തുടര്‍ക്കഥയായ മുണ്ടൂര്‍ മേഖലയില്‍ സൗരോര്‍ജ്ജ വേലിയും തെരുവുവിളക്കുകളും സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം നടപ്പാക്കുന്നതിന് ഒച്ചിന്റെവേഗത നയമായി സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണങ്ങളുയരുന്നത്. വള്ളിക്കോട് മാസങ്ങള്‍ക്കു മുമ്പാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സമീപത്ത് പനംതോട്ടത്തിനു പുറമെ മീന്‍കുളം ഗ്രാമത്തിലും കാട്ടാന ഭീക്ഷണിയുണ്ട്. കാട്ടാനശല്യം പതിവാകുന്ന മുണ്ടൂര്‍ മേഖലയില്‍ പ്രദേശവാസികളുടെ പ്രതിക്ഷേധങ്ങള്‍ക്കൊടുവില്‍ മുണ്ടൂര്‍ പഞ്ചായത്ത് അധികൃതരും മലമ്പുഴ എംഎല്‍എ യും പ്രദേശത്ത് സൗരോര്‍ജ്ജ വേലിയും തെരുവുവിളക്കുകളും സ്ഥാപിക്കാമെന്നു പറഞ്ഞെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് നടപടിയുണ്ടായത്. മുണ്ടൂര്‍ മേഖലയില്‍ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ 150 ഓളം തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്നായിരുന്നു ജനകീയാവശ്യം. ദേശീയ-സംസ്ഥാന പാതകളായിട്ടും വേലിക്കാട്, മുണ്ടൂര്‍-കൂട്ടുപാത ഭാഗത്ത് മിക്കയിടങ്ങളും തെരുവു വിളക്കുകള്‍ ഇല്ലതാനും. ജനുവരി ആദ്യവാരം കാട്ടാന ശല്യത്തില്‍ കൊല്ലപ്പെട്ട വാസുവിന്റെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. വെട്ടത്ത് ചന്ദ്രന്റെ ഭാര്യയും മകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടാനകളുടെ ശല്യം നിയന്ത്രിക്കാനായി കൊണ്ടുവന്ന കുങ്കിയാന പദ്ധതിയും അവതാളത്തിലായി. രണ്ടു കുംകിയാനകളെത്തുന്നതിനു പകരം ഒന്നുവന്നെങ്കിലും ഇതിനു നാളുകള്‍ കഴിഞ്ഞതോടെ മദം പൊട്ടിയതും പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ധോണി വനമേഖലകളില്‍ നിന്നും കുടിയിറക്കുന്ന കൊമ്പന്‍മാര്‍ വേലിക്കാട്, മുണ്ടൂര്‍ വഴിക്കാണ് പറളി, പെരുങ്ങോട്ടുകുറിശ്ശി ഭാഗങ്ങളിലേയ്ക്ക് കയറുന്നത്.
ജില്ലയില്‍ പ്രധാനമായും കാട്ടു കൊമ്പന്‍മാരുടെ വിഹാര കേന്ദ്രമാണ് മുണ്ടൂര്‍, മലമ്പുഴ, കഞ്ചിക്കോട്, വാളയാര്‍ എന്നിരിക്കെ, ഇവിടങ്ങളിലായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാത്രം മരിച്ചത് നിരവധി പേരാണ്. എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രം കോലാഹലങ്ങളൊഴിവാക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നാളുകള്‍ കഴിഞ്ഞാല്‍ എല്ലാം കടലാസിലൊതുങ്ങും. ഊണും ഉറക്കവുമില്ലാതെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്തെ ഇവിടുത്തെ കുടുംബങ്ങള്‍ കാട്ടാന ഭീതിയില്‍ നാളുകള്‍ തള്ളിനീക്കുകയാണ്. കൊമ്പന്‍മാരുടെ സൈ്വരവിഹാരത്തില്‍ വര്‍ഷാ വര്‍ഷങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിയുമ്പോഴും കാട്ടാന ഭീതിയുള്ള മേഖലകളില്‍ സൗരോര്‍ജ്ജ വേലിയും തെരുവു വിളക്കുകളും സ്ഥാപിക്കല്‍ പഴങ്കഥകളാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."