ശുചിമുറിയില്‍ വൃദ്ധനെ മണിക്കൂറോളം പൂട്ടിയിട്ട് ജീവനക്കാരന് മുങ്ങി
വടകര: പഴയ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ പ്രാഥമികകര്‍മം നിര്‍വഹിക്കാനെത്തിയ വൃദ്ധനെ നഗരസഭാ ജീവനക്കാരന് പൂട്ടിയിട്ടു മുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണു ചേരാപുരം സ്വദേശി പൂക്കോയ തങ്ങള്‍ പണം നല്കി പ്രാഥമികകര്‍മം നിര്‍വഹിക്കാന്‍ ശുചിമുറിയില്‍ കയറിയത്. എന്നാല്‍ ഇയാള്‍ പുറത്തിറങ്ങുംമുന്പ് നഗരസഭാ കണ്ടിജന്‍സി ജീവനക്കാരനും ശുചിമുറിയുടെ ചുമതലയുമുള്ള രവീന്ദ്രന് എന്നയാളും പുറത്തുനിന്ന് ഗ്രില്‍സ് പൂട്ടിട്ട് പൂട്ടി മുങ്ങുകയായിരുന്നു.
ശുചിമുറിയില്‍ കുടുങ്ങിയ വൃദ്ധന് പുറത്തുകൂടി പോകുകയായിരുന്ന യാത്രക്കാരെ കാര്യം ധരിപ്പിച്ചെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് നഗരസഭാ ജെ.എച്ച്.ഐ രാജേഷ് സ്ഥലത്തെത്തി ഗ്രില്‍സിന്റെ പൂട്ടുതകര്‍ത്ത് വൃദ്ധനെ പുറത്തിറക്കിയത്. സ്ഥലത്തു തടിച്ചുകൂടിയ ജനങ്ങള്‍ ഉദ്യോഗസ്ഥനു നേരെ കയര്‍ത്തെങ്കിലും ഇദ്ദേഹം കൈമലര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരന് കൃത്യവിലോപം കാണിച്ചതായും ഇതുസംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജെ.എച്ച്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."