വിദ്യാര്‍ഥികളുടെ ടി.സിയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും സ്കൂള്‍ അധികൃതര്‍ തടഞ്ഞു
തൃപ്രയാര്‍: സ്കൂളിന്റെ ചുമരില്‍ പേരെഴുതിയതിന് പത്താം ക്ലാസ് പാസായ അഞ്ച് വിദ്യാര്‍ഥികളുടെ ടി.സിയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും സ്കൂള്‍ അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പരാതി. വലപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
പി.കെ അജ്മല്‍, പി.എന്‍ റാഫി, ടി.വി ഷിഹാസ്, സി.എസ് സ്മിജിത്ത്, വി.എച്ച് സമദ് എന്നിവര്‍ക്കാണ് ടി.സിയും സര്‍ട്ടിഫിക്കറ്റും നല്‍കാതെ അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് ബുദ്ധിമുട്ടിക്കുന്നതായി പറയുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിനൊടുവില്‍ സ്കൂള്‍ ചുമരില്‍ ഏതാനും വിദ്യാര്‍ഥികള്‍ പേരെഴുതി വച്ചിരുന്നു. എന്നാല്‍ ഇതില്‍ ചില വിദ്യാര്‍ഥികളെ ഒഴിവാക്കി ഇപ്പോള്‍ പരാതിപ്പെട്ട അഞ്ച് വിദ്യാര്‍ഥികളില്‍ അധ്യാപകര്‍ കുറ്റം ചുമത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷയും സെന്റ്ഓഫും കഴിഞ്ഞ് ചുമരില്‍ എഴുതിയ പേരുകള്‍ മായ്ച്ചു കളയണമെന്ന അധ്യാപകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഈ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ചുമരില്‍ വെള്ളപൂശി പേരുകള്‍ മായ്ച്ചു കളഞ്ഞിരുന്നു. ഇതിനിടെ സ്കൂളിലെ വാഴകളും ചെടിച്ചട്ടികളും നശിപ്പിച്ചെന്ന് വിദ്യാര്ഥികള്ക്കെതിരേ അധ്യാപകരും പി.ടി.എയും പൊലിസില്‍ കള്ള പരാതി നല്‍കിയതായി രക്ഷിതാക്കളും കുട്ടികളും പറഞ്ഞു.
ടി.സിയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും നല്‍കാതെ തടഞ്ഞുവച്ച വിഷയത്തില്‍ ചാവക്കാട് ഡി.ഇ.ഒ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മുറ്റി കഴിഞ്ഞ ദിവസം കുട്ടികളുടെ മൊഴിയെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."