ഓഹരി വിപണി മൂക്കുകുത്തുന്നു; പങ്കാളിത്ത പെന്‍ഷന്‍കാര്‍ അങ്കലാപ്പില്‍
കല്‍പ്പറ്റ: കൊവിഡ്-19 ഭീതിയില്‍ ഓഹരി വിപണി മൂക്കുകുത്തുമ്പോള്‍ സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കനത്ത നഷ്ടം. കഴിഞ്ഞ രണ്ടാഴ്ചയായി പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് പ്രതിദിനം 2,000 മുതല്‍ 8,000 വരെ രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.
ഒരാഴ്ചയ്ക്കിടെ ഓരോ ജീവനക്കാരനും 15,000 മുതല്‍ 25,000 വരെ രൂപയുടെ നഷ്ടം വന്നതായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ള ജീവനക്കാരുടെ സംഘടനയായ സ്റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കലക്ടീവ് കേരളയുടെ ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജീവനക്കാരില്‍ പലര്‍ക്കും നഷ്ടമായത് ആറും ഏഴും മാസം ഷെയര്‍ മാര്‍ക്കറ്റിലേക്കു സര്‍ക്കാര്‍ പിടിക്കുന്നതിനു തുല്യമായ തുകയാണ്.
നിലവില്‍ 1.25 ലക്ഷത്തില്‍പരം ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാണ്. അഞ്ചും ആറും വര്‍ഷം സര്‍വിസുള്ള ജീവനക്കാര്‍ക്കു നാലും അഞ്ചും ലക്ഷം രൂപയാണ് നിക്ഷേപമായുള്ളത്. ഓഹരി വിപണിയിലെ അനിശ്ചിതത്വം എപ്പോള്‍ അവസാനിക്കുമെന്നറിയാത്ത സാഹചര്യത്തില്‍ വെറുംകൈയോടെ വിരമിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇവരില്‍ പലരും.
2013 ഏപ്രില്‍ ഒന്നു മുതല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയിലൂടെ വന്‍തുക ജീവനക്കാര്‍ക്കു ലഭിക്കുമെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം മറിച്ചായി അനുഭവം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പുനഃപരിശോധനാ സമിതി രൂപീകരിച്ചെങ്കിലും കമ്മിറ്റിയുടെ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ ഇടതു, വലതു സര്‍വിസ് സംഘടനകളും മൗനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."