കൊവിഡ്-19: ആശ്വാസമായി പൊലിസ് സേന
കോഴിക്കോട്: കൊവിഡ് 19 ഭീതി സംസ്ഥാനമൊന്നാകെ നിറഞ്ഞുനില്‍ക്കേ ജനങ്ങള്‍ക്ക് ആശ്വാസമായി മാറുകയാണ് കേരള പൊലിസ്. ആശ്വാസമേകുന്നതിനൊപ്പം ശാസിക്കേണ്ടവരെ ശാസിച്ചും നിറഞ്ഞുനില്‍ക്കുന്ന പൊലിസിനെയാണ് എങ്ങും കാണാനാവുന്നത്. രോഗ വ്യാപനം തടയുന്നതിനായി കൃത്യമായ ബോധവത്ക്കരണങ്ങള്‍ നല്‍കിയും തുടക്കം മുതല്‍ തന്നെ അവര്‍ മുന്നിലുണ്ട്. ഇപ്പോഴിതാ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൊറോണ സെല്ലുകളൊരുക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് പൊലിസ് ഒരുക്കുന്നത്.
ഓരോ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളെ സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയാണ് ഈ സെല്ലുകളിലൂടെ. കൂടാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ആരോഗ്യസ്ഥിതിയും യാത്രാ വിവരങ്ങളും അന്വേഷിച്ച് രേഖപ്പെടുത്തുന്നുമുണ്ട്. ഈ വിവരങ്ങള്‍ കമ്മിഷണര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ സെല്ലിലേക്ക് കൈമാറും. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങളും ഇത്തരത്തില്‍ രേഖപ്പെടുത്തും.
ജനമൈത്രി പൊലിസിന്റെ സേവനമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. ഏഴ് ഉദ്യോഗസ്ഥരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
വീടുകള്‍ കയറിയിറങ്ങിയും പൊലിസ് ബോധവത്കരണം നടത്തുന്നുണ്ട്. രണ്ട് സ്ഥിരം ജനമൈത്രി പൊലിസുകാരും രണ്ട് അഡീഷ്ണല്‍ പൊലിസുമുള്‍പ്പെടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. സോഷ്യല്‍ മീഡിയ വഴി പൊലിസ് നല്‍കുന്ന ബോധവല്‍ക്കരണങ്ങള്‍ക്ക് വലിയ പിന്തുണയാണ് പൊതുജങ്ങളില്‍നിന്ന് ലഭിക്കുന്നത്. അതേസമയം തന്നെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കര്‍ശനമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."