അടഞ്ഞ കേരളത്തെ ക്ഷമയോടെ തരണം ചെയ്യുക
ചരിത്രത്തിലാദ്യമായി കേരളത്തിന്റെ വാതിലുകളെല്ലാം കൊട്ടിയടച്ചിരിക്കുകയാണ്. ഒട്ടും പരിചിതമല്ലാത്ത ഒരവസ്ഥയിലാണിപ്പോള്‍ കേരളം കഴിയുന്നത്. കൊവിഡ്- 19നെ പ്രതിരോധിക്കുന്ന അവസാന ഘട്ടത്തില്‍ ഇന്ത്യയും അതിന്റെ ഭാഗമായി കേരളവും എത്തിയിരിക്കുകയാണ്.
അതീവ ദുര്‍ഘടമായ ഈ കാലത്തെ വിജയപൂര്‍വം തരണം ചെയ്യാനാണ് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. കേരളമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നില്ല. എന്നാല്‍ കാസര്‍കോട്ട് പുതുതായി 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗം സമൂഹവ്യാപനത്തിലേക്കു പോകുകയാണോ എന്ന ആശങ്കയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അതാകട്ടെ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യം വച്ചുള്ളതുമാണ്.
ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാരിനോട് സര്‍വാത്മനാ സഹകരിക്കുകയാണു വേണ്ടത്. ലോക്ഡൗണ്‍ അവസാനിക്കുന്നതു വരെ നമ്മള്‍ വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുകയാണെങ്കില്‍ ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയെ നമുക്കു പിടിച്ചുകെട്ടാം. ആരോഗ്യപ്രവര്‍ത്തകരോടും ജില്ലാ ഭരണകൂടങ്ങളോടും പൊലിസിനോടും പൂര്‍ണമായി സഹകരിക്കുകയാണു വേണ്ടത്. എല്ലാം നമ്മുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണെന്ന ബോധം ഓരോ പൗരനുമുണ്ടായാല്‍ ആശാ വര്‍ക്കര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും ആരും തട്ടിക്കയറുകയില്ല.
കേരളം ഇത്തരമൊരു അനിവാര്യമായ നിയന്ത്രണത്തിലാകുമ്പോള്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് അതിനോടു സമരസപ്പെടുക എന്നതു തന്നെയാണ് മുന്നിലുള്ള മാര്‍ഗം. പലയിടങ്ങളില്‍ നിന്നുമുണ്ടായ നിസ്സഹകരണം കാരണമാണ് സര്‍ക്കാരിന് അഭ്യര്‍ഥന മാറ്റിവച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്കു കടക്കേണ്ടിവന്നത്.
ആദ്യം കാസര്‍കോട് ജില്ല മാത്രം അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്ഥിതി വഷളാകാന്‍ സാധ്യതയുണ്ടെന്നു മുന്‍കൂട്ടി കണ്ടാണ് കേരളമൊട്ടാകെ അടച്ചിടാന്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ നിന്ന് രോഗം റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ടും അവിടെയും ലോക്ഡൗണ്‍ നടപ്പിലാക്കിയത് മുന്‍കരുതലിന്റെ ഭാഗമായാണ്.
സമ്പൂര്‍ണമായ അടച്ചിടല്‍ സാധാരണക്കാരെ സംബന്ധിച്ചും നിത്യക്കൂലിക്കാരായ തൊഴിലാളികളെ സംബന്ധിച്ചും ക്ലേശകരമാണ്. വരുമാനം നിലയ്ക്കുകയും പുറത്തേക്കു പോകാനുള്ള സാഹചര്യം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ അവരുടെ നില പരുങ്ങലിലാകും. ഇതു പരിഹരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കപ്പെടണം. രോഗവ്യാപനം തടയുന്നതിന്റെ പേരില്‍ ഒരു കുടുംബവും പട്ടിണികിടക്കരുത്.
പലചരക്കു കടകളും മറ്റു നിത്യോപയോഗ വസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ തുറന്നു പ്രവര്‍ത്തിക്കുമെന്നത് ആശ്വാസകരമാണ്. ഇതുവഴി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി വിപണിയില്‍ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നതും അതുമൂലം വിലക്കയറ്റമുണ്ടാാകുന്നതും തടയാനാവും.
ബാറുകള്‍ പൂട്ടിയിടാന്‍ തീരുമാനിച്ച സ്ഥിതിക്ക് ബെവ്‌കൊയുടെ ചില്ലറവില്‍പന ഔട്ട്‌ലെറ്റുകളും പൂട്ടിയിടാന്‍ സര്‍ക്കാര്‍ തയാറാകണം. മദ്യം നിത്യോപയോഗ വസ്തുവല്ലല്ലോ. മാത്രമല്ല കൊവിഡ്- 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശശുദ്ധിയില്‍ പൊതുജനത്തിനു സംശയങ്ങളുയരാന്‍ അതു കാരണവുമാകും. അടച്ചിട്ട കേരളത്തിന്റെ മദ്യഷാപ്പുകള്‍ക്കു മുമ്പില്‍ മാത്രം ജനങ്ങള്‍ കൂടിനില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍ മാത്രമേ ഉപകരിക്കൂ.
യാത്രാനിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ ചരക്കുവാഹനങ്ങളുടെ ഗതാഗതത്തിനു തടസ്സമുണ്ടാകരുത്. കേരളത്തിനാവശ്യമായ നിത്യോപയോഗ വസ്തുക്കളെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നാണു വരുന്നത്. ഇങ്ങനെ എത്തുന്ന ലോറികള്‍ തിരികെ പോകുമ്പോള്‍ അതിലെ ഡ്രൈവര്‍മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിനാല്‍ ചരക്കുഗതാഗതം തടസ്സപ്പെടാനിടയുണ്ട്. ഇതു പരിഹരിക്കാന്‍ ലോറികളില്‍ ബദല്‍ ഡ്രൈവര്‍മാരെ നിയോഗിക്കുന്നത് ഉചിതമായിരിക്കും.
മറ്റു രാഷ്ട്രങ്ങളില്‍ പലതും ഇതിനകം കോടിക്കണക്കിനു ഡോളറാണ് ആരോഗ്യ വകുപ്പിനു നീക്കിവച്ചത്. എന്നാല്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് കിണ്ണത്തില്‍ മുട്ടാന്‍ പറഞ്ഞതല്ലാതെ കാര്യമായ സാമ്പത്തിക പാക്കേജുകളൊന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടില്ല.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പരീക്ഷണത്തെയാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സഹജീവികള്‍ക്കു നേരെ കരുണക്കടലായി നമ്മള്‍ ഒഴുകേണ്ട സമയം. അടച്ചുപൂട്ടിക്കഴിയുന്ന അടുത്ത വിട്ടിലെ സ്ഥിതിയറിയാന്‍ നമ്മള്‍ ബാധ്യസ്ഥരും കടപ്പെട്ടവരുമാണ്.
ഏതു വെല്ലുവിളിയെയും നമ്മള്‍ സമചിത്തതയോടും ക്ഷമയോടും കൂടി അഭിമുഖീകരിച്ചു വിജയിക്കുക തന്നെ ചെയ്യും. അതിനായി സര്‍ക്കാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും പൊലിസുമായും ആത്മാര്‍ത്ഥതയോടെ സഹകരിക്കുക. ഓര്‍ക്കുക, അവര്‍ നമ്മുടെ നന്മയ്ക്കും ജീവന്‍ നിലനിര്‍ത്താനുമാണ് അവിരാമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."